'നിങ്ങൾക്ക് ഓസിലിനെ ഓർമയുണ്ടോ?'; ജർമൻ ടീമിനെതിരെ ഗാലറിയിൽ പ്രതിഷേധം
text_fieldsദോഹ: ജപ്പാനെതിരെ ആദ്യ മത്സരത്തിനിറങ്ങും മുമ്പ് ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ ജർമൻ താരങ്ങളുടെ വാ പൊത്തിപ്പിടിച്ചുള്ള പ്രതിഷേധം ഏറെ ചർച്ചകൾക്കിടയാക്കിയിരുന്നു. 'വൺ ലവ്' ആശയങ്ങൾ അടങ്ങിയ ആം ബാൻഡ് അടക്കം വിലക്കിയ ഫിഫ നടപടിയിലുള്ള പ്രതിഷേധമായിരുന്നു ഇത്. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനെതിരായ കാമ്പയിൻ കൂടിയായാണ് പലരും ഇതിനെ വിലയിരുത്തിയത്. പലരും ജർമൻ ടീമിനെ അനുകൂലിച്ച് രംഗത്ത് വന്നപ്പോള്‍ വലിയൊരു വിഭാഗം ജര്‍മന്‍ ടീമിന്‍റെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.
ജർമനി-സ്‍പെയിൻ പോരാട്ടം ആരംഭിക്കും മുമ്പ് ഖത്തറിലെ ആരാധകർ ജർമൻ ടീമിന് ഒരു മറുപടി കരുതിവെച്ചിരുന്നു. മുൻ ജർമൻ താരം മെസൂദ് ഓസിലിന്റെ ചിത്രങ്ങളായിരുന്നു അത്. വംശീയ കാരണങ്ങളാല്‍ ജര്‍മന്‍ ടീമില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കേണ്ടി വന്ന ഓസിലിന്റെ ചിത്രങ്ങളുമായി നിരവധി ആരാധകരാണ് ഗാലറിയിലെത്തിയത്. ജർമൻ ടീം ചെയ്തതിന് സമാനമായി പലരും വാ പൊത്തിപ്പിടിക്കുകയും ചെയ്തു. ഈ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്.
2018ലെ ലോകകപ്പ് തോല്‍വിക്ക് ശേഷം ജര്‍മനിയില്‍ വംശീയാധിക്ഷേപങ്ങള്‍ക്കിരയായ ഓസില്‍ ഇതില്‍ മനം മടുത്താണ് കരിയറില്‍ മികച്ച ഫോമില്‍ കളിക്കുന്നതിനിടെ അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. താന്‍ നേരിടുന്ന വംശീയാധിക്ഷേപങ്ങളെ കുറിച്ച് ഓസില്‍ അന്ന് തുറന്ന് പറഞ്ഞിരുന്നു. ''ഞാന്‍ ഗോള്‍ നേടുമ്പോള്‍ ജര്‍മന്‍കാരനും ടീം പരാജയപ്പെടുമ്പോള്‍ കുടിയേറ്റക്കാരനുമാവുന്നു'', എന്നാണ് ഓസില്‍ അന്ന് പ്രതികരിച്ചത്. തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാനൊപ്പമുള്ള ഓസിലിന്‍റെ ചിത്രം വംശീയ പ്രചാരണങ്ങള്‍ക്കായി ജര്‍മനിയിലെ വലതുപക്ഷ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. ജര്‍മനിയുടെ ലോകകപ്പ് തോല്‍വിക്ക് കാരണക്കാരന്‍ ഓസിലാണെന്നും മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഇതിൽ മനംമടുത്തായിരുന്നു ഓസിലിന്റെ വിരമിക്കൽ. ജർമനിക്കായി 92 മത്സരങ്ങളിൽ 23 ഗോൾ നേടിയ താരം അസിസ്റ്റുകളുടെ രാജാവായാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.