ചീറ്റ വേഗത്തിൽ ചാവേസിന്റെ 'പവർ ഗോൾ'
text_fieldsദോഹ: കുതിച്ചുപായുന്ന ചീറ്റയുടെ ശരാശരി വേഗം 110നും 120 കിലോമീറ്ററിനുമിടയിൽ. ഇതിന് സമാനമായിരുന്നു ലോകകപ്പ് ഗ്രൂപ് റൗണ്ടിൽ സൗദി അറേബ്യക്കെതിരെ മെക്സികോയുടെ മധ്യനിര താരം ലൂയി ചാവേസ് തൊടുത്തുവിട്ട ഒരു ഫ്രീകിക്ക് ഷോട്ടിന്റെ വേഗം. ഖത്തർ ലോകകപ്പ് ഫുട്ബാൾ ക്വാർട്ടർ ഫൈനലിലെ ആവേശകരമായ എട്ട് ടീം പോരാട്ടത്തിലെത്തിയപ്പോൾ ഫിഫ പുറത്തുവിട്ട കണക്കുകൾപ്രകാരം ലോകകപ്പിലെ ഏറ്റവും വേഗവും കരുത്തുമുള്ള ഗോളായി ചാവേസിന്റെ കിക്കിനെ തെരഞ്ഞെടുത്തു.
നവംബർ 30ന് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന കളിയുടെ 52ാം മിനിറ്റിലായിരുന്നു ലൂയി ചാവേസിന്റെ ബൂട്ടിൽനിന്ന് ഇടിമിന്നൽ വേഗത്തിൽ ഗോളിലേക്ക് പന്ത് കുതിച്ചത്.അൽരിഹ്ല പന്തിനുള്ളിൽ സ്ഥാപിച്ച സെൻസറുകൾ പ്രകാരം പന്തിന്റെ കുതിപ്പ് കണക്കാക്കിയപ്പോൾ മണിക്കൂറിൽ 121.69 കിലോമീറ്റർ വേഗം.സ്പെയിനിനെതിരെ ജപ്പാന്റെ റിസ്തു ദുവാൻ നേടിയ ഗോളാണ് പട്ടികയിൽ രണ്ടാമതെത്തിയത്. 120.04 കിലോമീറ്റർ വേഗത്തിലായിരുന്നു പന്ത് വലയിൽ പതിച്ചത്.
സ്പെയിനിനെതിരെ ജർമനിയുടെ നിക്ലാസ് ഫ്യൂൾക്രുഗ് നേടിയ ഗോൾ മൂന്നാമതും ഘാനക്കെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ തൊടുത്തുവിട്ട പെനാൽറ്റി നാലാമതായും ഹാരി കെയ്ൻ സെനഗാളിനെതിരെ നേടിയ ഗോൾ അഞ്ചാമതായും പട്ടികയിലുണ്ട്. ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പന്തായ അൽ രിഹ്ലക്കുള്ളിൽ ഘടിപ്പിച്ച സെൻസറാണ് പന്തിൽ കളിക്കാരന്റെ സ്പർശനക്കരുത്തും വേഗവും നിർണയിക്കാൻ സഹായിക്കുന്നത്.
പന്തിനുള്ളിലെ ഇനേർഷ്യൽ മെഷർമെൻറ് യൂനിറ്റ് (ഐ.എം.യു) വഴി സെക്കൻഡിൽ 500 ഡേറ്റ എന്ന നിലയിൽ പന്തിന്റെ ചലനം അടയാളപ്പെടുത്തി വിഡിയോ ഓപറേഷൻ യൂനിറ്റിലേക്ക് കൈമാറും. സെക്കൻഡിൽ 1.46 എന്ന അനുപാതത്തിലാണ് പന്തിന്റെ കറക്കം ഏറ്റവും വേഗത്തിലായി അടയാളപ്പെടുത്തിയത്.
32.85 മീറ്റർ
ലോകകപ്പിൽ 52 മത്സരങ്ങൾ പൂർത്തിയായപ്പോൾ ദൂരമേറിയഗോൾ മൊറോക്കോയുടെ ഹകിം സിഷയിന്റെ പേരിലാണ്. കാനഡക്കെതിരെ കളിയുടെ നാലാം മിനിറ്റിൽ 32.85 മീറ്റർ അകലെനിന്ന് കുറിച്ച ഗോൾ ടൂർണമെൻറിൽ ഇതുവരെ പിറന്ന ഏറ്റവും ദൈർഘ്യമേറിയ ഗോളായി അടയാളപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.