മെസ്സിയുടെ കിരീടനേട്ടത്തിൽ ഒരുവാക്ക് മിണ്ടാതെ ക്രിസ്റ്റ്യാനോ
text_fieldsലോക ഫുട്ബാൾ ചാമ്പ്യന്മാരായി അർജന്‍റീന ഉയിർത്തെഴുന്നേറ്റ പിന്നാലെ ലയണൽ മെസ്സിയെ പ്രശംസകൊണ്ട് മൂടുകയാണ് കായികലോകം. സഹതാരങ്ങളും മുൻ താരങ്ങളും കായിക വിദഗ്ധരുമെല്ലാം മെസ്സിയുടെ നേട്ടത്തെ പുകഴ്ത്തുമ്പോൾ ശ്രദ്ധേയമാകുന്നത് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മൗനമാണ്. ലോകത്തേറ്റവും കൂടുതൽ പേർ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്ന ക്രിസ്റ്റ്യാനോ, മെസ്സിയുടെ നേട്ടത്തിൽ ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ, ബ്രസീലിയൻ സൂപ്പർ താരം നെയ്മർ മെസിക്ക് ആശംസയുമായി എത്തിയതോടെ എന്താണ് ക്രിസ്റ്റ്യാനോ മിണ്ടാത്തതെന്നാണ് ആരാധകരുടെ ചോദ്യം. 'അഭിനന്ദനങ്ങള്‍ സഹോദരാ' എന്നാണ് മെസ്സിയെ അഭിനന്ദിച്ച് ബ്രസീല്‍ സൂപ്പര്‍താരവും പി.എസ്.ജിയിലെ സഹതാരവുമായ നെയ്മര്‍ ട്വീറ്റ് ചെയ്തത്.
സമകാലിക ഫുട്ബാളിലെ ഐതിഹാസിക താരങ്ങളെന്ന വിശേഷണമുള്ളവരാണ് മെസ്സിയും ക്രിസ്റ്റ്യാനോയും. ഇവരിലാരാണ് 'ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്ന ചർച്ച ഏറെക്കാലമായി തകൃതിയാണ്. ലോകകപ്പോടെ അതിനൊരു ഉത്തരമാകുമെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. മെസ്സി വിശ്വകിരീടം തലയിലേന്തി ഖത്തറിൽ നിന്ന് മടങ്ങുമ്പോൾ, ക്രിസ്റ്റ്യാനോയാകട്ടെ, തിരസ്കൃതനായാണ് മടങ്ങിയത്.
78 കോടി ഫോളോവേഴ്സാണ് സമൂഹമാധ്യമങ്ങളിലാകെ ക്രിസ്റ്റ്യാനോക്കുള്ളത്. എന്നാൽ, ട്വിറ്ററിലോ ഫേസ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ ക്രിസ്റ്റ്യാനോ അർജന്‍റീനയുടെയും മെസ്സിയുടെയും കിരീടനേട്ടത്തെ കുറിച്ച് ഇതുവരെ എഴുതിയിട്ടില്ല. കഴിഞ്ഞയാഴ്ചയാണ് ഇൻസ്റ്റഗ്രാമിലെ അവസാന പോസ്റ്റ്. അവസാന ട്വീറ്റ് 10 ദിവസം മുമ്പും അവസാന ഫേസ്ബുക് പോസ്റ്റ് എട്ട് ദിവസം മുമ്പുമായിരുന്നു.
പ്രീക്വാർട്ടറിലും ക്വാർട്ടറിലും ക്രിസ്റ്റ്യാനോയെ സൈഡ് ബെഞ്ചിലിരുത്തിയാണ് കോച്ച് ഫെർനാൻഡോ സാന്‍റോസ് കളിയൊരുക്കിയത്. ക്രിസ്റ്റ്യാനോയെ പോലൊരു സൂപ്പർ താരത്തെ ബെഞ്ചിലിരുത്തിയതിന് ഏറെ വിമർശനം കോച്ച് കേട്ടു. ക്വാർട്ടറിൽ മൊറോക്കോക്കെതിരെ പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനത്ത് നിന്ന് ഫെർനാൻഡോ സാന്‍റോസിനെ പുറത്താക്കിയിരിക്കുകയാണ് പോർച്ചുഗൽ.
പോർച്ചുഗൽ പുറത്തായതിന് പിന്നാലെ നിരാശയോടെയുള്ള കുറിപ്പ് ക്രിസ്റ്റ്യാനോ പങ്കുവെച്ചിരുന്നു. പോർച്ചുഗലിനായി ലോകകപ്പ് നേടുകയെന്നത് തന്റെ കരിയറിലെ അഭിലാഷവും സ്വപ്‌നവുമായിരുന്നുവെന്നും എന്നാൽ ആ സ്വപ്‌നം ദുഃഖകരമായി ഇന്നലെ അവസാനിച്ചുവെന്നും താരം കുറിച്ചു.
'16 വർഷത്തിനിടെ അഞ്ചു വട്ടം ലോകകപ്പുകളിൽ കളിച്ച് ഗോളടിച്ചു. മില്യൺ കണക്കിന് പോർച്ചുഗീസുകാരുടെയും മികച്ച കളിക്കാരുടെയും പിന്തുണയോടെ പോരാടി. എന്റെ സർവസ്വവും സമർപ്പിച്ചു. ഒരിക്കലും പോരാട്ടത്തിൽ പിന്മാറുകയോ സ്വപ്‌നം ഉപേക്ഷിക്കുകയോ ചെയ്തില്ല. പക്ഷേ സങ്കടകരമായി ആ സ്വപ്‌നം ഇന്നലെ അവസാനിച്ചു. ഒരുപാട് കാര്യങ്ങൾ ഊഹിക്കപ്പെടുകയും പറയപ്പെടുകയും എഴുതപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ പോർച്ചുഗലിനുള്ള എന്റെ സമർപ്പണം ഒരു നിമിഷം പോലുമില്ലാതായിട്ടില്ല. എല്ലാവരുടെയും ലക്ഷ്യത്തിനായി പോരാടുന്നയാളായിരുന്നു ഞാൻ, എന്റെ സഹപ്രവർത്തകരോടും എന്റെ രാജ്യത്തോടും ഞാൻ ഒരിക്കലും പുറംതിരിഞ്ഞുനിൽക്കില്ല' വൈകാരികമായ കുറിപ്പിൽ സൂപ്പർതാരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.