ഇംഗ്ലീഷ് വാഴ്ച; സെനഗാളിനെ വീഴ്ത്തി ക്വാർട്ടറിൽ; എതിരാളികൾ ഫ്രാൻസ്
text_fieldsദോഹ: അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഗോളുകൾ പെയ്തിറങ്ങിയ രാവിൽ ആഫ്രിക്കൻ കരുത്തുമായെത്തിയ സെനഗാളിനെ വീഴ്ത്തി ഇംഗ്ലീഷ് പടയോട്ടം. ഏകപക്ഷീയമായ മൂന്നു ഗോളിന് സെനഗാളിനെ തകർത്ത് ഇംഗ്ലണ്ട് ഖത്തർ ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ കടന്നു.
ഡിസംബർ 11ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് ഫ്രാൻസുമായി ഏറ്റുമുട്ടും. ജോർദാൻ ഹെൻഡേഴ്സൺ (39), ഹാരി കെയ്ൻ (45+3), ബുകായോ സാക (57) എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോൾ നേടിയത്. പ്രസ്സിങ് ഗെയിമുമായി മുന്നേറിയ സെനഗാളിന് ഗോളുകളിലൂടെയാണ് ഇംഗ്ലണ്ട് മറുപടി നൽകിയത്.
ഹെൻഡേഴ്സണാണ് ഇംഗ്ലണ്ടിനായി ആദ്യം വലകുലുക്കിയത്. കെയ്ൻ നൽകിയ പന്തുമായി ഇടതുവിങ്ങിലേക്ക് ബെല്ലിങ്ഹാമിന്‍റെ മുന്നേറ്റം. പ്രതിരോധ താരങ്ങൾക്കിടയിലൂടെ പോസ്റ്റിനു സമാന്തരമായി താരം നൽകിയ ക്രോസ് ഹെൻഡേഴ്സണ് വലയിലേക്ക് തട്ടിയിടേണ്ട ജോലി മാത്രം. സെനഗാൾ ഗോളി എഡ്വാർഡ് മെൻഡി കാഴ്ചക്കാരനായി നിന്നു.
ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമാണ് ഹെൻഡേഴ്സൺ. 1958ലെ ലോകകപ്പിൽ യു.എസ്.എസ്.ആറിനെതിരെ ടോം ഫിന്നി ഗോൾ നേടുമ്പോൾ വയസ്സ് 36. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ കെയ്നിലൂടെ ഇംഗ്ലണ്ട് ലീഡ് രണ്ടാക്കി. പ്രതിരോധം മറന്ന് മുന്നേറി കളിച്ചതാണ് സെനഗാളിന് തിരിച്ചടിയായത്.
അതിവേഗ കൗണ്ടർ അറ്റാക്കിങ്ങാണ് ഗോളിലേക്ക് നയിച്ചത്. മധ്യത്തിലൂടെ മുന്നേറിയ ബെല്ലിങ്ഹാം പന്ത് ഫിൽ ഫോഡന് മറിച്ചുകൊടുത്തു. പിന്നാലെ ഫോഡൻ മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന കെയ്ന് കൈമാറി. പിന്നാലെ ആവശ്യത്തിന് സമയമെടുത്ത് പോസ്റ്റിലേക്ക് തൊടുത്ത കെയ്നിന്‍റെ ഷോട്ട് ഗോളിയെയും മറികടന്ന് വലയിലേക്ക്.
ഖത്തർ ലോകകപ്പിൽ ഗോൾ നേടാനാകാത്തത്തിന്‍റെ നിരാശ ഒടുവിൽ കെയ്ൻ തീർത്തു. 57ാം മിനിറ്റിൽ ബുകായോ സാകയിലൂടെ ഇംഗ്ലണ്ട് വീണ്ടും ലീഡ് ഉയർത്തി. മധ്യഭാഗത്ത് കെയ്ന്‍ നഷ്ടപ്പെടുത്തിയ പന്ത് റാഞ്ചി ഫോഡൻ നടത്തിയ മുന്നേറ്റമാണ് ഗോളിലെത്തിയത്. ഇടതുപാർശ്വത്തിൽനിന്ന് ഫോഡൻ പോസ്റ്റിനു സമാന്തരമായി നൽകിയ ക്രോസ് സാക അനായാസം വലയിലാക്കി. ഖത്തർ ലോകകപ്പിൽ സാകയുടെ മൂന്നാമത്തെ ഗോളാണിത്.
ആദ്യ മിനിറ്റുകളിൽ സെനഗാൾ മുന്നേറ്റമായിരുന്നു. നാലാം മിനിറ്റിൽ തന്നെ സെനഗാളിന് സുവർണാവസരം. ത്രൂബോൾ കാലിൽ കുരുക്കി ജോണ്‍ സ്റ്റോണ്‍സിനും ഹാരി മഗ്വെയര്‍ക്കും ഇടയിലൂടെ ഇംഗ്ലണ്ട് ഗോൾമുഖത്തേക്ക് ബൊലെയ് ദിയയുടെ മുന്നേറ്റം.
എന്നാല്‍ ഷൂട്ട് ചെയ്യാന്‍ അവസരം ലഭിക്കും മുമ്പ് മഗ്വെയർ അപകടം ഒഴിവാക്കി. പിന്നാലെ തുടരെ തുടരെ സെനഗാൾ ഗോൾമുഖം വിറപ്പിച്ച് ഇംഗ്ലണ്ട് താരങ്ങളുടെ മുന്നേറ്റം. 13ാം മിനിറ്റിൽ പോസ്റ്റിന്‍റെ ഇടതുവിങ്ങിൽനിന്ന് നായകൻ ഹാരി കെയ്ൻ പോസ്റ്റിനു സമാന്തരമായി ബോക്സിനുള്ളിലേക്ക് പന്ത് ഉയർത്തി നൽകിയെങ്കിലും ബുകായോ സാകക്ക് എത്തിപ്പെടാനായില്ല. ആദ്യ 20 മിനിറ്റ് പിന്നിടുമ്പോഴും ഇരു ടീമുകൾക്കും കാര്യമായ ചലനങ്ങളുണ്ടാക്കാനായില്ല. 22ാം മിനിറ്റിൽ സെനഗാളിന് മറ്റൊരു അവസരം. മഗ്വയറുടെ പാസ് പിടിച്ചെടുത്ത ക്രെപിൻ ഡയറ്റ വലതു വിങ്ങിലൂടെ മുന്നേറി ഇംഗ്ലണ്ട് ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് ദിയക്ക് കൃത്യമായി കണക്ടറ്റ് ചെയ്യാനായില്ല.
പന്ത് വന്ന് വീണത് ഗോളി പിക്ക്ഫോർഡിനു മുന്നിൽ. പന്ത് ഗോളി കൈയിലൊതുക്കുന്നതിനു മുമ്പേ പാഞ്ഞെത്തിയ ഇസ്മയില സാറ ഷോട്ട് തൊടുത്തെങ്കിലും ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്. 32ാം മിനിറ്റിൽ സെനഗാൾ മുന്നേറ്റത്തിനൊടുവിൽ പന്ത് ബോക്സിനുള്ളിലുണ്ടായിരുന്നു ദിയയുടെ കാലിൽ. ഇടതുവിങ്ങിൽനിന്നുള്ള വല ലക്ഷ്യമാക്കിയുള്ള താരത്തിന്‍റെ ഷോട്ട് ഇംഗ്ലണ്ട് ഗോളി തട്ടിയകറ്റി.
രണ്ടാം പകുതിയിൽ ഗോൾ മടക്കാനുള്ള സെനഗാളിന്‍റെ മുന്നേറ്റങ്ങളെല്ലാം ഇംഗ്ലണ്ട് പ്രതിരോധിച്ചു. 73ാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ പേപ്പ് സാറിന്‍റെ 30 വാരെ അകലെ നിന്നുള്ള ഫ്രീകിക്ക് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.