ആരാധകരേ...നിങ്ങൾ ശാന്തരാകരുത് !
text_fieldsനിർത്താതെ പെയ്യുന്ന ഉത്സവക്കാഴ്ചയാണ് ഖത്തർ ലോകകപ്പിലെ അർജന്റീന മത്സരങ്ങൾ. കളത്തിലേതിനേക്കാളേറെ ആ തോന്നലുകൾക്ക് അടിവരയിടുന്നത് ഓരോ കളിത്തട്ടിലേയും ഗാലറികളിലാണ്. കരക്കിരിക്കുന്നവർ കളിയെ വല്ലാതെ സ്വാധീനിക്കുന്നുവെന്നത് അർജന്റീന കളിക്കുമ്പോഴുള്ള ഗാലറികൾ നമ്മെ ഓർമപ്പെടുത്തും. ഓരോ മത്സരവും കഴിഞ്ഞ് ലയണൽ മെസ്സിയും കൂട്ടുകാരും അത്യുത്സാഹത്തോടെ അവർക്കുനേരെ നടന്നടുക്കുന്നത് അതിന്റെ സാക്ഷ്യമാണ്.
അവർക്കൊപ്പം പാട്ടുപാടുകയും നൃത്തമാടുകയും ചെയ്യുന്നതിലുണ്ട് ആ അടങ്ങാത്ത കടപ്പാട്. പോളണ്ടിനെതിരായ മത്സരശേഷമുള്ള വാർത്തസമ്മേളനത്തിൽ ആരാധകരോടുള്ള സ്നേഹവായ്പ് പ്രകടിപ്പിക്കാൻ മെസ്സി ഏറെ സമയം ചെലവിട്ടതും അതുകൊണ്ടാണ്. ഒരുപക്ഷേ, മെസ്സിയുടെ സംഭവബഹുലമായ കരിയറിൽ അയാൾ, കാണികളോട് ഇത്രമാത്രം ചേർന്നുനിന്നതിന് മറ്റു ഉദാഹരണങ്ങൾ വേറെയുണ്ടാവില്ല.
ഈ ലോകകപ്പിൽ ഏറ്റവും മികച്ച കാണികൾക്കൊരു കപ്പുണ്ടെങ്കിൽ അത് അർജൻറീനക്കാർക്ക് സ്വന്തമാണ്. മറ്റെല്ലാവരും അവർക്ക് ഏറെ പിന്നിലേ വരൂ. മുപ്പതിനായിരത്തിലേറെ കാണികളാണ് അർജന്റീനയിൽനിന്ന് ഖത്തറിൽ പറന്നിറങ്ങിയത്. ആരവങ്ങളിൽ മെക്സികോ അവർക്കൊപ്പമെത്തിയേക്കാമെങ്കിലും എണ്ണത്തിൽ ഏറെ പിന്നിൽ. ബ്രസീൽ കാണികൾ എണ്ണത്തിൽ അർജന്റീനക്ക് തൊട്ടുപിറകിലുണ്ടെങ്കിലും അയൽക്കാർ ഉയർത്തുന്ന ആരവങ്ങളോട് കിടപിടിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.
അർജന്റീന ആരാധകർ അതിശയമാകുന്നത് മറ്റൊന്നും കൊണ്ടല്ല, അവർ പ്രസരിപ്പിക്കുന്ന അപാരമായ ഊർജവും ടീമിന് നൽകുന്ന അനൽപമായ പിന്തുണയും കൊണ്ടാണ്. സ്റ്റേഡിയത്തിലെത്തിയ നിമിഷം മുതൽ അവർ സ്തുതിഗീതങ്ങൾ പാടിത്തുടങ്ങുന്നു. അവസാന വിസിൽ വരെ അതങ്ങനെ ഹുങ്കാരമായി മുഴങ്ങും.
ടീമിന്റെ ആവേശനിമിഷങ്ങളേക്കാൾ, താരങ്ങൾ പതറുകയോ പ്രതിസന്ധിയിലാവുകയോ ചെയ്യുമ്പോഴാണ് അത് ഉച്ചസ്ഥായിയിലാവുന്നത്. അപ്പോൾ താരങ്ങളും അവരെ നോക്കി 'ആരാധകരേ..ശാന്തരാകരുത്' എന്ന സന്ദേശം നൽകുന്നതോടെ ഉണർവ് കൂടും. ഒരു ഗാനം സ്റ്റേഡിയം മുഴുവൻ ഒരേ ഈണത്തിൽ ഏറ്റുപിടിക്കുമ്പോഴുള്ള 'വിദ്യുത് തരംഗം' ഖത്തറിന് കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ഇതിനകം ബോധ്യപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച ലുസൈൽ സ്റ്റേഡിയത്തിന്റെ രാത്രിയിൽ അവർ കൂടുതൽ വൈബ്രന്റായിരുന്നു. ഉദ്വേഗത്തിന്റെ മുൾമുനയിൽനിന്നശേഷം അതിരുകളില്ലാത്ത വിജയോന്മാദത്തിലേക്ക് വഴിമാറിയ രാത്രി. കൈവിട്ടുപോയെന്ന് കരുതിയ സ്വപ്നങ്ങളെ എമിലിയാനോ മാർട്ടിനെസിന്റെ കരുത്തുറ്റ കരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ സ്റ്റേഡിയത്തിൽ അർജന്റീന പൂത്തുലഞ്ഞു. രണ്ടുഗോൾ മാർജിൻ ഡച്ചുപട അവസാനനിമിഷങ്ങളിൽ പതച്ചുടക്കുന്നത് കണ്ടിട്ടും അവർ നിരാശ അടക്കിവെച്ച് ടീമിന് പിന്തുണയുമായി പാടിക്കൊണ്ടേയിരുന്നു.
ഒടുക്കം, പെനാൽറ്റി ഷൂട്ടൗട്ടിന്റെ നാടകീയതക്ക് അന്ത്യം കുറിച്ച് സ്റ്റേഡിയത്തിന്റെ വടക്കേ മൂലയിൽ അർജന്റീന താരങ്ങൾ ഒരുമനമായി കെട്ടിപ്പുണരുമ്പോൾ ഗാലറിയിൽ ആവേശം പാരമ്യത്തിലെത്തി. പിന്നാലെ ലയണൽ മെസ്സിയും കൂട്ടുകാരും അവർക്കൊപ്പം ചേർന്നു. ആ വികാരത്തള്ളിച്ചയിൽ അവർ മണിക്കൂറുകൾ സ്റ്റേഡിയത്തിൽ തമ്പടിച്ച് ആഘോഷം കൊഴുപ്പിച്ചു. താളത്തിലുള്ള പാട്ടുകളും അതിനൊത്ത ചുവടുകളുമായി ആ രാത്രി മതിമറന്നാഘോഷിച്ചു.
സ്റ്റേഡിയത്തിലേക്ക് പുറപ്പെടുന്നതു മുതൽ അർജന്റീന ആരാധകരുടെ ആരവങ്ങൾക്ക് തുടക്കമാവും. മെട്രോ സ്റ്റേഷനിൽ ഒന്നായിച്ചേരുമ്പോൾ അതിന് ജീവൻ വെക്കും. ട്രെയിനിന്റെ അതിവേഗത്തിനൊപ്പം, അതിലേറെ വേഗത്തിൽ ആവേശനൃത്തം ചവിട്ടും. സ്റ്റേഡിയത്തിലേക്കുള്ള വഴികളിൽ ഗാലറിയിലെ ആരവങ്ങളിലേക്ക് നീക്കങ്ങൾ മുളപൊട്ടും. ഇരിപ്പിടത്തിലെത്തിയാലുടൻ ആവേശത്തിരകൾ ചേർന്ന കടലിരമ്പം.
ബ്വേനസ് എയ്റിസിലും റൊസാരിയോയിലും സാൾട്ടയിലും മെൻഡോസയിലും ലാപ്ലാറ്റയിലും നിന്നൊക്കെ കാശുമിച്ചംവെച്ച് ആയിരങ്ങളെത്തിയത് ഈ മുഹൂർത്തങ്ങൾക്കുവേണ്ടിയായിരുന്നു. ലുസൈലിലെ കളി കഴിഞ്ഞ് പുലർച്ചെ മെട്രോ സ്റ്റേഷനിലെ സിമന്റുബെഞ്ചിൽ കൂനിക്കിടന്നുറങ്ങുന്ന അർജന്റീന ആരാധകരുടെ ചിത്രം അവരുടെ ആവേശം വെളിപ്പെടുത്തുന്നതായിരുന്നു.
എയർപോർട്ടിൽനിന്ന് നേരെ സ്റ്റേഡിയത്തിലേക്ക് വന്നവരാണ് മിക്കവരുമെന്ന് അവർക്കൊപ്പമുള്ള വലിയ ലഗേജുകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.'ഖത്തർ ഒരുപാട് ദൂരെയാണ് അർജന്റീനക്ക്. ഇവിടെയെത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ, ഈ രാത്രിയിൽ ഈ സ്റ്റേഡിയം മുഴുക്കെയെന്നോണം അർജന്റീന ആരാധകരാണ്. അർജന്റീനയുടെ എല്ലാ മത്സരങ്ങൾക്കും അതുതന്നെയാണ് അവസ്ഥ. ഇതെന്നെ അഭിമാനഭരിതനാക്കുന്നു.'-ദോഹയിലുള്ള മുൻ അർജന്റീന താരം പാേബ്ലാ സബലേറ്റ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.