ക്രൊയേഷ്യൻ കോൺഫിഡൻസ്
text_fieldsഖത്തര്‍ ലോകകപ്പിന്റെ വിഗ്രഹമുടക്കലുകള് തുടരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവും സാധ്യത കല്പിച്ചിരുന്ന ബ്രസീലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ പരാജയപ്പെടുത്തി സെമിഫൈനലില്‍ പ്രവേശിച്ചു. നിശ്ചിതസമയത്ത് ഗോള്രഹിതസമനിലയും, എക്സ്ട്രടൈമില് 1-1ഉം ആയി പിരിഞ്ഞ മത്സരം ക്വാര്‍ട്ടര്‍ ഫൈനലിന്റെ എല്ലാ രുചിഭേദങ്ങളും വിളമ്പി വെച്ചിരുന്നു.
ദക്ഷിണ കൊറിയക്കെതിരെ കൊടുങ്കാറ്റായി നാശം വിതച്ച ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ആക്രമണനിരയെ ക്രൊയേഷ്യ എങ്ങനെ നിയന്ത്രണത്തില്‍ കൊണ്ട് വരുമെന്നായിരുന്നു ആദ്യ കൗതുകം. കളിയുടെ ആരംഭസന്ദര്ഭങ്ങളില് തന്നെ ആദ്യപകുതിയുടെ ചിത്രം വ്യക്തമായിരുന്നു. വളരെ പെട്ടെന്ന് തന്നെ ബ്രസീലിനെ കടന്നാക്രമിച്ച് ലീഡെടുത്ത് ഒരു സുരക്ഷിതസ്ഥാനം നിലനിര്ത്തിക്കളിക്കുക എന്ന ക്രൊയേഷ്യന്‍ തന്ത്രത്തെ പതിവിന് വിപരീതമായി ബ്രസീല്‍ അതേ നാണയത്തില്‍ പ്രതികരിച്ചു.
ഇരു ടീമുകളും പന്തിനെ നിയന്ത്രണത്തില്‍ നിര്‍ത്തി എതിര്‍ടീമിന്റെ പിഴവുകളില്‍ കണ്ണ് വെച്ച് നീക്കങ്ങള്‍ തുടര്‍ന്ന് തുടങ്ങി. വിനീഷ്യസ് ജൂനിയറിന്റെ ഒന്ന് രണ്ട് കെട്ട് പൊട്ടിച്ച് ഓടലിനെ യുറനോവിച് നന്നായി തടഞ്ഞതോടെ ബ്രസീലിന്റെ ആ വാതില്‍ ആദ്യപകുതിയില്‍ പൂര്‍ണ്ണമായും കൊട്ടിയടക്കപെട്ടു.
ക്രൊയേഷ്യ കളിയുടെ ഡ്രൈവ് സാങ്കേതികമായി ഏറ്റെടുത്ത ആദ്യപകുതിയായിരുന്നു. പന്തിനെ ഏറ്റവും നന്നായി വരുതിയിലാക്കി നിരന്തരമായി ഗ്രൗണ്ടിലങ്ങോളമിങ്ങോളം ശൂന്യസ്ഥലങ്ങള്‍ കണ്ടെത്തി കൊടുക്കല്‍ വാങ്ങലുകളിലൂടെ ക്രൊയേഷ്യ കളിയെ മുമ്പോട്ട് നീക്കി. പകുതി അവസരങ്ങള്‍ക്ക് ശ്രമിക്കാതെ തീര്‍ത്തും കളിയുടെ ടെംപോ കടിഞ്ഞാണിട്ട് പിടിച്ച് നിര്‍ത്തുക എന്ന ഡാലിചിന്റെ പ്ലാന്‍ അവര്‍ നന്നായി നിര്‍വഹിച്ചു. ഇടയില്‍ ചില ലോങ് ബോളുകളിലൂടെയും ക്രോസ് ഡെലിവറികളിലൂടെയും ബ്രസീല്‍ പ്രതിരോധത്തെ പരീക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ അസ്പൃശ്യരായി തന്നെ തുടര്‍ന്നു. ക്രൊയേഷ്യയുടെ മധ്യനിര ത്രയം ബ്രോസൊവിച്, ലൂക്ക മോഡ്രിച്, കൊവാസിച് എന്നിവരുടെ ഗെയിം ഇന്റലിജന്‍സ് പ്രകടമായ മത്സരമായിരുന്നു ഇത്. ടീം ആക്രമണത്തിലേക്ക് മാറുമ്പോഴും, പ്രതിരോധത്തിലേക്ക് മാറുമ്പോഴും അതിനെ നിയന്ത്രിച്ച് ട്രാന്സിഷന് വേഗം ഏറ്റവും നന്നായി കൂട്ടി ബ്രസീലിനെ ശരിക്കും അവരുടെ സ്വതസിദ്ധമായ കേളീശൈലിയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ഇവര്‍ക്കായി.
കഴിഞ്ഞ കളിയിലെ കേമന്‍ വിനീഷ്യസിനെയും, സബ് ആയി വന്ന റൊഡ്രിഗോയേയും മനോഹരമായി പ്രതിരോധിക്കുകയും, ടീമിന്റെ ആക്രമണത്തിന് വലത് പാര്‍ശ്വത്തില്‍ ചാലകശക്തിയായി മാറുകയും ചെയ്ത യുറനോവിചിന്റെ ഈ മത്സരത്തിലെ ഫോക്കല്‍ പ്ലെയറായി വ്യക്തിപരമായി ഞാന്‍ കരുതുന്നു. ഒറ്റ ഷോട് ഓണ്‍ ടാര്‍ഗറ്റ് മാത്രമേ ഉണ്ടായുള്ളൂവെങ്കിലും അത് ഗോളാക്കി മാറ്റാനായതും കളിയിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച ഗോള്‍കീപ്പര്‍ ലിവകോവിചും പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണെങ്കിലും ഈ വിജയത്തെ സുന്ദരമാക്കി.
ബ്രസീല്‍ അവരുടെ സ്വതസിദ്ധമായ കളിയെ തിരിച്ച് പിടിക്കാന്‍ ശ്രമിച്ചത് പലപ്പോഴും വിജയകരമായില്ലെങ്കിലും ക്രൊയേഷ്യന്‍ പ്രതിരോധത്തിന് നിരന്തരമായി ഭീഷണി ഉയര്‍ത്താന്‍ ബ്രസീലിന് സാധിച്ചിരുന്നു. ബ്രസീല്‍ ആക്രമണനിരയുടെ ഏറ്റവും മികച്ച ഗുണം , ഏത് ഡെലിവറി ബോളുകള്‍ക്കും ബോക്സില്‍ സര്‍വസജ്ജരായി പ്രതിരോധരേഖയെ പൊളിക്കാന്‍ നിലകൊള്ളുന്ന അപകടകാരികളായ കളിക്കാരുടെ സാന്നിധ്യമാണ്.
ആ താരങ്ങളെ ഭാഗ്യത്തിന്റെ കൂടെ അകമ്പടിയോടെ നൈസര്‍ഗ്ഗികമായി കളിക്കാന്‍ വിടാതിരുന്ന ക്രൊയേഷ്യന്‍ പ്രതിരോധം കയ്യടികള്‍ അര്‍ഹിക്കുന്നുണ്ട്. 105ാം മിനുറ്റില്‍ നെയ്മര്‍ എന്ന താരത്തിന്റെ കളിപെരുമയെ വിളിച്ചോതുന്ന മനോഹരമായ ഗോളോടെ കളി ഏറെക്കുറെ ബ്രസീല്‍ നേടിയതായിരുന്നു.
നിര്‍ഭാഗ്യം കൂടി ബ്രസീലിന്റെ പരാജയത്തില്‍ ഒരു ഘടകമായി എന്ന് വിചാരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.