കോസ്റ്ററീകയെ വിലകുറച്ചു കാണരുത്
text_fieldsപ്ലേ ഓഫ് മത്സരത്തിൽ ന്യൂസിലൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ലോകകപ്പ് യോഗ്യത നേടിയ കോസ്റ്ററീകയും ഒരിക്കലെങ്കിലും ലോക കിരീടം ചൂടണമെന്ന മോഹവുമായാണ് ഖത്തറിലെത്തുന്നത്. സ്പെയിന്, ജര്മനി, ജപ്പാന് എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ് 'ഇ'യിലാണ് കോസ്റ്ററീകയുള്ളത്. നാലു ടീമുകളും ഒന്നിനൊന്ന് മികച്ചതായതിനാൽ ഗ്രൂപ് 'ഇ'യിലെ പോരാട്ടം കനക്കുമെന്നാണ് വിലയിരുത്തൽ. തുടർച്ചയായി മൂന്നാം തവണയാണ് ടീം ലോകകപ്പ് യോഗ്യത നേടുന്നത്. 2014ൽ ക്വാർട്ടർ ഫൈനൽ വരെ കളിച്ചെത്തിയ ടീം ഇത്തവണ മൈതാനത്ത് അടവുകൾ മാറ്റിയേക്കും. ഗോൾഡ് കപ്പിൽ മൂന്നു തവണ കിരീടം നേടിയിട്ടുണ്ട്. സ്പെയിനുമായാണ് ആദ്യ മത്സരം. രണ്ടാം മത്സരത്തിൽ കരുത്തരായ ജപ്പാനെയും മൂന്നാമതായി ജർമനിയെയും നേരിടും.
കുന്തമുന
ആക്രമണശൈലിയിൽ മൈതാനത്ത് പന്ത് തട്ടുന്ന ബ്രയാൻ റൂയിസാണ് ടീമിന്റെ നായകൻ. സ്ട്രൈക്കറായും മിഡ്ഫീൽഡറായും കളത്തിൽ നിറഞ്ഞു നിൽക്കുന്ന ഇദ്ദേഹത്തിലാണ് ആരാധകരുടെ പ്രതീക്ഷ. 2005 മുതൽ ദേശീയ ടീമിലുള്ള ബ്രയാൻ റൂയിസ് ഇതുവരെ 29 ഗോളുകൾ നേടിയിട്ടുണ്ട്. നിലവിൽ അലയുവലൻസ് ക്ലബിലാണ് പന്ത് തട്ടുന്നത്. എതിർ ടീമിനെ തങ്ങളുടെ ആക്രമണ ശൈലികൊണ്ട് ആദ്യംതന്നെ പിടിച്ചുകെട്ടാനായിരിക്കും ബ്രയാൻ പദ്ധതിയിടുക. തന്റെ സഹകളിക്കാർക്ക് മികച്ച അവസരങ്ങൾ ഒരുക്കാനും ഇദ്ദേഹത്തിനാവും.
ആശാൻ
കൊളംബിയയിൽ നിന്നുള്ള ലൂയിസ് ഫെർണാണ്ടോയാണ് ടീമിന്റെ ആശാൻ. കളിച്ചിരുന്ന കാലം ഇദ്ദേഹമൊരു പ്രതിരോധ താരമായിരുന്നു. 1991 മുതലാണ് പരിശീലന രംഗത്തേക്ക് ഇറങ്ങിയത്. ഇതുവരെ ടീമുകളെ പരിശീലിപ്പിച്ച പരിചയവും ലൂയിസിനുണ്ട്. 2021 മുതലാണ് കോസ്റ്ററീകയുടെ പരിശീലന ചുമതല ഏറ്റെടുത്തത്. ടീമിലെ പ്രതിരോധ താരങ്ങളെ ശക്തിപ്പെടുത്താനും നിർദേശം നൽകാനും ഇദ്ദേഹത്തിനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.