ഡി മരിയ പ്ലെയിങ് ഇലവനിലില്ല; ടീം ലൈനപ്പ് ഇങ്ങനെ...
text_fieldsദോഹ: ഖത്തർ ലോകകപ്പിലെ രണ്ടാമത്തെ പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ അദ്യ പകുതി പിന്നിടുമ്പോൾ അർജന്‍റീന ഒരു ഗോളിനു മുന്നിൽ.
സൂപ്പർ താരം ലയണൽ മെസ്സിയാണ് (35) അർജന്‍റീനക്കായി ഗോൾ നേടിയത്. ബോക്സിന്‍റെ വലതുവിങ്ങിൽനിന്നുള്ള ഫ്രീകിക്കാണ് ഗോളിൽ കലാശിച്ചത്. മെസ്സിയുടെ കിക്ക് ബോക്സിനുള്ളിൽ ആസ്ട്രേലിയൻ താരം ക്ലിയർ ചെയ്തെങ്കിലും വന്നെത്തിയത് അലിസ്റ്ററിന്‍റെ കാലിൽ. നിക്കോളാസ് ഒടാമെൻഡിക്ക് കൈമാറിയ പന്ത് പിന്നാലെ മെസ്സിയിലേക്ക്. താരത്തിന്‍റെ ഇടങ്കാൽ ഷോട്ട് പ്രതിരോധ താരങ്ങൾക്കിടയിലൂടെ ഗോളി റയാനെയും മറികടന്ന് പോസ്റ്റിന്‍റെ ഇടതുമൂലയിൽ.
മെസ്സിയുടെ കരിയറിലെ 1000ാമത്തെ മത്സരമാണിത്. കൂടാതെ, ലോകകപ്പ് നോക്കൗട്ടിലെ മെസ്സിയുടെ ആദ്യ ഗോളും. ഇതോടെ ഖത്തർ ലോകകപ്പിലെ മെസ്സിയുടെ ഗോൾ നേട്ടം മൂന്നായി. മത്സരത്തിന്‍റെ
ആദ്യ പത്തു മിനിറ്റിൽ ഭൂരിഭാഗം സമയവും അർജന്‍റീനയുടെ കാലുകളിലായിരുന്നു പന്ത്. എന്നാൽ, ഗോളിലേക്കെന്ന് തോന്നിക്കുന്ന നീക്കങ്ങളൊന്നും പിറന്നില്ല. ആസ്ട്രേലിയൻ പ്രതിരോധ നിരയെ മറികടന്ന് മുന്നേറാനുള്ള അർജന്‍റീനയുടെ നീക്കങ്ങളൊന്നും വിജയിച്ചില്ല.
മൈതാനത്തിന്‍റെ മധ്യത്തിൽതന്നെയായിരുന്നു പന്തുണ്ടായിരുന്നത്. 15ാം മിനിറ്റിൽ അക്യൂനയെ ഫൗൾ ചെയ്തതിന് ആസ്ട്രേലിയൻ താരം അലക്സാണ്ടർ ഇർവിന് മഞ്ഞകാർഡ്. 17ാം മിനിറ്റിലാണ് ഓഫ് ടാർഗറ്റിലേക്കാണെങ്കിലും ആദ്യ ഷോട്ട് തൊടുക്കുന്നത്. ബോക്സിനു പുറത്തുനിന്നുള്ള അക്യൂനയുടെ ഷോട്ട് അസ്ട്രേലിയൻ ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്. ഇരു ടീമുകൾക്കും കാര്യമായ ചലനങ്ങളുണ്ടാക്കാതെയാണ് ആദ്യ 20 പിന്നിട്ടത്.
29ാം മിനിറ്റിൽ ആസ്ട്രേലിയൻ താരം റിലേ മാഗ്രീയെടുത്ത കോർണർ കിക്ക് അർജന്‍റീന ബോക്സിൽ അപകടം വിതച്ചെങ്കിലും പ്രതിരോധനിര ഒഴിവാക്കി. പ്ലെയിങ് ഇലവനിൽ പരിക്കേറ്റ എഞ്ചൽ ഡി മരിയക്കു പകരം അലസാൻഡ്രോ ഗോമസ് ആദ്യ ഇലവനിൽ ഇടംനേടി. ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ആസ്ട്രേലിയ ക്വാർട്ടർ ഫൈനലിൽ എത്തിയിട്ടില്ല.
പ്രീ ക്വാർട്ടറിൽ ഇതു രണ്ടാം തവണ മാത്രം. അർജന്‍റീനക്കെതിരെ മുമ്പു കളിച്ച രണ്ടു മത്സരങ്ങളിലും തോൽവിയായിരുന്നു ഫലം. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അർജന്റീനയുടെ വരവ്. സൗദി അറേബ്യയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും മെക്‌സികോ, പോളണ്ട് ടീമുകളെ പരാജയപ്പെടുത്തിയാണ് പ്രീ ക്വാർട്ടറിൽ എത്തിയത്.
ഗ്രൂപ്പ് ഡി രണ്ടാംസ്ഥാനക്കാരായാണ് ആസ്‌ട്രേലിയ എത്തിയത്. ഫ്രാൻസിനോട് ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെട്ടെങ്കിലും തുനീസിയ, ഡെൻമാർക്ക് ടീമുകളെ കെട്ടുകെട്ടിച്ചാണ് പ്രീക്വാർട്ടർ ടിക്കറ്റ് ഉറപ്പിച്ചത്. അർജന്‍റീന 4-3-3 ശൈലിയിലും ആസ്ട്രേലിയ 4-4-2 ഫോർമാറ്റിലുമാണ് കളിക്കുന്നത്.
അർജന്റീന ടീം: മൊലിന, റൊമേരോ, ഒടാമെൻഡി, അക്യൂന, ഡി പോൾ, ഫെർണാണ്ടസ്, അലെക്സിസ് അലിസ്റ്റർ, ഗോമസ്, മെസ്സി, ജൂലിയൻ അൽവാരസ്, എമിലിയാനോ മാർട്ടിനെസ്
ആസ്‌ട്രേലിയ ടീം: ഡൂക്, മാഗ്രീ, ബാക്കസ്, ഇർവിൻ, മൂയി, ലിക്കി, ബെഹിൻസ്, റോവൽസ്, സോട്ടർ, ഡിഗ്നെക്ക്, റയാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.