യൂറോപ്യൻ വിമർശനങ്ങൾ ഇരട്ടത്താപ്പ് -തുറന്നടിച്ച് ഫിഫ പ്രസിഡൻറ് ഇൻഫൻറിനോ
text_fieldsദോഹ: ഫിഫ ലോകകപ്പിലേക്ക് ലോകം മണിക്കൂറുകൾ എണ്ണി കാത്തിരിക്കെ ആതിഥേയരായ ഖത്തറിനെതിരെ ഉയർന്ന യൂറോപ്യൻ വിമർശനങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ.
ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിലെ മെയിൻ മീഡിയ സെന്ററിൽ ശനിയാഴ്ച രാവിലെ നടന്ന വാർത്തസമ്മേളനത്തിലായിരുന്നു ലോകമെങ്ങുമുള്ള ആയിരത്തോളം മാധ്യമപ്രവർത്തകർക്ക് മുമ്പാകെ ഫിഫ പ്രസിഡന്റ് എണ്ണിയെണ്ണി മറുപടി നൽകിയത്.
കുടിയേറ്റ തൊഴിലാളികളുടെ വിഷയം ഉന്നയിച്ച് ലോകകപ്പിനെ വിമർശിക്കുന്ന യൂറോപ്യൻ മാധ്യമങ്ങളുടെ നടപടിയെ ഇരട്ടത്താപ്പെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
''ആളുകൾക്ക് ധാർമിക പാഠങ്ങൾ പകർന്നുനൽകും മുമ്പ്, നമ്മൾ യൂറോപ്പുകാർ കഴിഞ്ഞ 3000 വർഷംകൊണ്ട് ചെയ്തുകൂട്ടിയ കാര്യങ്ങൾക്ക്, അടുത്ത 3000 വർഷംകൊണ്ട് ക്ഷമാപണം നടത്തേണ്ടിയിരിക്കുന്നു.''
''ഇന്നു ഞാനൊരു ഖത്തറിയാണെന്ന് തോന്നുന്നു. ഇന്നു ഞാനൊരു അറബിയാണെന്ന് തോന്നുന്നു. ഇന്നു ഞാനൊരു ആഫ്രിക്കനാണെന്ന് തോന്നുന്നു. ഇന്നു ഞാനൊരു സ്വവർഗാനുരാഗിയാണെന്ന് തോന്നുന്നു. ഇന്നു ഞാനൊരു കുടിയേറ്റ തൊഴിലാളിയാണെന്നു തോന്നുന്നു. ഒരു കുടിയേറ്റക്കാരന്റെ വേദനകളും ഒറ്റപ്പെടലും അനുഭവിച്ചായിരുന്നു എന്റെ ജീവിതവും. ജോലിക്കായി സ്വിറ്റ്സർലൻഡിലെത്തിയ ഇറ്റാലിയൻ മാതാപിതാക്കളുടെ കുട്ടിയായി കുടിയേറ്റത്തിന്റെ വിവേചനവും വേദനയും അനുഭവിച്ചതാണ് ഞാൻ'' -വൈകാരികമായ വാർത്തസമ്മേളനത്തിൽ ലോക മാധ്യമങ്ങളെ സാക്ഷിയാക്കി അദ്ദേഹം പറഞ്ഞു.
''ജോലി തേടിയെത്തുന്ന കുടിയേറ്റക്കാർക്കു മുമ്പാകെ യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ വാതിലുകൾ കൊട്ടിയടക്കുമ്പോൾ, ഇന്ത്യ, ബംഗ്ലാദേശ്, മറ്റു തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികൾക്ക് നിയമപരമായ മാർഗങ്ങളിലൂടെ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുകയാണ് ഖത്തർ'' -ഇൻഫന്റിനോ പറഞ്ഞു.
ഇത് ഏറ്റവും മികച്ച ലോകകപ്പ്
ഖത്തർ വേദിയാവുന്നത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിനാണെന്ന് ജിയാനി ഇൻഫന്റിനോ വ്യക്തമാക്കി. സ്റ്റേഡിയങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെ മികച്ച സംവിധാനങ്ങളുമായാണ് ഖത്തർ ലോകകപ്പിനെ സ്വാഗതം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിർമാണ പ്രവർത്തനങ്ങളിലെ കുടിയേറ്റ തൊഴിലാളികളുടെ കഠിനാധ്വാനത്തെ പ്രശംസിച്ച ഇൻഫന്റിനോ, രാജ്യാന്തര ഏജൻസികളുടെയും മറ്റും നിരീക്ഷണത്തിൽ ഖത്തർ സജീവമായി തൊഴിൽ പരിഷ്കാരവും ക്ഷേമപ്രവർത്തനങ്ങളും നടത്തിയതായും, എക്വിഡം ഉൾപ്പെടെ ഏജൻസികൾ അംഗീകാരം നൽകിയതായും അദ്ദേഹം പറഞ്ഞു.
ലോകകപ്പ് സാമ്പത്തിക വിജയം
മുൻ ലോകകപ്പുകളേക്കാൾ 600 മുതൽ 700 ദശലക്ഷം ഡോളർ വരെ സാമ്പത്തിക വിജയമാണ് ഖത്തർ ലോകകപ്പെന്ന് ഇഫന്റിനോ പറഞ്ഞു. മാധ്യമ അവകാശം, സ്പോൺസർഷിപ്, ടിക്കറ്റിങ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലയിൽനിന്ന് വരുമാനം വർധിച്ചതായി അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയങ്ങളിലെ മദ്യവിലക്ക്കൂട്ടായ തീരുമാനം
ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യത്തിന് വിലക്കേർപ്പെടുത്താനുള്ള തീരുമാനം ഫിഫയും ഖത്തർ സംഘാടകരും സംയുക്തമായി എടുത്തതാണെന്ന് ചോദ്യത്തിന് ഉത്തരമായി ഇൻഫന്റിനോ പറഞ്ഞു. ഓരോ തീരുമാനങ്ങളും, ചർച്ചയും സംവാദവും നടത്തി ഐകകണ്ഠ്യേനയാണ് ഫിഫ തീരുമാനിക്കുന്നതെന്നും വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.