ഡി മരിയ അർജന്റീന ജഴ്സി അഴിക്കുന്നു
text_fieldsലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കുമെന്ന സൂചന നൽകി അർജന്റീന താരം എയ്ഞ്ചൽ ഡി മരിയ. വെനസ്വേലക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ച മത്സരം അർജന്റീനയിൽ തന്റെ അവസാന മത്സരമാണെന്നാണ് കരുതുന്നതെന്ന് 34കാരൻ പറഞ്ഞു.
ലോകകപ്പിന് ശേഷം തന്റെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കണമോയെന്ന് തീരുമാനിക്കുമെന്ന് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ഡി മരിയയും വിരമിക്കൽ സൂചന നൽകിയതോടെ അർജന്റീന ആരാധകർ ഞെട്ടലിലാണ്. ഈ ലോകകപ്പിന് ശേഷം അതിന് സമയമാകുമെന്നും അന്താരാഷ്ട്ര തലത്തിൽ കളിക്കാൻ ധാരാളം താരങ്ങൾ ഉയർന്നു വരുന്നുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
''എനിക്ക് ലഭിച്ച വലിയ സ്നേഹത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അർജന്റീനയിൽ ഈ ജഴ്സിയുമായുള്ള എന്റെ അവസാന മത്സരമായിരുന്നു അത്. അത് ഒരു അദ്ഭുതകരമായ രാത്രിയായിരുന്നു. നന്ദി, നന്ദി, ആയിരം നന്ദി. നമുക്ക് വളരുകയും ഒരുമിച്ച് സ്വപ്നം കാണുകയും ചെയ്യാം. നമുക്ക് മുന്നോട്ടുപോകാം, അർജന്റീന", അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അർജന്റീനക്ക് വേണ്ടി ഡി മരിയയുടെ 120ാം മത്സരമായിരുന്നു വെനിസ്വേലക്കെതിരായ പോരാട്ടം. 24 ഗോളുകൾ അദ്ദേഹം രാജ്യത്തിനായി നേടിയിട്ടുണ്ട്. 2008 സെപ്റ്റംബറിലാണ് അർജന്റീനക്കായി അരങ്ങേറിയത്. രണ്ട് വർഷത്തിന് ശേഷം അവരുടെ ലോകകപ്പ് സ്ക്വഡിലെ പ്രധാന താരങ്ങളിലൊരാളായി. കഴിഞ്ഞ വർഷം കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീന ബ്രസീലിനെ 1-0ത്തിന് തോൽപ്പിച്ചപ്പോൾ നിർണായക ഗോൾ നേടിയത് അദ്ദേഹമായിരുന്നു. 2022ലെ ലോകകപ്പ് ഡി മരിയയുടെ കരിയറിലെ നാലാമത്തേതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.