എമിലിയാനോ മാർട്ടിനസ്: ഫ്രാൻസിൽനിന്ന് വിജയം തട്ടിപ്പറിച്ച 'അവതാരം'
text_fieldsദോഹ: ഷൂട്ടൗട്ട് വരെയെത്തിയ ലോകകപ്പ് ഫൈനലിന്റെ ആവേശപ്പോരിൽ ഫ്രാൻസിനെ വീഴ്ത്തിയത് അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്. ഫ്രാൻസിന്റെ സ്വപ്നങ്ങളെ ഉജ്വലമായ സേവുകളിലൂടെ തട്ടിത്തെറിപ്പിച്ച് മികച്ച ഗോൾകീപ്പർക്കുള്ള 'ഗോൾഡൻ ഗ്ലൗ'വും സ്വന്തമാക്കിയാണ് ലുസൈൽ സ്റ്റേഡിയത്തിൽ എമി അർജന്റീനയുടെ വീരനായകനായത്. ഷൂട്ടൗട്ടിൽ കിങ്സ്‍ലി കോമാന്റെ ഷോട്ട് അദ്ദേഹം തട്ടിത്തെറിപ്പിക്കുകയും ഷൗമേനി പുറത്തേക്കടിക്കുകയും ചെയ്തതോടെ 4-2നായിരുന്നു മെസ്സിപ്പടയുടെ വിജയം. മത്സരത്തിന്റെ 123ാം മിനിറ്റിൽ റാൻഡൽ കോളോ മുആനിയുടെ ഗോളെന്നുറച്ച ഷോട്ട് അവിശ്വസനീയമായാണ് അർജന്റീന ഗോൾകീപ്പർ തടഞ്ഞിട്ടത്.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയെങ്കിലും യഥാർഥ പ്രകടനം എമി ഫൈനലിലേക്ക് മാറ്റിവെക്കുകയായിരുന്നു. 23 സേവുകളുമായി ക്രൊയേഷ്യയെ മൂന്നാം സ്ഥാനത്തേക്ക് നയിച്ച ഗോൾകീപ്പർ ലിവാകോവിച്, നാല് മത്സരങ്ങളിൽ ഗോൾ വഴങ്ങാതെ മൊറോക്കൻ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച യാസിൻ ബോനു എന്നിവരാണ് എമിലിയാനോക്കൊപ്പം ഗോൾഡൻ ഗ്ലൗവിനായി മത്സരത്തിനുണ്ടായിരുന്നത്. എന്നാൽ, ഫൈനലിലെ പ്രകടനം അർജന്റീന താരത്തിന് തുണയാവുകയായിരുന്നു.
കിലിയൻ എംബാപ്പെ ഹാട്രിക്കും ലയണൽ മെസ്സി ഇരട്ടഗോളും നേടിയ മരണക്കളിയിൽ അർജന്റീന ഷൂട്ടൗട്ടിൽ വിജയം നേടുകയായിരുന്നു. ആദ്യ ഇരുപകുതികളിലും അധികസമയത്തുമായി 3-3 സമനിലയിൽ പിരിഞ്ഞ ശേഷമാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ കിക്കെടുത്ത നാല് അർജന്റീനൻ താരങ്ങളും പന്ത് വലയിലെത്തിച്ചപ്പോൾ ഫ്രഞ്ച് പടയിൽ രണ്ടുപേർക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്. ലയണൽ മെസ്സി, ഗോൺസാലോ മോണ്ടിയേൽ, ലിയനാഡോ പരേഡെസ്, പൗളോ ഡിബാല എന്നിവരാണ് അർജന്റീനക്കായി ഗോളടിച്ചത്. ഫ്രഞ്ച് നിരയിൽ എംബാപ്പെയും രണ്ടൽ കോലോ മുവാനിയും ലക്ഷ്യം കണ്ടപ്പോൾ ഷുവാമെനിയും കൂമാനും അവസരം നഷ്ടപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.