എംബാപ്പെയെ പരിഹസിച്ച് വിവാദമുണ്ടാക്കിയ എമി മാർടിനെസ് നാളെ ടോട്ടൻഹാമിനെതിരെ ഇറങ്ങും. ഖത്തർ കഥകൾ താരം മറക്കണമെന്ന് കോച്ച് എമറി
text_fieldsലോകകപ്പ് കിരീടനേട്ടത്തിനു പിറകെ ബ്വേനസ് ഐറിസിലെത്തി എംബാപ്പെയുടെ കളിപ്പാവയുമായി വിവാദം സൃഷ്ടിച്ച അർജന്റീന ഗോളി എമിലിയാനോ മാർടിനെസ് വീണ്ടും പ്രിമിയർ ലീഗിൽ കളി തുടങ്ങുന്നു. ടോട്ടൻഹാമിനെതിരായ മത്സരത്തിൽ ആസ്റ്റൺ വില്ലയുടെ വല കാക്കാനിറങ്ങുന്ന താരത്തിന് പക്ഷേ, കർശന നിർദേശങ്ങളാണ് പരിശീലകൻ ഉനയ് എമറി മുന്നിൽവെക്കുന്നത്. ഖത്തർ സംഭവങ്ങൾ പൂർണമായി മാറ്റിവെച്ച് ആസ്റ്റൺ വില്ലയിൽ 100 ശതമാനവും ശ്രദ്ധ കേന്ദ്രീകരിച്ചാകണം മാർടിനെസ് എത്തുന്നതെന്ന് എമറി ആവശ്യപ്പെട്ടു. പുതിയ സാഹചര്യവുമായി താരം അതിവേഗം ഇണങ്ങണമെന്നും നിർദേശിച്ചു. അർജന്റീനയിലെ ആഘോഷങ്ങളെ കുറിച്ച് താരവുമായി സംസാരിക്കാൻ ഉദ്ദേശിക്കുന്നതായി കഴിഞ്ഞ ആഴ്ച വില്ല പരിശീലകൻ പറഞ്ഞിരുന്നു.
ലോകകപ്പ് ഫൈനലിൽ ഷൂട്ടൗട്ട് വിധി നിർണയിച്ച കളിയിൽ മാർടിനെസായിരുന്നു അർജന്റീനയുടെ രക്ഷകൻ. ഗോൾഡൻ ഗ്ലൗ പുരസ്കാരം സ്വീകരിച്ചയുടൻ കാണിച്ച ഗോഷ്ഠിയും അർജന്റീനയിലെത്തിയ ഉടൻ എംബാപ്പെയെ പരിഹസിച്ച് ആഘോഷങ്ങളിൽ വിവാദമുണ്ടാക്കിയതും മാധ്യമങ്ങൾ വാർത്തയാക്കി. ലോകത്തുടനീളം കടുത്ത പ്രതിഷേധത്തിനുമിടയാക്കി. താരം നടത്തിയത് മാന്യതക്കു നിരക്കാത്തതാണെന്ന വിമർശനമായിരുന്നു സമൂഹ മാധ്യമങ്ങളിൽ. മാർടിനെസ് സ്വന്തത്തെ കുറിച്ച് അഭിമാനമുള്ളവനാകണമെന്ന് എമറി പറഞ്ഞു.
‘ഞങ്ങളുടെ നിരയിൽ ഒരു ലോകകപ്പ് ജേതാവുമുണ്ട്. അത് അയാൾ അർഹിക്കുന്നതാണ്. ഓരോ നാളും അയാളാണ് സഹതാരങ്ങളെ പരിശീലന മുറ്റത്ത് നയിക്കാറുള്ളത്’’- എമറി പറഞ്ഞു.
കഴിഞ്ഞ ദിവസം തിരിച്ചെത്തിയ മാർടിനെസ് ലിവർപൂളിനെതിരായ കളിയിൽ ഇറങ്ങിയിരുന്നില്ല. മത്സരം 3-1ന് തോറ്റ ആസ്റ്റൺ വില്ല പോയിന്റ് പട്ടികയിൽ 12ാമതാണ്. ഞായറാഴ്ചയാണ് ടോട്ടൻഹാമിനെതിരായ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.