അടി, തിരിച്ചടി; വമ്പൻ പോരിൽ ഉശിരൻ സമനില
text_fieldsദോഹ: ലോകകപ്പിൽ ആദ്യ റൗണ്ടിലെ ഏറ്റവും കടുത്ത മത്സരമെന്ന് വിശേഷിപ്പിക്കപ്പെട്ട ജർമനി-സ്‍പെയിൻ പോരാട്ടത്തിൽ ഉശിരൻ സമനില. ആദ്യന്തം ആവേശകരമായ പോരിൽ ഇരു ടീമും ഓരോ ഗോളടിച്ച് പിരിയുകയായിരുന്നു. സ്പെയിനായി മൊറാട്ടയും ജര്‍മനിക്കായി ഫുള്‍ക്രഗുമാണ് ഗോള്‍ കണ്ടെത്തിയത്. ഇരുടീമും കൊണ്ടും കൊടുത്തും മുന്നേറിയ മത്സരം പ്രതീക്ഷിച്ച പോലെ പന്ത് ഇരുപകുതികളിലും കയറിയിറങ്ങി. ആദ്യ പകുതി സ്‍പെയിനിന് സ്വന്തമായിരുന്നെങ്കിൽ രണ്ടാം പകുതി ജർമനിയുടെ വരുതിയിലായിരുന്നു.
സ്‍പെയിനിന്റെ വ്യക്തമായ ആധിപത്യം കണ്ട ആദ്യപകുതിയിൽ ഏഴാം മിനിറ്റിൽ ഡാനി ഒൽമോയുടെ ഷോട്ട് മാനുവൽ ന്യൂയർ പ്രയാസപ്പെട്ടാണ് കുത്തിയകറ്റിയത്. ഉടൻ ജർമൻ താരം സെർജി നാബ്രി ഗോളിനടുത്തെങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നിരുന്നു. 22ാം മിനിറ്റിൽ ജോർഡി ആൽബയുടെ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തായി. തുടർന്ന് നാബ്രിക്ക് ലഭിച്ച സുവർണാവസരം സ്പാനിഷ് പോസ്റ്റിനോട് ചേർന്ന് പുറത്തേക്ക് പറന്നു. ഉടൻ സ്‍പെയിനിനും അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.
33ാം മിനിറ്റിൽ ഫെറാൻ ടോറസിന് ഗോളി മാത്രം മുന്നിൽ നിൽക്കെ മികച്ച അവസരം ലഭിച്ചെങ്കിലും ബാറിന് മുകളിലൂടെ പുറത്തേക്കടിച്ചു. 40ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് അന്റോണിയോ റൂഡിഗർ ഹെഡറിലൂടെ സ്പാനിഷ് വലയിലെത്തിച്ചെങ്കിലും വാറിൽ ഓഫ്സൈഡാണെന്ന് തെളിഞ്ഞത് ജർമനിക്ക് തിരിച്ചടിയായി. ആദ്യ പകുതി അവസാനിക്കാനിരിക്കെ ജർമനിക്ക് ലഭിച്ച ഫ്രീകിക്ക് റൂഡിഗർ പോസ്റ്റിലേക്കടിച്ചെങ്കിലും ഗോളി രക്ഷകനായി. ഇഞ്ചുറി ടൈമിലെ കൂട്ടപ്പൊരിച്ചിൽ ജർമൻ ഗോൾമുഖത്ത് ഭീതിയുണ്ടാക്കിയെങ്കിലും പ്രതിരോധ നിരക്കാർ വഴങ്ങിയില്ല.
56ാം മിനിറ്റിൽ ജർമനിക്ക് ലഭിച്ച സുവർണാവസരം സ്പാനിഷ് ഗോൾകീപ്പർ വലത്തോട് ഡൈവ് ചെയ്ത് തട്ടിത്തെറിപ്പിച്ചു. ആറ് മിനിറ്റിന് ശേഷം ജോർഡി ആൽബയുടെ മനോഹരമായ പാസ് വലയിലേക്ക് തട്ടിയിട്ട് അൽവാരോ മൊറാട്ട സ്പെയിനിന് നിർണായക ലീഡ് നൽകി. ഗോൾ വീണതോടെ ഉണർന്നുകളിച്ച ജർമനി സ്പാനിഷ് ഗോൾമുഖം നിരന്തരം റെയ്ഡ് ചെയ്തു. 72ാം മിനിറ്റിൽ മ്യൂസിയാല നൽകിയ ക്രോസ് ക്ലിയർ ചെയ്യാൻ ജർമൻ താരത്തിനായില്ല. ഉടൻ മറ്റൊരു മികച്ച അവസരം ജർമനിക്ക് ലഭിച്ചെങ്കിലും ഗോൾകീപ്പർ രക്ഷകനായി.
83ാം മിനിറ്റിലാണ് ജർമൻ ആക്രമണത്തിന് ഫലം കണ്ടത്. പകരക്കാരനായിറങ്ങിയ നികളാസ് ഫുൾക്രഗ് ജമാൽ മ്യൂസിയാലയിൽനിന്ന് സ്വീകരിച്ച പന്ത് സ്പാനിഷ് ഗോൾകീപ്പറെ കീഴടക്കുകയായിരുന്നു. അവസാന മിനിറ്റിൽ വിജയഗോൾ നേടാനുള്ള സുവർണാവസരം ജർമൻ താരം ലിറോയ് സാനെ നഷ്ടപ്പെടുത്തി. ഗോളിയെയും കട്ട് ചെയ്ത് ഗോളടിക്കാനുളള ശ്രമം പാളിപ്പോവുകയായിരുന്നു. അവസാനം കാവ്യനീതി പോലെ മത്സരം സമനിലയിൽ പിരിഞ്ഞു. മത്സരത്തിൽ പന്ത് കൂടുതൽ കൈവശം വെച്ചത് സ്‍പെയിൻ ആയിരുന്നെങ്കിലും അവസരങ്ങളൊരുക്കിയത് ജർമനിയായിരുന്നു. അവർ 11 ഷോട്ടുകൾ ഗോൾവല ലക്ഷ്യമായി ഉതിർത്തപ്പോൾ സ്‍പെയിനിന്റേത് ഏഴിലൊതുങ്ങി.
ഗ്രൂപ്പിൽ നാല് പോയന്റോടെ സ്‍പെയിനാണ് ഒന്നാമത്. ജപ്പാൻ, കോസ്റ്റാറിക്ക ടീമുകൾക്ക് മൂന്നും ജർമനിക്ക് ഒന്നും പോയന്റുണ്ട്. ആദ്യ മത്സരത്തിൽ ജപ്പാന്റെ അട്ടിമറിയിൽ അമ്പരന്ന ജർമനിക്ക് ഇന്ന് അവർ കോസ്റ്റാറിക്കയോട് തോറ്റത് അനുഗ്രഹമാകും. അടുത്ത കളിയിൽ ജർമനി കോസ്റ്റാറിക്കയെ വീഴ്ത്തുകയും ജപ്പാൻ സ്‍പെയിനിനോട് തോൽക്കുകയും ചെയ്താൽ ജർമനിക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാം. ജർമനി ജയിക്കുകയും ജപ്പാൻ സമനില വഴങ്ങുകയും ചെയ്താൽ ഗോൾശരാശരി നിർണായകമാകും. സ്‍പെയിൻ അടുത്ത കളിയിൽ തോറ്റാലും കടന്നുകൂടിയേക്കും. മികച്ച ഗോൾ ശരാശരിയാണ് അവർക്ക് തുണയാവുക. അടുത്ത മത്സരത്തിൽ ജർമനിയെ തോൽപിച്ചാൽ കോസ്റ്റാറിക്കക്കും കടന്നുകൂടാം. സ്‍പെയിൻ ജപ്പാനെ തോൽപിക്കുകയാണെങ്കിൽ ജർമനിയോട് സമനില വഴങ്ങിയാലും കോസ്റ്റാറിക്കക്ക് പ്രീ ക്വാർട്ടറിലെത്താനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.