ഫ്രഞ്ച് ടീമിനെ പ്രഖ്യാപിച്ച് ദെഷാംപ്സ്; എംബാപ്പെ, ബെൻസേമ പട നയിക്കും
text_fieldsപാരിസ്: സമീപകാലത്ത് ഫ്രാൻസ് കണ്ട ഏറ്റവും മികച്ച നിരയുമായി ദിദിയർ ദെഷാംപ്സിന്റെ പട്ടാളം ഖത്തറിലേക്ക്. ലോകത്തെ ഏറ്റവും പകിട്ടേറിയ മുന്നേറ്റ നിരയെ മുന്നിൽനിരത്തിയാണ് കിരീടനേട്ടം ആവർത്തിക്കാൻ ഫ്രഞ്ച് ടീം എത്തുന്നത്. ബ്ലാക്ക്മെയിൽ കേസിൽ പെട്ട് ടീമിൽനിന്ന് വർഷങ്ങളോളം മാറ്റിനിർത്തപ്പെട്ട ബാലൺ ദി ഓർ ജേതാവ് കരീം ബെൻസേമ ലോകകപ്പ് ടീമിൽ അണിനിരക്കുന്നുവെന്നതാണ് പ്രധാന സവിശേഷത. 2020 യൂറോ കപ്പ് മുതൽ താരം ദേശീയ ടീമിന്റെ ഭാഗമാണ്.
അത്ര കടുത്ത എതിരാളികളില്ലാതെയാണ് ഇത്തവണ ഫ്രാൻസ് യോഗ്യത ഘട്ടം കടന്നത്. യുവേഫ നേഷൻസ് ലീഗിൽ ഡെൻമാർകിനോടും ക്രൊയേഷ്യയോടുമേറ്റ തോൽവി ഭീഷണിയായി മുന്നിലുണ്ടെങ്കിലും വലിയ പോരിടങ്ങളിലെത്തുമ്പോൾ എല്ലാം അനായാസം കടക്കാനാകുമെന്നാണ് കോച്ച് ദെഷാംപ്സിന്റെ പ്രതീക്ഷ. റഷ്യൻ ലോകകപ്പിൽ കപ്പുയർത്തിയ ടീമിന്റെ ഭാഗമായിരുന്ന 11 പേർ ഇത്തവണ 26 അംഗ സ്ക്വാഡിലുണ്ടാകും.
സമീപകാല ഫ്രാൻസ് കണ്ട ഏറ്റവും മികച്ച അറ്റാക്കറായ കിലിയൻ എംബാപ്പെയാണ് ടീമിന്റെ കുന്തമുന. 2018ൽ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടിയ എംബാപ്പെ യൂറോപിലെ ഏറ്റവും വിലപിടിപ്പുള്ള താരമാണ്. അതിവേഗവും മിടുക്കും ഒരേ താളത്തിൽ കാലിൽനിറച്ച് മൈതാനത്തെ കുതിപ്പാകും ഖത്തറിലും ടീമിന്റെ മുന്നേറ്റത്തിൽ നിർണായകമാകുക.
ലാ ലിഗയിൽ 27 ഗോളുകൾ കുറിച്ചും റയൽ മഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയും കഴിഞ്ഞ സീസണിൽ നിറഞ്ഞാടിയ കരീം ബെൻസേമയാണ് ആക്രമണത്തിൽ എംബാപ്പെക്ക് കൂട്ടുനൽകാനുള്ളത്. സെപ്റ്റംബറിൽ കാലിനേറ്റ പരിക്ക് ഭേദമായെങ്കിലും പ്രകടന മികവിനെ ബാധിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ചാമ്പ്യൻസ് ലീഗിൽ മാത്രം 15 ഗോളുകൾ താരം നേടിയിരുന്നു. ഫിനിഷിങ് മികവും അതിവേഗ ചലനങ്ങളുമാണ് കളത്തിലെ ബെൻസേമ സ്പെഷൽ.
ഗോൾകീപറായി ഹ്യൂഗോ ലോറിസ് തന്നെയാണ് ഇത്തവണയും ദെഷാംപ്സിന്റെ ഒന്നാം പരിഗണന. കഴിഞ്ഞ ലോകകപ്പിൽ ടീമിന്റെ ഗോൾവലക്കു മുന്നിൽ മാന്ത്രിക കരങ്ങളുമായി നിലയുറപ്പിച്ച താരം പിന്നീടും സ്ഥിരതയാർന്ന പ്രകടനവുമായി ദേശീയ ടീമിൽ ഇടമുറപ്പിക്കുകയായിരുന്നു.
മധ്യനിരയിൽ റയലിന്റെ വിജയം കണ്ട പരീക്ഷമായ ഒറീലിയൻ ടെകൂമെനിയാകും എൻഗോളോ കാന്റേ, പോൾ പോഗ്ബ എന്നിവരുടെ ഒഴിവ് നികത്താൻ എത്തുക.
ടീം: ഗോളിമാർ: അൽഫോൺസോ അറിയോള (വെസ്റ്റ് ഹാം), ഹ്യൂഗോ ലോറിസ് (ടോട്ടൻഹാം), സ്റ്റീവ് മൻഡാൻഡ (റെനെ).
പ്രതിരോധം: ലുക്കാസ് ഹെർണാണ്ടസ് (ബയേൺ), തിയോ ഹെർണാണ്ടസ് (എ.സി മിലാൻ), പ്രസ്നൽ കിംപെംബെ (പി.എസ്.ജി), ഇബ്രാഹി കൊനാടെ (ലിവർപൂൾ), ജൂൾസ് കൂൻഡെ (ബാഴ്സലോണ), ബെഞ്ചമിൻ പവാർഡ് (ബയേൺ), വില്യം സാലിബ (ആഴ്സണൽ), ഡായോട്ട് ഉപമികാനോ (ബയേൺ), റാഫേൽ വരാനെ (യുനൈറ്റഡ്).
മിഡ്ഫീൽഡ്: എഡ്വാഡോ കമവിംഗ (റയൽ), യൂസുഫ് ഫൊഫാന (മൊണാകൊ), മാത്യൂ ഗുവൻഡൂസി (മാഴ്സെ), അഡ്രിയൻ റാബിയോട്ട് (യുവന്റസ്), ഒറേലിയൻ ടക്കൂമെനി (റയൽ), ജോർഡൻ വെററ്റൂട്ട് (മാഴ്സെ).
ഫോർവേഡ്: കരീം ബെൻസേമ (റയൽ), കിങ്സ്‍ലി കോമാൻ (ബയേൺ), ഉസ്മാൻ ഡെംബലെ (ബാഴ്സലോണ), ഒളിവിയർ ജിറൂദ് (എ.സി മിലാൻ), ആന്റോയിൻ ഗ്രീസ്മാൻ (അറ്റ്ലറ്റികോ മഡ്രിഡ്), കിലിയൻ എംബാപ്പെ (പി.എസ്.ജി), ക്രിസ്റ്റഫർ എൻകുൻകു (ലീപ്സിഷ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.