ഇവിടെ തെമ്മാടിക്കൂട്ടങ്ങൾ കളി നശിപ്പിക്കില്ല; എല്ലാ ലോകകപ്പുകളും പശ്ചിമേഷ്യയിലാക്കണമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റർ പീറ്റേഴ്സൺ
text_fieldsയൂറോപ്യൻ കളിമുറ്റങ്ങളുടെ ഏറ്റവും വലിയ ശാപമാണ് ആരാധകരെന്ന പേരിലെത്തുന്ന 'തെമ്മാടിക്കൂട്ടങ്ങൾ'. ഇംഗ്ലീഷ് മൈതാനമായ വെംബ്ലിയിൽ അരങ്ങേറിയ 2020 യൂറോ ഫൈനൽ തെമ്മാടിക്കൂട്ടങ്ങളുടെ വിളയാട്ടം കണ്ട മത്സരമായിരുന്നു. ടിക്കറ്റില്ലാത്ത പതിനായിരങ്ങൾ മൈതാനത്തിനകത്തേക്ക് ഇരച്ചുകയറാൻ ശ്രമിച്ചതോടെയായിരുന്നു പ്രശ്നങ്ങളുണ്ടായത്. അതിന്റെ പേരിൽ രാജ്യം പഴിയേറെ കേൾക്കുകയും ചെയ്തു.
എന്നാൽ, എല്ലാ ടീമുകളുടെയും ആരാധകർ നിറഞ്ഞൊഴുകിയിട്ടും ചെറിയ അസ്വാരസ്യം പോലുമില്ലാതെ ഒരു മാസം നീണ്ട ടൂർണമെന്റ് വിജയകരമായി പൂർത്തിയാക്കിയാണ് ഖത്തർ കൈയടി നേടുന്നത്. കലാശപ്പോരു നടന്ന ലുസൈലിൽ 90,000 ഓളം കാണികളാണ് എത്തിയത്. ഇതേ വേദിയിലെ മറ്റു മത്സരങ്ങൾക്കും സമാനമായിരുന്നു കാണികളുടെ എണ്ണം. എന്നിട്ടും, മൈതാനത്തിനകത്തോ പുറത്തോ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തില്ല. താരങ്ങൾക്കുനേരെ വംശീയ അധിക്ഷേപങ്ങളുമുണ്ടായില്ല.
ഇത്രയും മനോഹരമായി കളി നടക്കുമെന്നതിനാൽ ഇനി എല്ലാ മത്സരങ്ങളും നമുക്ക് മിഡിലീസ്റ്റിൽ നടത്താമെന്ന് ഇംഗ്ലീഷ് മുൻ ക്രിക്കറ്റർ കെവിൻ പീറ്റേഴ്സൺ സമൂഹ മാധ്യമത്തിൽ കുറിച്ചു. അവിടെയായാൽ അമ്മമാരും പിതാക്കന്മാരും കുരുന്നുകളും ആൺകുട്ടികളും പെൺകുട്ടികൾക്കുമടക്കം എല്ലാവർക്കും ഒരുപോലെ കളി തടസ്സമില്ലാതെ ആസ്വദിക്കാനാകുമെന്നും അദ്ദേഹം കുറിച്ചു.
സ്വാഭാവികമായും തന്റെ നാട്ടുകാർ തന്നെ പ്രതിപക്ഷത്തുവരുമെന്നതിനാൽ ഈ വാക്കുകളുടെ പേരിൽ വിമർശനവുമായി എത്തരുതെന്നും പീറ്റേഴ്സൺ ആവശ്യപ്പെടുന്നുണ്ട്. ''ദയവായി, ഇതിന്റെ പേരിൽ മോശം പ്രതികരണം വേണ്ട. നിങ്ങൾ ദോഹയിൽ പോകുകയും അവിടെ മോശം അനുഭവമുണ്ടാകുകയും ചെയ്താൽ മാത്രം എന്തും പറഞ്ഞോളൂ''- എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.
ലോകം കാൽപന്ത് ലഹരിയിലായിരുന്ന ഡിസംബർ മധ്യത്തിലും പശ്ചിമേഷ്യൻ രാജ്യങ്ങളെ പ്രകീർത്തിച്ച് താരം ട്വീറ്റ് ചെയ്തിരുന്നു. ''ഖത്തർ, സൗദി, ദുബൈ- എല്ലാം ചുരുങ്ങിയ നാളുകളിൽ. മിഡിലീസ്റ്റ് അതിവേഗം വളരുകയാണ്. സാമ്പത്തിക സുസ്ഥിതിയുള്ള, അതിവേഗം വളരുന്ന, സുരക്ഷിതമായ, മികച്ച വിദ്യാഭ്യാസമുള്ള, എല്ലാവരും പുഞ്ചിരിയോടെ നിൽക്കുന്ന നാട്. യൂറോപ് വിട്ട് ഇവിടേക്ക് താമസം മാറിയ, മാറുന്നത് പരിഗണിക്കുന്ന ഒരുപാട് പേരെ എനിക്കറിയാം''- എന്നായിരുന്നു അന്നത്തെ ട്വീറ്റ്.
ഫ്രാൻസ് രണ്ടുവട്ടം തിരിച്ചുവന്ന് ഒടുവിൽ ഷൂട്ടൗട്ടിൽ വീണ ലോകകപ്പ് ഫൈനൽ കാണാൻ പീറ്റേഴ്സൺ ദോഹയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.