ഇന്ന് മുതൽ ലോകകപ്പ് മാച്ച് ടിക്കറ്റ് ഇല്ലാത്തവർക്കും ഖത്തറിലെത്താം
text_fieldsദോഹ: ലോകകപ്പ് ഫുട്ബാൾ ഗ്രൂപ്പ് റൗണ്ട് പോരാട്ടങ്ങൾ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ ലോകമെങ്ങുമുള്ള കാൽപന്ത് ആരാധകരെ സ്വാഗതം ചെയ്ത് ഖത്തർ. ഇന്ന് മുതൽ മാച്ച് ടിക്കറ്റില്ലാത്ത ആരാധകർക്കും അധികൃതർ നിർദേശിക്കുന്ന മാനദണ്ഡങ്ങളിലൂടെ ഖത്തറിലെത്താൻ കഴിയും. ലോകകപ്പ് അക്കമഡേഷൻ പോർട്ടൽ വഴി ഹോട്ടൽ ബുക്കിങ്ങ് ഉറപ്പാക്കുകയും 500റിയാൽ എൻട്രി ഫീസ് നൽകുകയും ചെയ്ത് ഹയ്യാ കാർഡിന് (https://hayya.qatar2022.qa/) അപേക്ഷിച്ചാണ് ലോകകപ്പ് വേദിയിലേക്കുള്ള യാത്രാ നടപടി പൂർത്തിയാക്കേണ്ടത്. ഹയ്യാ അംഗീകാരം ലഭിക്കുന്നതോടെ, ഇ മെയിൽ വഴി ലഭിക്കുന്ന എൻട്രി പെർമിറ്റ് സഹിതം ഖത്തറിൽ പ്രവേശിക്കാം. 12 വയസ്സിന് താഴെ പ്രായമുള്ളവർക്ക് എൻട്രി ഫീസായ 500റിയാൽ അടക്കേണ്ടതില്ല.
https://www.qatar2022.qa/book എന്ന ലിങ്ക് വഴിയാണ് താമസ ബുക്കിങ് നടത്തേണ്ടത്. ലോകകപ്പിൻെറ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ പൂർത്തിയാവുകയും, പോരാട്ടം നോക്കൗട്ടിൻെറ വാശിയിലേക്ക് പ്രവേശിക്കുകയും ചെയ്ത സാഹചര്യത്തിൽ, വിശ്വമേളയുടെ ആവേശം അനുഭവിച്ചറിയുന്നതിനായാണ് ഖത്തർ എല്ലാ വിഭാഗം ആരാധകരെയും സ്വാഗതം ചെയ്യുന്നത്. ഇതുവരെ, മാച്ച് ടിക്കറ്റുള്ള കാണികൾക്ക് മാത്രമായിരുന്നു ഹയ്യാ കാർഡ് അനുവദിച്ചിരുന്നത്.
അതേസമയം, പുതിയ മാനദണ്ഡങ്ങൾ പ്രകാരം ഖത്തറിലെത്തുന്നവർക്ക് മാച്ച് ടിക്കറ്റ് ലഭ്യമായാൽ സ്റ്റേഡിയങ്ങളിലെത്തി മത്സരങ്ങൾ കാണുന്നതിന് തടസ്സമുണ്ടാവില്ല. ഫിഫ ഫാൻ സോൺ, മറ്റ് ഫാൻ സോൺ, കോർണിഷിലെയും കതാറയിലെയുമെല്ലാം ആഘോഷ വേദികൾ, ദോഹ മെട്രോ-ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രകൾ എന്നിവ സൗജന്യമായി ആസ്വദിക്കാനും കഴിയും.
ഹയ്യാ കാർഡ് വഴിയെത്തുന്നവർക്ക് ജനുവരി 23 വരെ ഖത്തറിൽ തമസിക്കാൻ അനുവാദമുണ്ട്. നവംബർ മൂന്നിനായിരുന്നു മാച്ച് ടിക്കറ്റില്ലാത്തവർക്കുള്ള ഹയ്യാ സംബന്ധിച്ച് അധികൃതർ പ്രഖ്യാപിച്ചത്. അന്നു മതൽ തന്നെ ബുക്കിങ്ങും അനുവദിച്ചിരുന്നു. ലോകകപ്പിൻെറ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ വെള്ളിയാഴ്ച രാത്രിയിലെ ബ്രസീൽ -കാമറൂൺ, സെർബിയ സ്വിറ്റ്സർലൻഡ് മത്സരത്തോടെ അവസാനിക്കും. ശനിയാണ് പ്രീക്വാർട്ടർ ഫൈനൽ അങ്കങ്ങൾ ആരംഭിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.