ഖത്തറിലെത്തുന്നത് ആറു വൻകരകൾക്കായി 831 താരങ്ങൾ; 608ഉം 'യൂറോപിൽ'നിന്ന്
text_fieldsദോഹ: ഖത്തർ കളിമുറ്റങ്ങളിൽ കാൽപന്തു ലോകത്തെ വിസ്മയിപ്പിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 32 ടീമുകൾ എത്തുമ്പോൾ എല്ലാ അർഥത്തിലും ആധിപത്യമുറപ്പിച്ച് യൂറോപ്. മിക്ക ടീമുകളിലും കളിക്കാനെത്തുന്നവർ ഏതെങ്കിലും യൂറോപ്യൻ പ്രഫഷനൽ ലീഗിൽ കളിക്കുന്നവരാണെന്നതാണ് സവിശേഷത. രണ്ടാം സ്ഥാനത്ത് ഏഷ്യയും.
ഇറാൻ ഒഴികെ എല്ലാ ടീമുകൾക്കും 26 അംഗ സംഘങ്ങളാണ് ഖത്തറിലെത്തുന്നത്. ഇറാനു മാത്രം 25 ആണ് ടീം. രണ്ടു രാജ്യങ്ങളൊഴികെ എല്ലാ ടീമുകളും വിദേശത്തു പന്തു തട്ടുന്ന താരങ്ങളെ കൂടി അണിനിരത്തിയാണ് അവസാന സംഘത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തർ, സൗദി അറേബ്യ ടീമുകളിലെ താരങ്ങൾ സ്വന്തം നാട്ടിലെ ക്ലബുകളിൽ മാത്രം കളിച്ചുവന്നവരും.
ഇംഗ്ലീഷ് ലീഗുകളിൽ കളിക്കുന്നവരാണ് ഇത്തവണ ഖത്തറിലെത്തുന്നവരിൽ ഏറ്റവും കൂടുതൽ- 158 പേർ. സ്‍പെയിനിൽനിന്ന് 86ഉം ജർമനിയിൽനിന്ന് 81ഉം പേർ എത്തുമ്പോൾ ഇറ്റലി, ഫ്രാൻസ് എന്നിവയും പിന്നാലെയുണ്ട്. 71ഉം 58ഉം ആണ് ഈ രാജ്യങ്ങളിലെ ക്ലബുകൾക്ക് പങ്കാളിത്തം. ഏഷ്യയിൽ സൗദി അറേബ്യൻ ലീഗുകളിൽനിന്ന് 35 ഉം ഖത്തറിൽനിന്ന് 33ഉം പേരുണ്ട്.
ക്ലബുകൾ പരിഗണിച്ചാൽ ബയേൺ മ്യൂണിക്കാണ് ഒന്നാമത്. 17 പേരെയാണ് വിവിധ രാജ്യങ്ങൾക്കായി ടീം വിട്ടുനൽകിയിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി, ബാഴ്സലോണ, ഖത്തർ ക്ലബായ അൽസദ്ദ് എന്നിവയിൽനിന്ന് 16 പേർ വീതമുണ്ട്. മാഞ്ചസ്റ്റർ യുനൈറ്റഡ്, റയൽ മഡ്രിഡ് എന്നിവയിൽനിന്ന് 14 പേരും അൽഹിലാൽ, ചെൽസി ടീമുകൾക്ക് 12ഉമാണ് അംഗങ്ങൾ. അറ്റ്ലറ്റികോ മഡ്രിഡ്, അയാക്സ്, ബൊറൂസിയ ഡോർട്മണ്ട്, പി.എസ്.ജി, ടോട്ടൻഹാം എന്നിവയുടെ 11 പേർ വീതവും ലോകകപ്പിനുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.