ഇന്ത്യക്കാരുടെ പിന്തുണ അറിയില്ലായിരുന്നു -ജിറൂഡ്
text_fieldsദോഹ: കിരീടം കാക്കാനുറച്ച് സൂപ്പർ താരങ്ങളടങ്ങിയ ഫ്രാൻസിന്റെ കരുത്തുറ്റ നിര ഖത്തറിലെത്തി. ദോഹയിൽ വിമാനമിറങ്ങിയ ടീമിന് മലയാളികളടങ്ങിയ 'ഫ്രാൻസ് ഫാൻസ് ഖത്തർ' ആവേശകരമായ വരവേൽപാണ് നൽകിയത്.
ദോഹയിലെത്തിയതിനു പിന്നാലെ വാർത്തസമ്മേളനത്തിൽ ടീമിലെ മുന്നേറ്റതാരം ഒലിവിയർ ജിറൂഡ് ഇതുസംബന്ധിച്ച് നൽകിയ പ്രതികരണം ശ്രദ്ധേയമായി. ടീമിന് ലഭിച്ച വരവേൽപ് ഏറെ സന്തോഷകരമായ അനുഭവമായെന്നും ഇന്ത്യക്കാരായ ആരാധകർ ഫ്രാൻസ് ടീമിനുണ്ടെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നുമായിരുന്നു എ.സി. മിലാൻ താരത്തിന്റെ മറുപടി. വാർത്തസമ്മേളനത്തിൽനിന്ന്...
ഖത്തറിലെത്തിയ വേളയിൽ ഇന്ത്യൻ ആരാധകർ നൽകിയ വരവേൽപിനെക്കുറിച്ച് എന്തു തോന്നുന്നു?
ഇതുപോലൊരു സ്വീകരണം ലഭിക്കുകയെന്നത് എല്ലായ്പോഴും മനോഹരമായ അനുഭവമാണ്. ഇന്ത്യക്കാർ ഫ്രാൻസ് ടീമിനെ പിന്തുണക്കുന്നുണ്ടെന്നത് എനിക്കറിയില്ലായിരുന്നു. നൂറു കോടി ജനങ്ങളുള്ളൊരു നാട്ടിൽ ടീമിന് ആരാധകരുണ്ടെന്നത് വളരെ ഗൗരവമേറിയ കാര്യമാണ്.
●ഖത്തറിലെ സൗകര്യങ്ങളെക്കുറിച്ച്?
ഏറ്റവും മികച്ച സൗകര്യങ്ങളൊരുക്കാൻ ഫെഡറേഷൻ എല്ലാം ചെയ്തിട്ടുണ്ട്. ഇന്ന് രാത്രി ആരാധകർ നൽകിയ പിന്തുണയും മികച്ചതായിരുന്നു. 12,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലായിരുന്നു പരിശീലനം.
●ഈ ലോകകപ്പിൽ സ്കോർ ചെയ്യാനുള്ള പരിശ്രമങ്ങൾ?
2016ലെ യൂറോകപ്പിൽ ഞാൻ ഗോളുകൾ സ്കോർ ചെയ്തിരുന്നു. വമ്പൻ വേദികളിൽ ഗോളുകൾ നേടുകയെന്നത് ഏറ്റവും പ്രധാനമായ കാര്യമാണ്. ടീമിന് 200 ശതമാനവും സഹായം അർപ്പിക്കാനുള്ള മുന്നൊരുക്കങ്ങളിലാണ്.
●ഇക്കുറി ടീമിൽ സ്റ്റാർട്ടിങ് ഇലവനിൽ ബൂട്ടണിയുമോ?
ഖത്തറിൽ ഫുൾ ട്രെയിനിങ് സെഷൻ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയിലാണ് ടീം എത്തിയത്. ലോകകപ്പിൽ ആരാകും സ്റ്റാർട്ടിങ് ലൈനപ്പിൽ എന്നത് ഞങ്ങൾക്കറിയില്ല.
●ടീമിലെ പ്രധാന താരങ്ങൾ ആരൊക്കെയാണ്?
ഇക്കുറി പോൾ പോഗ്ബ, കാന്റെ, കിംപെംബെ എന്നിവരെ ഞങ്ങൾ മിസ് ചെയ്യും. എങ്കിലും അവരുടെ അഭാവം നികത്താൻ കഴിയുന്ന യുവതാരങ്ങൾ ഞങ്ങൾക്കുണ്ട്. എന്നെപ്പോലുള്ള സീനിയർ താരങ്ങൾ യുവതാരങ്ങൾക്ക് എല്ലാ പിന്തുണയുമായി രംഗത്തുണ്ടാകും.
●ലോകകപ്പിനുള്ള തയാറെടുപ്പുകൾ?
എന്റെ ആറാമത്തെ മേജർ ടൂർണമെന്റാണിത്. ആഭ്യന്തര ലീഗുകളുടെ മധ്യത്തിലാണ് ടീമുകൾ ഖത്തറിലെത്തുന്നത്. കളിക്കാർ തയാറായിക്കഴിഞ്ഞു. പരിക്ക് പിണയാതെ നോക്കുകയെന്നതാണ് പ്രധാനം. ഫ്രാൻസ് ടീം സ്റ്റാഫ് അതേക്കുറിച്ച് ബോധവാന്മാരാണ്.
●ഇത് താങ്കളുടെ അവസാന ലോകകപ്പാവുമോ?
സ്വയം അതിരുകളൊന്നും ഞാൻ ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഇതെന്റെ അവസാനത്തെ ലോകകപ്പായേക്കാം. എന്നാൽ, അതൊന്നും ഞാൻ മുൻകൂട്ടി പ്രഖ്യാപിക്കുന്നില്ല. എന്താണ് സംഭവിക്കുകയെന്ന് ലോകകപ്പിനുശേഷം നമുക്കു നോക്കാം. ഏറ്റവും മികവിൽ പോരാടുകയെന്നതിലേക്കാണ് ശ്രദ്ധയൂന്നുന്നത്.
●ഖത്തറിലെ കാലാവസ്ഥ?
ചൂടുള്ള കാലാവസ്ഥയാണ്. ഉച്ചക്കുശേഷം കാര്യമായി പുറത്തിറങ്ങാറില്ല. ഇതുമായി പൊരുത്തപ്പെടേണ്ടതുണ്ട്. 2014ൽ നൈജീരിയയുമായുള്ള മത്സരം ഉച്ചക്ക് ഒരുമണിക്ക് 30 ഡിഗ്രി സെൽഷ്യസിൽ കളിച്ചത് ഓർമ വരുന്നു.
●കിലിയൻ എംബാപ്പെയുമായുള്ള ബന്ധം?
മുൻനിരയിൽ കേന്ദ്രസ്ഥാനത്ത് കളിക്കുന്ന രീതി എനിക്ക് പരിചിതമാണ്. ഒപ്പമുള്ളവരുമായി കൂടുതൽ ഇണങ്ങി അവർക്ക് വഴിയൊരുക്കിക്കൊടുന്ന രീതി അവലംബിക്കുന്നതിനാൽ കരിയറിലുടനീളം സഹതാരങ്ങൾ എന്നോടൊപ്പം കളിക്കുന്നത് ആസ്വദിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. കിലിയൻ അത് ഇഷ്ടപ്പെടുന്നയാളാണ്. ആ അർഥത്തിൽ അതൊരു പ്ലസ് പോയന്റാണ്.
●ഈ ലോകകപ്പിൽ ഫ്രാൻസിന്റെ സാധ്യതകൾ?
ലോകകപ്പ് ജയിക്കുകയെന്നത് ചെറുപ്പകാലം മുതലുള്ള സ്വപ്നമായിരുന്നു. 2018ൽ അത് സത്യമായി പുലർന്നുവെന്നതിൽ ഞാൻ ഭാഗ്യവാനാണ്. യുവാക്കളും പ്രതിഭാധനരുമടങ്ങിയ ഈ ടീമിനോടൊപ്പം മൂന്നാമതൊരു ലോകകപ്പ് കളിക്കാൻ അവസരം ലഭിക്കുന്നത് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.
ഒരുപാട് പ്രതീക്ഷയുള്ളപ്പോഴും ഫ്രാൻസിനെ സാധ്യതയുടെ മുന്നണിയിൽ പ്രതിഷ്ഠിക്കാൻ ഞാൻ ഒരുക്കവുമല്ല. ഈ ലോകകപ്പിൽ വളരെ വലിയ ടീമുകളുണ്ടെന്ന് നമ്മൾക്കറിയാം. എങ്കിലും ഈ ടീമിൽ എനിക്ക് ഏറെ വിശ്വാസമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.