അർജന്റീന യുവതാരം എൻസോയെ പൊന്നുംവിലക്ക് വാങ്ങാൻ ചെൽസി; കൈമാറ്റ ചർച്ചകൾ തുടങ്ങി ബെൻഫിക്ക
text_fieldsഖത്തർ കളിമുറ്റങ്ങളിൽ ചാമ്പ്യൻ അർജന്റീനക്കായി ലയണൽ മെസ്സിക്കൊപ്പം നിറഞ്ഞാടിയ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസിനെ എന്തുവില കൊടുത്തും സ്വന്തമാക്കാൻ ചെൽസി. പോർച്ചുഗീസ് ക്ലബായ ബെൻഫിക്ക നിരയിൽ പന്തുതട്ടുന്ന 21കാരനെ സ്റ്റാംഫോഡ് ബ്രിഡ്ജിലെത്തിക്കാൻ ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ലോകകപ്പിന് മുന്നേ മുൻനിര പ്രിമിയർ ലീഗ് ക്ലബുകളുടെ കണ്ണുകളിലുണ്ടായിരുന്ന എൻസോ ഫെർണാണ്ടസ് അർജന്റീന കപ്പുയർത്തിയതോടെ അതിവേഗമാണ് സുപർ താര പരിവേഷത്തിലേക്കുയർന്നത്. ടീമിന്റെ മധ്യനിര എഞ്ചിനായി പ്രവർത്തിച്ച് അർജന്റീന മുന്നേറ്റങ്ങൾക്ക് ഗതിവേഗം നൽകിയ താരത്തിനായി ലിവർപൂൾ, മാഞ്ചസ്റ്റർ യുനൈറ്റഡ് ടീമുകളും രംഗത്തുണ്ടായിരുന്നു. എന്നാൽ, ക്ലബ് ആവശ്യപ്പെടുന്ന റെക്കോഡ് തുകയായ 10.6 കോടി പൗണ്ട് (10,61കോടി രൂപ) നൽകാനാകാതെ വന്നതോടെ ഇരുവരും പിൻവാങ്ങുകയായിരുന്നു.
ചെൽസിയുമായി പ്രാഥമിക ചർച്ചകൾ പ്രകാരം തുക കുറച്ചുനൽകാൻ ബെൻഫിക്ക തയാറായതായി റിപ്പോർട്ടുകൾ പറയുന്നു. പരിക്കിൽ വലയുന്ന എൻഗോളോ കാന്റെ, ജോർജിഞ്ഞോ എന്നിവരുടെ സാന്നിധ്യം തുലാസിലായതോടെ മധ്യനിരയിലെ കരുത്ത് കുറയുമെന്ന ആധി തീർക്കാനാണ് ഉയർന്ന വില നൽകി എൻസോയെ ടീമിലെത്തിക്കുന്നത്. കഴിഞ്ഞ ട്രാൻസ്ഫർ കാലത്ത് 30 കോടി പൗണ്ട് ചെലവിട്ട ക്ലബിൽ ആവശ്യമെങ്കിൽ കൂടുതൽ തുക നൽകാമെന്ന് ഉടമകൾ അറിയിച്ചിട്ടുണ്ട്.
കൂടുമാറ്റത്തെ കുറിച്ച് താരം പക്ഷേ, പ്രതികരിച്ചിട്ടില്ല. ‘‘എന്റെ ഭാവിയെ കുറിച്ചും പുതിയ നിർദേശങ്ങളെ കുറിച്ചും അറിയില്ല. അവയെല്ലാം എന്റെ പ്രതിനിധിയാണ് കൈകാര്യം ചെയ്യുന്നത്. അതിൽ കൂടുതൽ ഇടപെടാൻ ഞാനില്ല. ബെൻഫിക്ക നിരയിലാണ് ഇപ്പോൾ എന്റെ ശ്രദ്ധ’’- താരം പറഞ്ഞു.
ഖത്തർ ലോകകപ്പിന്റെ യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട എൻസോ ടീമിനായി എല്ലാ മത്സരങ്ങളിലും ബൂട്ടുകെട്ടിയിരുന്നു. ഒരു ഗോൾ നേടുകയും ഒരു അസിസ്റ്റ് നൽകുകയും ചെയ്തു. അർജന്റീനയിൽ ആഘോഷം കഴിഞ്ഞ് കഴിഞ്ഞ ദിവസം ബെൻഫിക്കയിൽ തിരിച്ചെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.