അവസാന ഗ്രൂപ്പ് മത്സരങ്ങൾ ഒരേസമയം; എന്തുകൊണ്ട്?
text_fieldsദോഹ: ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾക്ക് വെള്ളിയാഴ്ച കൊടിയിറങ്ങുകയാണ്. പോരാട്ടങ്ങൾ അവസാന റൗണ്ടിലെത്തിയപ്പോൾ ഒരു പ്രധാന മാറ്റമുണ്ടായി. ഓരോ ഗ്രൂപ്പിലെയും അവസാന രണ്ട് മത്സരങ്ങളും ഒരേസമയം അരങ്ങേറുന്നു. കളിയാരാധകർക്ക് പല മത്സരങ്ങളും കാണാനുള്ള അവസരം ഇതുമൂലം നഷ്ടമാകുന്നു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിക്കുന്നവരേറെയാണ്. ഇതിൻെറ കാരണമറിയാൻ നാല് പതിറ്റാണ്ട് മുമ്പ് സ്പെയിനിൽ നടന്ന ലോകകപ്പിലേക്ക് തിരിച്ചുപോകണം.
ഗിജോണിൻെറ അപമാനം
1982 ജൂൺ 25ന് സ്പെയിനിലെ ഗിജോണിലെ എൽ മോളിനോൺ സ്റ്റേഡിയത്തിൽ പശ്ചിമ ജർമനിയും ഓസ്ട്രിയയും തമ്മിൽ നടന്ന ഒരു ഗ്രൂപ്പ് മത്സരമാണ് ഇതിലേക്ക് വഴിതെളിച്ചത്. പശ്ചിമ ജർമനി, ഓസ്ട്രിയ, അൾജീരിയ, ചിലി എന്നീ ടീമുകൾ ഒരേ ഗ്രൂപ്പിലായിരുന്നു. അൽജീരിയ ഏവരെയും വിസ്മയിപ്പിച്ചാണ് തുടങ്ങിയത്. ആദ്യ മത്സരത്തിൽ വമ്പന്മാരായ ജർമനിയെ അവർ 2-1ന് അട്ടിമറിച്ചു. ഇതോടെ ലോകകപ്പിൽ യൂറോപ്യൻ ടീമിനെ തോൽപിക്കുന്ന ആദ്യ ആഫ്രിക്കൻ ടീമായി അവർ മാറി.
1966ൽ വടക്കൻ കൊറിയ ഇറ്റലിയെ തോൽപിച്ച ശേഷമുള്ള ഏറ്റവും വലിയ അട്ടിമറിയായിരുന്നു അത്. എന്നാൽ, അടുത്ത മത്സരത്തിൽ ഓസ്ട്രിയയോട് എതിരില്ലാത്ത രണ്ട് ഗോളിന് തോൽക്കാനായിരുന്നു വിധി. ആ തോൽവിയിൽ അവർ തളർന്നില്ല. മൂന്നാം മത്സരത്തിൽ ചിലിക്കെതിരെ 3-2ന് ജയിച്ച് ഒരു ലോകകപ്പിൽ രണ്ട് ജയം നേടുന്ന ആദ്യ ആഫ്രിക്കൻ ടീമെന്ന പേരെടുത്തു. ജർമനിയും ഓസ്ട്രിയയും പരസ്പരം ഏറ്റുമുട്ടുന്നതിന് ഒരു ദിവസം മുമ്പായിരുന്നു അൽജീരിയ അവരുടെ അവസാന ഗ്രൂപ്പ് മത്സരം കളിച്ചത്.
നാല് പോയൻറുമായി അൽജീരിയ അടുത്ത റൗണ്ടിലേക്ക് കടക്കുമെന്ന സ്ഥിതിയായി. ഗ്രൂപ്പിലെ അവസാന മത്സരമായ ജർമനി-ഓസ്ട്രിയ പോര് ഇതോടെ നിർണായകമായി. ജർമനി മൂന്നോ അതിലധികമോ ഗോളുകൾക്ക് ജയിച്ചാൽ അവർക്കും അൾജീരിയക്കും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാമായിരുന്നു. ഓസ്ട്രിയ ജയമോ സമനിലയോ നേടിയാൽ അവർക്കും അൽജീരിയക്കും അടുത്ത റൗണ്ടിലേക്ക് മുന്നേറാം എന്നതായിരുന്നു മറ്റൊരു സാധ്യത.
ജർമനി ഒന്നോ രണ്ടോ ഗോളിന് ജയിച്ചാൽ അവർക്കും ഓസ്ട്രിയക്കും അടുത്ത റൗണ്ടിലേക്ക് കടക്കുകയും അൽജീരിയ പുറത്താകുകയും ചെയ്യും. മത്സരം തുടങ്ങി ആദ്യ 10 മിനിറ്റിനകം ഹോസ്റ്റ് ഹ്രൂബഷിലൂടെ ജർമനി ആസ്ട്രിയൻ വലയിൽ പന്തെത്തിച്ചു. എന്നാൽ, പിന്നീട് മത്സരത്തിൻെർ വേഗത കുറയുകയും ഇരു ടീമുകളും ഗോളടിക്കാനുള്ള ശ്രമങ്ങളൊന്നും നടത്താതിരിക്കുകയും ചെയ്തു. പന്ത് ഇരു ടീമും സ്വന്തം ഹാഫിൽ തട്ടിക്കളിച്ചു. അവസാനം ജർമനി 1-0ത്തിന് വിജയിച്ചു.
ഓസ്ട്രിയക്കും അൾജീരിയയും മൂന്ന് കളികളിൽനിന്ന് നാല് പോയന്റാവുകയും ഗോൾ വ്യത്യാസത്തിൻെറ ബലത്തിൽ ജർമനിയും ഓസ്ട്രിയയും അടുത്ത റൗണ്ടിലേക്ക് മുന്നേറുകയും ചെയ്തു. ഇത് ഇരു ടീമുകളും തമ്മിലുള്ള ഒത്തുകളിയായിരുന്നെന്ന് തെളിഞ്ഞു. ആഫ്രിക്കൻ ടീമിനെ പുറത്താക്കാൻ രണ്ട് യൂറോപ്യൻ ടീമുകൾ ഒത്തുകളിച്ചത് ലോകകപ്പിന് തീരാകളങ്കമായി.
പ്രമുഖരായ നിരവധി കളിക്കാർ ഈ കള്ളക്കളിക്കെതിരെ രംഗത്തുവന്നു. 'ഗിജോണിൻെർ അപമാനം' (ഡിസ്ഗ്രേസ് ഓഫ് ഗിജോൺ) എന്ന പേരിലാണ് ഈ സംഭവം പിന്നീട് കുപ്രസിദ്ധമായത്. അന്ന് മുന്നേറിയ ജർമനി ഫൈനൽ വരെയെത്തുകയും ഇറ്റലിയോട് 3-1ന് കീഴടങ്ങുകയുമായിരുന്നു.
ജർമനിയെയും ഓസ്ട്രിയയെയും ടൂർണമെൻറിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് അൽജീരിയ ഫിഫക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിരുന്നില്ല. എന്നാൽ, ഈ സംഭവത്തോടെ 1986 മുതലുള്ള ലോകകപ്പുകളിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങൾ ഒരേ സമയത്താക്കാൻ ഫിഫ തീരുമാനിച്ചു. പിന്നീട് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടെ ലോകത്തെ എല്ലാ ടൂർണമെൻറുകളിലെല്ലാം ഈ രീതി നടപ്പാക്കി. കളിക്കാരുടെയും കളിയാരാധകരുടെയുമെല്ലാം നെഞ്ചിടിപ്പുയർത്തിയിട്ടും ഇനിയുമൊരു അപമാനം താങ്ങാനാവാത്തതിനാൽ ലോകകപ്പുകളിൽ ഫിഫ അന്ന് നടപ്പാക്കിയ നിയമം ഇന്നും തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.