ദരീഷ ആർട്സ് ഫെസ്റ്റിവലിന് തുടക്കം
text_fieldsദോഹ: ഖത്തർ ലോകകപ്പ് വേളയിൽ കലാസ്നേഹികൾ പ്രതീക്ഷയോടെ കാത്തിരുന്ന ദരീഷ പെർഫോർമിംഗ് ആർട്സ് ഫെസ്റ്റിവൽ ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൺ ശൈഖ മൗസ ബിൻത് നാസർ അൽ മിസ്നാദിെൻറ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസം ആരംഭിച്ചു.
യാത്രയും സാഹസികതയും എന്ന പ്രമേയത്തിൽ എജ്യുക്കേഷൻ സിറ്റിയിലെ ഓക്സിജൻ പാർക്കിലാണ് ദരീഷ ആർട്സ് ഫെസ്റ്റിവലിെൻറ വേദി. അറബി, ഇംഗ്ലീഷ് ഭാഷകളിലായുള്ള കഥ പറച്ചിൽ, സംഗീതക്കച്ചേരി, കവിതാലാപനം, ദൃശ്യകല, നാടകം തുടങ്ങി നിരവധി പരിപാടികളാണ് ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ അവതരിപ്പിക്കുന്നത്.
ഖത്തർ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സണും സി.ഇ.ഒയുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി, കായിക യുവജനകാര്യ മന്ത്രി സലാഹ് ബിൻ ഗാനിം അൽ അലി, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജബർ അൽ നുഐമി എന്നിവരും നിരവധി പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ദി ബിഗിനിംഗ്, ദി ചലഞ്ച് ആൻഡ് അച്ചീവ്മെൻറ്, ദ ഫ്യൂച്ചർ ഓഫ് ഖത്തർ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളിലായാണ് ഖത്തർ സിംഫണിയുടെ ഉദ്ഘാടന പ്രകടനം നടന്നത്. മിഡിലീസ്റ്റും ആഫ്രോ-യൂറേഷ്യയും പര്യവേക്ഷണം ചെയ്ത സഞ്ചാരികളിൽ നിന്നും പ്രചോദനം ഉൾകക്കൊണ്ട് പ്രാദേശിക കലാകാരന്മാരും ക്യു.എഫ് വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന ദി ജേർണി ഓഫ് ഇബ്ൻ ബത്തൂത്ത ഫെസ്റ്റിവൽ പ്രമേയമായ ട്രാവൽ ആൻഡ് അഡ്വഞ്ചറിനെ ആധാരമാക്കിയാണ് അവതരിപ്പിച്ചത്.
ഖത്തർ, മൊറോക്കോ, സെനഗൽ, തുർക്കി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സാംസ്കാരിക കലാ പ്രകടനങ്ങളും ഫെസ്റ്റിവലിൽ അവതരിപ്പിക്കും.
റൗദ അൽ ഹജ്ജ്, അനസ് അൽ ദോഗൈം എന്നിവയുൾപ്പെടെ നിരവധി കലാകാരന്മാർ ഫെസ്റ്റിവലിൽ ഫലസ്തീനെക്കുറിച്ചുള്ള കവിതകൾ അവതരിപ്പിക്കും. ഇന്നും നാളെയുമായി ദിരീഷ സന്ദർശകർക്കായി സെമി ഫൈനൽ മത്സരങ്ങളുടെ പ്രത്യേക പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്. ടിക്കറ്റ് വഴിയാണ് ഫെസ്റ്റിവലിലേക്കുള്ള പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.