ഖത്തർ 2022 ഇനി പ്രധാന ടൂർണമെൻറുകളിലെ സുരക്ഷയെ നിർണയിക്കും -ഫിഫ
text_fieldsദോഹ: ഫിഫ ലോകകപ്പ് ഫുട്ബാൾ ആതിഥേയത്വത്തിന് ഒരു ദശാബ്ദത്തിലേറെക്കാലമായുള്ള ഖത്തറിന്റെ തയാറെടുപ്പുകളിലെ പ്രധാന ഘടകമായിരുന്നു സുരക്ഷ സംബന്ധമായ മുന്നൊരുക്കങ്ങൾ. ഇതിന്റെ ഭാഗമായി മേഖലയിലെയും പുറത്തുമുള്ള പ്രതിരോധ സ്ഥാപനങ്ങളുമായി ഖത്തർ പങ്കാളിത്തം സ്ഥാപിക്കുകയും നേരത്തേയുണ്ടായിരുന്ന സഹകരണം ശക്തമാക്കുകയും ചെയ്തിരുന്നു.
സുരക്ഷിതവും അതോടൊപ്പം കൂടുതൽ ലളിതവുമായ വിസ നടപടിക്രമങ്ങൾ ഉറപ്പാക്കിയുള്ള ഖത്തർ 2022 ലോകകപ്പിൽ ഉപയോഗിച്ച ‘മിഡിലീസ്റ്റേൺ സെക്യൂരിറ്റി ഇന്നവേഷൻ’, പ്രധാന ടൂർണമെൻറുകളുടെയും ചാമ്പ്യൻഷിപ്പുകളുടെയും പൊതു സുരക്ഷയുടെ ഭാവി രൂപപ്പെടുത്തുന്നതായിരിക്കുമെന്ന് ഫിഫ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി, ആക്സസ് ഡയറക്ടർ ഹെൽമുട്ട് സ്പാൻ പറഞ്ഞു.
ഒരുമാസം നീണ്ടുനിന്ന ടൂർണമെൻറിലുടനീളം ആരാധകരുടെ പ്രവേശന അനുമതിക്ക് പകരമായി ഡിജിറ്റൽ ഹയ്യ കാർഡാണ് ഉപയോഗിച്ചത്. അവരുടെ യാത്രയും താമസവും ഉൾപ്പെടെയുള്ള നിർണായക സുരക്ഷ വിവരങ്ങൾ അധികാരികൾക്ക് ലഭ്യമാക്കാനും എല്ലാ കാണികളും ഉണ്ടെന്ന് ഉറപ്പാക്കാനും അതു സഹായകമായി. കഴിഞ്ഞമാസത്തെ ടൂർണമെൻറിൽനിന്ന് പഠിച്ച ഏറ്റവും പ്രധാനപ്പെട്ട പാഠങ്ങൾ അമേരിക്ക, കാനഡ, മെക്സികോ എന്നിവിടങ്ങളിലായി 2026ൽ നടക്കുന്ന ലോകകപ്പുൾപ്പെടെയുള്ള ഭാവിയിലെ പ്രധാന കായിക ചാമ്പ്യൻഷിപ്പുകളിൽ എങ്ങനെ ഉപയോഗിക്കാമെന്നും സ്പാൻ വ്യക്തമാക്കി.
‘എന്റെ അഞ്ചാമത്തെ ലോകകപ്പായിരുന്നു ഇത്. ഓരോ വിശ്വമേളയും അതുല്യമായ അനുഭവമാണ്. 2026ലെ ലോകകപ്പ് തീർത്തും വ്യത്യസ്തമായിരിക്കും. ഒരു നഗരം ആതിഥ്യം വഹിച്ച രീതിയിൽനിന്ന് ഒരു ഭൂഖണ്ഡത്തിലേക്കാണ് ഞങ്ങൾ പോകുന്നത്’ -ദുബൈയിൽ ഇൻറർസെക് 2023ന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സുരക്ഷ നേതാക്കളുടെ ഉച്ചകോടിയെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു.ഖത്തർ ലോകകപ്പിൽ ഡിജിറ്റൽ ഹയ്യ കാർഡ് അവതരിപ്പിച്ചത് ഏറെ പ്രധാന ഘടകമായിരുന്നു.
വിസക്ക് പകരമുള്ളതും യാത്ര എളുപ്പമാക്കുന്നതുമായിരുന്നു ഹയ്യ കാർഡ്. കാനഡ, അമേരിക്ക, മെക്സികോ എന്നിവിടങ്ങളിൽ ഇവ ഉപയോഗപ്പെടുത്താൻ കഴിയും. എന്നാൽ, അവിടത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോൾ അത് പ്രയോഗവത്കരിക്കുന്നത് അൽപം ബുദ്ധിമുട്ടേറിയ നടപടിയുമായിരിക്കും.
പ്രത്യേകിച്ച് മെക്സികോക്കും അമേരിക്കക്കും ഇടയിലെ അതിർത്തിയിൽ. എന്നാലും കായികമേഖലക്ക് ദിശാസൂചകമാകാനും കാര്യങ്ങൾ മാറ്റാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.