കിരീടം കാക്കാൻ ഫ്രഞ്ച് പട
text_fieldsനിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാൻസ് മൂന്നാമതൊരു ലോകകിരീടം നേടണമെന്ന സ്വപ്നവുമായാണ് ഖത്തറിലെത്തുന്നത്. 1904ൽ ഫിഫ രൂപവത്കരിക്കുമ്പോൾ തന്നെ ഫ്രാൻസിന്റെ ദേശീയ ടീമും രൂപവത്കരിച്ചിട്ടുണ്ട്. ഫിഫയോളം പഴക്കമുള്ള ടീം ഇത്തവണയും ഖത്തറിൽ കിരീടം ചൂടിയാൽ ഫ്രാൻസ് ആരാധകർക്കത് സന്തോഷ പെരുന്നാളായി മാറും.
1930ലാണ് ഫ്രാൻസ് യോഗ്യത മത്സരം ജയിച്ചുകയറി ആദ്യമായി ലോകകപ്പ് മൈതാനത്ത് പന്തു തട്ടിയത്. 1998ൽ ആദ്യമായി ലോകകിരീടം തങ്ങളുടെ രാജ്യത്തേക്ക് എത്തിച്ചു. പിന്നീടുള്ള ലോകകപ്പുകളിലെല്ലാം ടീം നന്നായി കളിച്ചെങ്കിലും വലിയ വിജയങ്ങളൊന്നും നേടാനായില്ല. 2018ൽ റഷ്യയിൽ ലോകകപ്പിൽ കിരീടം ചൂടുമ്പോൾ ഫ്രാൻസ് ആരാധകർക്കത് തങ്ങളുടെ മനസ്സിന് നിറംമങ്ങിയില്ലെന്ന് ഉറപ്പിക്കാനാവുന്ന വിജയമായിരുന്നു.
കരുത്തുറ്റ പ്രതിരോധ നിരയും ചടുല വേഗവുമുള്ള മുന്നേറ്റ താരങ്ങളും ഫ്രാൻസിലുണ്ട്. 10 തവണ യൂറോപ്യൻ ചാമ്പ്യൻഷിപ് കളിച്ചതിൽ രണ്ടുതവണ ഫ്രാൻസിനായിരുന്നു കിരീടം. നേഷൻസ് ലീഗിൽ ആദ്യമായി കളിക്കാനിറങ്ങിയതും കപ്പുയർത്തിയാണ് കളം വിട്ടത്.
യു.ഇ.എഫ്.എ കപ്പ് ഓഫ് ചാമ്പ്യൻസിലും അനായാസം കിരീടം നേടി. ഫിഫ കോൺഫെഡറേഷൻ കപ്പിലും രണ്ടുതവണ മുത്തമിട്ടു. 2000ത്തിന് ശേഷം തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രതീതിയിലാണ് ഫ്രാൻസ്. യോഗ്യത മത്സരങ്ങളിൽ തകർപ്പൻ പ്രകടനമായിരുന്നു ഫ്രാൻസിന്റേത്.
കസാഖ്സ്ഥാനെ 8-0 ത്തിൽ തകർത്തതിന് ശേഷം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഫിൻലൻഡിനെയും അടിച്ചമർത്തിയാണ് ഫ്രാൻസ് പടയുടെ വരവ്. അന്റോയിൻ ഗ്രീസ്മാന്റെയും കിലിയൻ എംബാപെയുടെയും മികവ് യോഗ്യത മത്സരങ്ങളിൽ തന്നെ പ്രകടമായിരുന്നു.
ലോകകപ്പിന് മുമ്പുള്ള തയാറെടുപ്പും യോഗ്യത മത്സരത്തിനുശേഷം ഗ്രൂപ് ഡിയിലേക്ക് ഒന്നാമനായുള്ള കടന്നുവരവുമെല്ലാം ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്. ഗ്രൂപ് ഡിയിൽ ആസ്ട്രേലിയയുമായാണ് ആദ്യ മത്സരം. രണ്ടാം മത്സരത്തിൽ ഡെന്മാർക്കിനോടും മൂന്നാം മത്സരത്തിൽ തുനീഷ്യയോടും ജയിച്ചുകയറാനായാൽ പിന്നെ ആരാധകരെ ആവേശത്തിലാക്കുന്ന പ്രകടനങ്ങളുടെ ദിനങ്ങളായിരിക്കും.
കുന്തമുന
ലോകത്തിലെ തന്നെ മികച്ച സ്ട്രൈക്കർമാരിൽ രണ്ടുപേർ പന്തുതട്ടുന്നു എന്നതാണ് ഫ്രാൻസിന്റെ കരുത്ത്. ഇത്തവണത്തെ ബാലൻ ഡി ഓർ ജേതാവ് കൂടിയായ കരീം ബെൻസേമയും കിലിയൻ എംബാപെയും. കരിയറിലെ ഏറ്റവും മികച്ച ഫോമിൽ പന്തുതട്ടുന്ന ബെൻസേമക്കൊപ്പം എംബാപെ കൂടി ചേരുമ്പോൾ ഡബ്ൾ ബാരൽ ആക്രമണ മികവാണ് ഫ്രാൻസിന് കൈവരുക.
കഴിഞ്ഞതവണ റഷ്യയിൽ ഫ്രാൻസ് ലോകകപ്പ് നേടുമ്പോൾ 19കാരനായ എംബാപെയായിരുന്നു ടീമിന്റെ കുന്തമുന. അന്ന് ബെൻസേമ കളത്തിനുപുറത്തെ കളികളാൽ ടീമിന് പുറത്തായിരുന്നു. അഞ്ചുവർഷത്തെ ഇടവേളക്കുശേഷം ബെൻസേമ ടീമിലേക്ക് മടങ്ങിയെത്തിയപ്പോൾ ടീമിന്റെ മുൻനിരയുടെ കരുത്തേറി.
റയൽ മഡ്രിഡിനായി ഗോളടിച്ചുകൂട്ടുന്ന ബെൻസേമയും പി.എസ്.ജിയെക്കാൾ ഗോൾവേട്ട തുടരുന്ന എംബാപെയുടെയും കൂട്ടുകെട്ട് തിളങ്ങയൊൽ കപ്പ് പാരിസിൽ തന്നെയിരിക്കും.
ആശാൻ
നാട്ടുകാരൻ തന്നെയായ ദിദിയർ ദെഷാംപ്സാണ് ഫ്രാൻസിന്റെ ആശാൻ. 2012 മുതൽ ഫ്രാൻസിന്റെ മുഖ്യ പരിശീലകനായി കൂടെയുണ്ട്. ഇദ്ദേഹത്തിന്റെ പരിശീലന മികവിലാണ് 2018ൽ റഷ്യയിൽ ടീം കിരീടം നേടിയത്. 1998ൽ ഫ്രാൻസ് ആദ്യമായി കിരീടം നേടിയ സമയത്തും യു.ഇ.എഫ്.എ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ കപ്പുയർത്തിയപ്പോഴും ദിദിയർ ഡിഫൻസിവ് മിഡ് ഫീൽഡറായി ടീമിലുണ്ടായിരുന്നു.
ഏറെക്കാലം പ്രഫഷനൽ ഫുട്ബാൾ രംഗത്ത് മികച്ച താരമായി തിളങ്ങിയ ഇദ്ദേഹം 2001 മുതലാണ് പരിശീലനക്കളരിയിലേക്ക് ഇറങ്ങിയത്. ആക്രമണ ശൈലിയിൽ കളിക്കുന്ന ദിദിയറിന്റെ തന്ത്രങ്ങൾ ടീമിന് ഏറെ ഗുണം ചെയ്യും. ടീമിന്റെ ശക്തിയും ദൗർബല്യവും നന്നായി അറിയാവുന്ന ദിദിയറും ഏറെ ആവേശത്തോടെയാണ് തന്റെ രാജ്യത്തിന് മൂന്നാമതൊരു കപ്പ് നേടണമെന്ന ആഗ്രഹവുമായി ഖത്തറിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.