ക്രിസ്റ്റ്യാനോയെ പുറത്താക്കാൻ നിയമവഴി തേടി യുനൈറ്റഡ്
text_fieldsലണ്ടൻ: ഏഴു മാസം ഇനിയും കരാർ ബാക്കിനിൽക്കെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്താക്കാൻ നിയമവഴി തേടി മാഞ്ചസ്റ്റർ യുനൈറ്റഡ്. ആഴ്ചക്ക് അഞ്ചു ലക്ഷം പൗണ്ട് (അഞ്ചു കോടിയോളം രൂപ) പ്രതിഫലം നിരക്കിലാണ് താരത്തെ യുനൈറ്റഡ് നിലനിർത്തുന്നത്. ഇത്രയും ഉയർന്ന തുക നൽകി ഇനിയും നിലനിർത്തേണ്ടതില്ലെന്നാണ് ക്ലബിന്റെ തീരുമാനമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അടുത്ത ജനുവരിയിൽ വീണ്ടും ട്രാൻസ്ഫർ ജാലകം തുറക്കുമ്പോൾ പോർച്ചുഗീസ് താരത്തെ ആർക്കും വാങ്ങാവുന്ന നിലക്ക് വിട്ടുനൽകാൻ ക്ലബിനാകും. അതിനു മുമ്പ് താരവുമായുള്ള കരാർ റദ്ദാക്കുന്നതാണ് പരിഗണനയിലുള്ളത്. സീസൺ രണ്ടാം പകുതിയിലേക്ക് കടക്കുംമുമ്പ് താരത്തെ മാത്രമല്ല, വിഷയവും അവസാനിപ്പിക്കാനാണ് തിരക്കിട്ട നീക്കങ്ങൾ. ഇല്ലാത്തപക്ഷം, ടീമിന്റെ പ്രകടനത്തെയും ഇത് ബാധിച്ചേക്കും. നിലവിൽ പ്രിമിയർ ലീഗ് പോയിന്റ് പട്ടികയിൽ അഞ്ചാമതുള്ള ടോട്ടൻഹാം, ന്യൂകാസിൽ എന്നിവയെ മറികടന്ന് മുന്നിലെത്താമെന്ന കണക്കുകൂട്ടലിലാണ് ടീം. ഇതിന് ക്രിസ്റ്റ്യാനോയുമായുള്ള പ്രശ്നം അവസാനിക്കണം. വിഷയത്തിൽ ആവശ്യമായ നടപടികൾ ആരംഭിച്ചതായി ക്ലബ് പ്രതികരിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ ടീമിനൊപ്പം മികച്ച പ്രകടനവുമായി താരം നിറഞ്ഞുനിന്നിട്ടും കോച്ച് മാറി ടെൻ ഹാഗ് എത്തിയ ശേഷം ക്രിസ്റ്റ്യാനോക്ക് അവസരം കുറവായിരുന്നു. നവംബർ ആറിന് ആസ്റ്റൺ വില്ലക്കെതിരെ 1-3ന്റെ തോൽവി വഴങ്ങിയ കളിയിലായിരുന്നു അവസാനമായി കളിച്ചത്. അതിന് മുമ്പും ശേഷവും താരത്തെ ഇറക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. എല്ലാം കൈവിടുന്നുവെന്ന് തോന്നിച്ച ഘട്ടത്തിലാണ് സ്വകാര്യ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ കോച്ചിനെതിരെയും ക്ലബിനെതിരെയും താരം പൊട്ടിത്തെറിച്ചത്. ടീം തന്നെ വഞ്ചിച്ചെന്നായിരുന്നു പ്രതികരണം.
ക്രിസ്റ്റ്യാനോ നയിക്കുന്ന ദേശീയ ടീം ലോകകപ്പ് കളിക്കാൻ ഒരുങ്ങിനിൽക്കുന്നതിനിടെയായിരുന്നു സ്ഫോടനാത്മകമായ അഭിമുഖം. പോർച്ചുഗലിനെ ഇത് ബാധിക്കില്ലെന്ന് ടീം പറയുന്നുവെങ്കിലും യുനൈറ്റഡിലും സഹതാരമായ ബ്രൂണോ ഫെർണാണ്ടസ് ഉൾപ്പെടെയുള്ളവരുമായി താരത്തിന് പ്രശ്നങ്ങളുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഖത്തർ ലോകകപ്പ് ഗ്രൂപ് എച്ചിൽ വ്യാഴാഴ്ച ഘാനക്കെതിരെയാണ് റൊണാൾഡോക്ക് ആദ്യ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.