പനിപ്പേടിയിൽ ഫ്രാൻസ്
text_fieldsദോഹ: ലോകകപ്പിലെ കിരീട പോരാട്ടം പടിവാതിൽക്കൽ നിൽക്കെ ഫ്രഞ്ച് ക്യാമ്പിനെ വലച്ച് പനി. ഞായറാഴ്ച രാത്രിയിലെ കലാശപ്പോരാട്ടത്തിൽ അർജൻറീനയെ നേരിടാനിരിക്കെയാണ് ലോകകപ്പിനുള്ള ഫ്രാൻസ് ടീം അംഗങ്ങൾക്ക് പനി റിപ്പോർട്ട് ചെയ്തത്. മൊറോക്കോക്കെതിരെ ബുധനാഴ്ച നടന്ന സെമി ഫൈനലിനു മുമ്പുതന്നെ ശാരീരിക അവശതകൾ അനുഭവപ്പെട്ട അഡ്രിയാൻ റാബിയോ, ഡായറ്റ് ഉപാമെകാനോ എന്നിവരെ പ്ലെയിങ് ഇലവനിൽനിന്നും ഒഴിവാക്കി വിശ്രമം അനുവദിച്ചിരുന്നു. തുടർന്നുള്ള ദിനങ്ങളിൽ പരിശീലന സെഷനിൽനിന്നും വിട്ടുനിന്ന ഇവർക്കു പിന്നാലെ പ്രതിരോധനിര താരങ്ങളായ ഇബ്രാഹിമ കൊനാട്ടെ, റാഫേൽ വറാനെ, കിങ്സ്ലി കോമാൻ എന്നിവർക്കും അസ്വസ്ഥതകൾ അനുഭവപ്പെട്ടതായാണ് സൂചന.
വ്യാഴാഴ്ചത്തെയും വെള്ളിയാഴ്ചത്തെയും പരിശീലന സെഷനിൽനിന്നും ഇവരെ ഒഴിവാക്കുകയും ചെയ്തു. ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സിനെ ഉദ്ധരിച്ച് യൂറോപ്യൻ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തതോടെ ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനൽ അങ്കത്തിൽ നിലവിലെ ചാമ്പ്യന്മാർ കൂടിയായ ഫ്രാൻസിനെ പനി തളർത്തുമോയെന്നാണ് പേടി. കോമാൻ പനി സൂചനകൾ പ്രകടിപ്പിച്ചതായി കോച്ച് ദെഷാംപ്സ് വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
വെള്ളിയാഴ്ച രാവിലെയോടെ പനിയും ജലദോഷവുമായി ബുദ്ധിമുട്ട് പ്രകടിപ്പിച്ച വറാനെയെയും കോനാട്ടെയെയും 24 മണിക്കൂർ നിരീക്ഷണത്തിനായി മാറ്റിയതായി ഫ്രാൻസിൽനിന്നുള്ള 'ലെ ക്യൂപ്' റിപ്പോർട്ട് ചെയ്തു. ആദ്യം പനി റിപ്പോർട്ട് ചെയ്ത ഡായറ്റും റാബിയറ്റും വെള്ളിയാഴ്ച പരിശീലന സെഷനിൽ ഇറങ്ങിയിട്ടുണ്ട്.
കിരീടപ്പോരാട്ടത്തിന് 48 മണിക്കൂർമാത്രം ബാക്കിനിൽക്കെയൊണ് ഫ്രഞ്ച് ക്യാമ്പിനെ മുൾമുനയിൽ നിർത്തി ടീം ക്യാമ്പിലെ പനി വാർത്തകളെത്തുന്നത്. എങ്കിലും സെമി ഫൈനലും കഴിഞ്ഞ് മൂന്നു ദിവസത്തെ വിശ്രമം ലഭിക്കുന്നതിനാൽ കളിക്കാർ ഉടൻ ഫിറ്റ്നസ് വീണ്ടെടുത്ത് ഫോമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.