ഫിഫ ലോകകപ്പ്; കൂടുതൽ ടിക്കറ്റ് കരസ്ഥമാക്കിയതിൽ സൗദി മൂന്നാമത്
text_fieldsറിയാദ്: ദോഹയിൽ ഞായറാഴ്ച കിക്ക് ഓഫ് ചെയ്യുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ കാണാൻ കൂടുതൽ ടിക്കറ്റുകൾ വാങ്ങിയ രാജ്യക്കാരുടെ പട്ടികയിൽ സൗദിയിൽ നിന്നുള്ളവർ മൂന്നാം സ്ഥാനത്ത്.
ലോകകപ്പ് 2022ന്റെ ആതിഥേയരായ ഖത്തർ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 9,47,846ൽ പരം ടിക്കറ്റുകളാണ് ഖത്തറിലുള്ളവർ സ്വന്തമാക്കിയത്. 1,46,616 ടിക്കറ്റുകൾ നേടി യു.എസ് ഫുട്ബാൾ പ്രേമികൾ രണ്ടാമതും 1,23,228 ടിക്കറ്റുകളുമായി സൗദി കാൽപന്ത് ആരാധകർ മൂന്നാം സ്ഥാനത്തുമെത്തി.
അർജന്റീന - സൗദി അറേബ്യ, അർജന്റീന - മെക്സികോ, ഇംഗ്ലണ്ട് - അമേരിക്ക, പോളണ്ട് - അർജന്റീന മത്സരങ്ങളുടെ ടിക്കറ്റുകളാണ് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത്. കൂടുതൽ ടിക്കറ്റുകൾ വിറ്റുപോയതും ഈ മത്സരങ്ങൾക്കുതന്നെ.
ആതിഥേയ ടീമായ ഖത്തറും എക്വഡോറും തമ്മിലുള്ള ആദ്യ ഗ്രൂപ് മത്സരത്തോടെ ഞായറാഴ്ച ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമാകും. വ്യാഴാഴ്ച വരെ 31 ലക്ഷത്തിൽപരം ടിക്കറ്റുകളാണ് വിറ്റതെന്ന് ഖത്തർ ഫിഫ ലോകകപ്പ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ നാസർ അൽ-ഖാതിർ വ്യക്തമാക്കിയിരുന്നു. ടിക്കറ്റ് കരസ്ഥമാക്കിയവരിൽ നാലാം സ്ഥാനം മുതൽ താഴോട്ടുള്ള രാജ്യങ്ങളുടെ പട്ടിക ചുവടെ: ബ്രിട്ടൻ (91,632 ടിക്കറ്റുകൾ), മെക്സികോ (91,137), യു.എ.ഇ (66,127), അർജന്റീന (61,083), ഫ്രാൻസ് (42,287), ബ്രസീൽ (39,546), ജർമനി (38,117).
ലോകകപ്പിൽ പങ്കെടുക്കാനായി ജർമനി, പോളണ്ട്, മെക്സികോ, കാനഡ എന്നിവരോടൊപ്പം സൗദി ഫുട്ബാൾ ടീമും ഖത്തറിലെത്തിയിട്ടുണ്ട്. മൂന്നാം ഗ്രൂപ്പിലാണ് സൗദി ദേശീയ ടീം കളിക്കുന്നത്. അർജന്റീന, പോളണ്ട്, മെക്സികോ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
സൗദിയുടെ ആദ്യ മത്സരം നവംബർ 22ന് ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീനയുമായാണ്. നവംബർ 26ന് പോളണ്ടുമായും 30-ന് മെക്സികോയുമായും സൗദി ടീം ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.