അതിശയിപ്പിക്കാൻ ക്രൊയേഷ്യ
text_fieldsയൂറോപ്യൻ വൻകരയിൽനിന്നും ലോകകപ്പ് കളിക്കാൻ ഖത്തറിലെത്തുന്ന ക്രൊയേഷ്യക്കിത് ഏഴാം ഊഴമാണ്. മികച്ച ടീമുണ്ടെങ്കിലും മൈതാനത്ത് ചിലപ്പോഴെല്ലാം ഭാഗ്യക്കേടുകൊണ്ട് വിജയം കാണാതെപോയവരാണെന്നും ക്രൊയേഷ്യൻ ദേശീയ ടീമിനെ കുറിച്ച് പറയാറുണ്ട്. യോഗ്യത മത്സരത്തിൽ റഷ്യയെ ഏകപക്ഷീയമായ ഒരുഗോളിന് പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യക്കാരുടെ ഖത്തറിലേക്കുള്ള വരവ്. ആദ്യമായി 1998ലാണ് ടീം ലോകകപ്പിന് യോഗ്യത നേടിയത്. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ റണ്ണേഴ്സ് അപ്പായത് വരെ എത്തിനിൽക്കുന്നു ഇവരുടെ നേട്ടങ്ങൾ. തുടർച്ചയായി വീണ്ടും ലോകകപ്പിനെത്തുമ്പോൾ മികച്ച വിജയം നേടുമെന്നതുതന്നെയായിരിക്കാം ക്രൊയേഷ്യൻ താരങ്ങളുടെയും ആരാധകരുടെയും മനസ്സ് പറയുന്നത്. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ രണ്ടുതവണ ക്വാർട്ടർ വരെ ടീം നന്നായി തന്നെ കളിച്ചിരുന്നു. എങ്കിലും ഏറെക്കാലമായി മികച്ച പരിശീലനവും അവസരങ്ങളും ലഭിച്ചിട്ടും ജേതാക്കളാവാൻ കഴിയാത്തത് ആരാധകരിലും നിരാശ പടർത്തിയിട്ടുണ്ട്. വലിയ പ്രതീക്ഷ തന്നെയാണ് മുന്നോട്ടുവെക്കുന്നത്.
റിയൽ മഡ്രിഡ് താരം ലൂക്ക മോഡ്രിചിന്റെ നേതൃത്വത്തിലാണ് ക്രൊയേഷ്യൻ പട മൈതാനത്തെത്തുക. അറ്റാക്കിങ് മിഡ് ഫീൽഡറായി കളിക്കുന്ന ഇദ്ദേഹത്തിന് സാഹചര്യത്തിനൊത്ത് ഡിഫൻസീവിൽ കളിക്കാനുള്ള കഴിവുണ്ട്. ഇദ്ദേഹത്തിന്റെ പിൻബലത്തിൽ ടീമിലെ മറ്റു പ്രതിരോധ താരങ്ങൾക്കും മിഡ്ഫീൽഡർമാർക്കും മികച്ച രീതിയിൽ കളിക്കാനായേക്കും. ക്രൊയേഷ്യയിലെ സ്വാതന്ത്ര്യസമര യുദ്ധത്തിന്റെ യാതനകൾ പേറിയ കുടുംബമാണ് ഇദ്ദേഹത്തിന്റേത്. യുദ്ധത്തിന്റെ യാഥാർഥ്യങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാർഗമായിട്ടാണ് അക്കാലത്ത് ഫുട്ബാൾ രംഗത്തേക്ക് ലൂക്ക കടന്നുവന്നത്. പിന്നീട് അത് പ്രഫഷനൽ ഫുട്ബാൾ വരെ അതിവേഗം സഞ്ചരിക്കുകയായിരുന്നു. 2006 മുതൽ ക്രൊയേഷ്യ ടീമിൽ. 154 മത്സരങ്ങളിൽനിന്ന് 23 ഗോളുകളാണ് ടീമിനായി സംഭാവന ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.