കാനഡയുടെ അതിവേഗ ഗോളിന് രണ്ടുതവണ തിരിച്ചടി; ക്രൊയേഷ്യ മുന്നിൽ
text_fieldsദോഹ: ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ അരങ്ങേറിയ ഗ്രൂപ്പ് എഫിലെ ക്രൊയേഷ്യ-കാനഡ പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ ക്രൊയേഷ്യ ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നിൽ. വിസിൽ മുഴങ്ങിയയുടൻ വല കുലുങ്ങിയ മത്സരത്തിൽ അൽഫോൻസോ ഡേവിസിലൂടെ കാനഡയാണ് ആദ്യം ഗോൾ നേടിയത്.
ഗോൾകീപ്പർ മിലൻ ബോർജാൻ നീട്ടിയടിച്ച പന്ത് ടാജൺ ബുക്കാനൻ പെനാൽറ്റി ബോക്സിലേക്ക് മറിച്ചുനൽകുമ്പോൾ കാത്തുനിന്ന അൽഫോൻസോ ഡേവിഡ് മനോഹരമായി വലയിലേക്ക് ഹെഡ് ചെയ്തിടുകയായിരുന്നു. അപ്പോൾ കളി തുടങ്ങിയിട്ട് 68 സെക്കൻഡേ ആയിരുന്നുള്ളൂ. എന്നാൽ, വർധിത വീര്യത്തോടെ പോരാടി രണ്ട് ഗോൾ തിരിച്ചടിച്ച് ക്രൊയേഷ്യ മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
ഇരുനിരയും ആക്രമിച്ച് മുന്നേറിയ പോരാട്ടം അത്യധികം ആവേശം നിറഞ്ഞതായിരുന്നു. 22ാം മിനിറ്റിലായിരുന്നു ക്രൊയേഷ്യയുടെ വല ലക്ഷ്യമാക്കിയുള്ള ആദ്യ ഷോട്ട് പിറന്നത്. എന്നാൽ, മാർകോ ലിവാജ തൊടുത്തുവിട്ട ഷോട്ട് കാനഡ ഗോൾകീപ്പർ പിടിച്ചെടുത്തു. നാല് മിനിറ്റിന് ശേഷം ക്രമാരിക് കാനഡയുടെ വല കുലുക്കിയെങ്കിലും ലൈൻ റഫറിയുടെ ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നിരുന്നു. 35ാം മിനിറ്റിലും ലിവാജയുടെ ഷോട്ട് കാനഡ ഗോൾകീപ്പർ തടഞ്ഞിട്ടു. എന്നാൽ, തൊട്ടടുത്ത മിനിറ്റിൽ ക്രമാരിക് അവരെ ഒപ്പമെത്തിച്ചു. തുടർന്നും ആക്രമിച്ചു കളിച്ച അവർക്കായി 44ാം മിനിറ്റിൽ രണ്ടാം ഗോളുമെത്തി. ജുറാനോവിക് നൽകിയ പാസ് ബോക്സിന് പുറത്തുനിൽക്കുകയായിരുന്ന മാർകോ ലിവാജ വലയിലേക്ക് തട്ടിയിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.