ബെഞ്ചിലിരുത്തിയതിൽ പ്രതിഷേധിച്ച് ലോകകപ്പ് വിടാനൊരുങ്ങിയോ? പ്രതികരണവുമായി ക്രിസ്റ്റ്യാനോയും ഫുട്ബാൾ ഫെഡറേഷനും
text_fieldsസ്വിറ്റ്സർലൻഡിനെതിരായ പ്രീക്വാർട്ടർ പോരാട്ടത്തിനുള്ള ആദ്യ ഇലവനിൽ സൂപർ താരം ക്രിസ്റ്റ്യാനോയെ ഉൾപ്പെടുത്താത്തതിനെ ചൊല്ലി കളി തുടങ്ങിയതുമുതൽ തുടരുന്ന പൊല്ലാപ്പ് ചെറുതല്ല. പരിശീലകന്റെ തീരുമാനം ശരിവെച്ച് പകരക്കാരനായ ഗോൺസാലോ റാമോസ് ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് കുറിച്ചിരുന്നു. ടീം 6-1ന് ജയിക്കുകയും ചെയ്തു. എന്നാലും, ക്രിസ്റ്റ്യാനോയെ മാറ്റിനിർത്തിയത് ശരിയായില്ലെന്നു പറഞ്ഞ് സഹോദരി രംഗത്തെത്തി. താരവും അരിശം പരസ്യമാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
മുമ്പ് ദക്ഷിണ കൊറിയക്കെതിരായ കളിയിൽ തിരിച്ചുവിളിച്ച് പകരക്കാരനെ ഇറക്കിയതിൽ ക്രിസ്റ്റ്യാനോയുടെ അമർഷം മാധ്യമങ്ങൾ പകർത്തിയിരുന്നു. സമാനമായി സ്വിറ്റ്സർലൻഡിനെതിരായ കളിയിൽ മാറ്റിനിർത്തിയതും താരത്തെ ചൊടിപ്പിച്ചതായും ലോകകപ്പ് വിടാനൊരുങ്ങിയതായും റിപ്പോർട്ടുകൾ വന്നു.
എന്നാൽ, ഒരു ഘട്ടത്തിലും ടീം വിടുമെന്ന് ക്രിസ്റ്റ്യാനോ ഭീഷണിപ്പെടുത്തിയില്ലെന്ന് പോർച്ചുഗീസ് ഫുട്ബാൾ ഫെഡറേഷൻ വ്യക്തമാക്കി. പുറത്തുനിന്നുള്ള ശക്തികളാണ് പ്രചാരണത്തിന് പിന്നിലെന്ന് ക്രിസ്റ്റ്യാനോയും പ്രതികരിച്ചു. ''പുറത്തുനിന്നുള്ള ശക്തികളുടെ ഒരു സംഘമാണിത്. ഏതുതരം ശത്രുവിനും തോൽപിക്കാനാവാത്തത്ര ധീരതയുള്ളതാണ് ഈ രാജ്യം. എല്ലാ അർഥത്തിലൂം ലക്ഷ്യത്തിനായി അവസാനം വരെ പൊരുതുന്നതാണ് ഈ ടീം. ഞങ്ങളിൽ വിശ്വാസമർപിക്കൂ''- എന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ ട്വീറ്റ്.
ചൊവ്വാഴ്ച കളി തുടങ്ങുംമുമ്പാണ് ആദ്യ ഇലവനിൽനിന്ന് ക്രിസ്റ്റ്യാനോയെ മാറ്റിനിർത്തിയത്. കളി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ പകരക്കാരനായി ഇറങ്ങിയ താരം ഗോൾ നേടിയെങ്കിലും ഓഫ്സൈഡ് കെണിയിൽ കുരുങ്ങി.
പോർച്ചുഗലിനായി ഏറ്റവും കൂടുതൽ തവണ ഇറങ്ങിയ റെക്കോഡുള്ള താരത്തിനു തന്നെയാണ് ദേശീയ ജഴ്സിയില കൂടുതൽ ഗോൾ നേടിയ രാജ്യാന്തര റെക്കോഡും. ശനിയാഴ്ച ക്വാർട്ടർ ഫൈനലിൽ മൊറോക്കോക്കെതിരെയാണ് പോർച്ചുഗലിന് മത്സരം. ഇത്തവണയും ക്രിസ്റ്റ്യാനോക്കു പകരം റാോമസ് തന്നെ ഇറങ്ങുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.