'ടീം തെരഞ്ഞെടുപ്പ് അഭിനന്ദനം അർഹിക്കുന്നു!'; നിശ്ശബ്ദത വെടിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ
text_fieldsസൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൈഡ് ബെഞ്ചിലിരുന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ സ്വിറ്റ്സർലൻഡിനെതിരെ പോർചുഗൽ നേടിയത് വമ്പൻ ജയം. ഒന്നിനെതിരെ ആറു ഗോളുകൾക്ക് സ്വിസ് പടയെ തരിപ്പണമാക്കിയാണ് പറങ്കിപ്പട അവസാന എട്ടിലേക്ക് ടിക്കറ്റെടുത്തത്.
2008നുശേഷം പോർചുഗൽ ആദ്യമായാണ് റൊണാൾഡോയെ കരക്കിരുത്തി കളത്തിലിറങ്ങുന്നത്. 31 മത്സരങ്ങളിൽ തുടർച്ചയായി ആദ്യ ഇലവിൽ റൊണാൾഡോ ഇടംപിടിച്ചിരുന്നു. ജയത്തിനു പിന്നാലെ ടീമിലെ സഹതാരങ്ങളെ അഭിനന്ദിച്ച് ക്രിസ്റ്റ്യാനോ രംഗത്തെത്തി. മത്സരത്തിലെ 73ാം മിനിറ്റിൽ ജാവോ ഫെലിക്സിനു പകരക്കാരനായാണ് സൂപ്പർതാരം കളത്തിലിറങ്ങുന്നത്. അപ്പോൾ സ്കോർ 5-1. 83ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ വലകുലുക്കിയെങ്കിലും ലൈൻസ്മാൻ ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി.
ഇൻസ്റ്റഗ്രാമിലൂടെയാണ് ക്രിസ്റ്റ്യാനോ സഹതാരങ്ങളെ അഭിനന്ദിച്ചത്. 'ലോക ഫുട്ബാളിലെ ഏറ്റവും വലിയ മത്സരത്തിൽ ചരിത്രപരമായ ഫലവുമായി പോർചുഗലിന് അവിശ്വസനീയമായ ദിവസം. പ്രതിഭയും യുവത്വവും നിറഞ്ഞ ടീമിന്റെ ആഡംബര പ്രദർശനം. ഞങ്ങളുടെ തെരഞ്ഞെടുപ്പ് അഭിനന്ദനം അർഹിക്കുന്നു. സ്വപ്നം ജീവനുള്ളതാണ്! അവസാനം വരെ! ശക്തി, പോർചുഗൽ!' -താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നേരത്തെ, വെറ്ററൻ താരം പെപ്പെ ടീമിന്‍റെ രണ്ടാം ഗോൾ നേടിയപ്പോൾ സൈഡ് ബെഞ്ചിലിരുന്ന ക്രിസ്റ്റ്യാനോ താരത്തെ അഭിനന്ദിക്കാനായി ഓടിയെത്തിയത് മത്സരത്തിലെ വൈകാരിക കാഴ്ചകളിൽ ഒന്നായി. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിന്‍റെ 65ാം മിനിറ്റിൽ പിൻവലിച്ചതിൽ റൊണാൾഡോ പരിശീലകനോട് കുപിതനായിരുന്നു. താരത്തിന്‍റെ പെരുമാറ്റം ഇഷ്ടമായില്ലെന്ന് അന്ന് പരിശീലകൻ തുറന്നുപറയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.