ഫിഫ ലോകകപ്പ് -2022: ഖത്തറിലേക്ക് പോകാൻ തയാറെടുത്തോളൂ; ജവാസാത്ത് സജ്ജമാണ്
text_fieldsറിയാദ്: ഈ മാസം 20-ന് ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങൾ കാണാൻ സൗദിയിൽനിന്ന് ഖത്തറിലേക്ക് പോകുന്നവർക്ക് സേവനം നൽകാൻ സജ്ജമാണെന്ന് സൗദി ജവാസത്ത് (ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്) അറിയിച്ചു. കര, വ്യോമ മാർഗങ്ങളിലൂടെ ദോഹ ലക്ഷ്യമാക്കി പുറപ്പെടുന്നവർക്ക് എമിഗ്രേഷൻ അടക്കമുള്ള സേവനങ്ങൾ നൽകാൻ എല്ലാ അന്തർദേശീയ വിമാനത്താവളങ്ങളിലും അതിർത്തി ചെക്ക് പോയന്റുകളിലും ആവശ്യത്തിന് ഉദ്യോഗസ്ഥരെ ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ സജ്ജമാക്കിയതായാണ് ജവാസത്ത് അധികൃതർ അറിയിച്ചത്. യാത്രക്കാർ പുറപ്പെടുമ്പോൾ മുതൽ മടങ്ങിയെത്തുംവരേക്കും ഈ സംവിധാനം നിലനിൽക്കുമെന്ന് സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു.
കര, വ്യോമ മാർഗങ്ങളിലൂടെ നവംബർ ഒന്നിനും ഡിസംബർ 23-നും ഇടയിൽ ഹയ്യ പോർട്ടലിൽ രജിസ്റ്റർ ചെയ്ത പാസ്‌പോർട്ട് ഉപയോഗിച്ച് മാത്രമേ സൗദി അറേബ്യയിൽനിന്ന് ഖത്തറിലേക്ക് യാത്ര അനുവദിക്കൂ എന്നും ജവാസത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഖത്തർ പൗരന്മാരേയും ഖത്തർ ഐ.ഡി കാർഡ് കൈവശമുള്ള വിദേശികളെയും ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
'ഹയ്യ' കാർഡുള്ളവർക്കും വിനോദസഞ്ചാരികൾക്കും ലോകകപ്പിൽ പങ്കെടുക്കാൻ ഖത്തറിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കും കൂടുതൽ വിവരങ്ങൾ അറിയാൻ ഏകീകൃത സുരക്ഷാ പ്രവർത്തന കേന്ദ്രവുമായി 911 എന്ന നമ്പരിൽ ബന്ധപ്പെടാം. ലോകകപ്പ് കാലയളവിൽ സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ ആവശ്യമായ വിവരങ്ങൾക്ക് https://hereforyou.sa/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.