തുടർച്ചയായ രണ്ടാം ലോകകപ്പിലും കണ്ണീർമടക്കം; ഇത് ജർമനി ചോദിച്ചുവാങ്ങിയ ദുരന്തം
text_fieldsഅവസാന മത്സരത്തിൽ കൊസ്റ്ററീക്കയെ മികച്ച മാർജിനിൽ വീഴ്ത്തിയിട്ടും നോക്കൗട്ട് കാണാനാകാതെ മടങ്ങേണ്ടിവന്ന വേദനയിലാണ് യൂറോപിലെ മുൻനിര ടീമായ ജർമനി. നാലു തവണ ലോകചാമ്പ്യന്മാരായവർ തുടർച്ചയായ രണ്ടാം തവണയാണ് പ്രീക്വാർട്ടറില്ലാതെ തിരികെ വിമാനം കയറുന്നത്.
ഫിഫ തീരുമാനങ്ങളിൽ പ്രതിഷേധമറിയിക്കാൻ ഗ്രൂപിലെ ടീമിന്റെ ആദ്യ മത്സരത്തിൽ വായ്മൂടിക്കെട്ടിയിറങ്ങിയ ടീമിന് തുടക്കം മുതൽ ഒന്നും ശരിയാകാതെവന്നതാണ് വൻദുരന്തമായി മാറിയത്.
ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇത്തിരിക്കുഞ്ഞന്മാരായ ലെച്ചൻസ്റ്റീനിനെതിരെ എതിരില്ലാത്ത ഒമ്പതു ഗോളിന് ജയിച്ചത് ഒരു വർഷം മുമ്പായിരുന്നു. അതിനു ശേഷമുള്ള കളികളുടെ കണക്കെടുപ്പുകൾ ടീമിന് ഒട്ടും ശുഭകരമല്ല. 10 മത്സരങ്ങളിൽ ടീം വഴങ്ങിയത് 15 ഗോളുകൾ. സൗഹൃദ മത്സരങ്ങളിൽ പോലും ദുർബലരായ ഒമാൻ, ഇസ്രായേൽ ടീമുകൾക്കെതിരെ മാത്രമായിരുന്നു മെച്ചപ്പെട്ട പ്രകടനം. കളി ഡച്ചുകാരോടായപ്പോൾ ഒരു ഗോൾ വഴങ്ങി.
ഖത്തർ ലോകകപ്പിൽ ശരിക്കും മരണഗ്രൂപിലായിരുന്നു ജർമനി. സ്‍പെയിനാകും ഏറ്റവും ശക്തരായ എതിരാളിയെന്നായിരുന്നു കണക്കുകൂട്ടൽ. അവരോട് സമനില പാലിച്ച ടീം പക്ഷേ, ഏഷ്യൻ പ്രതീക്ഷയായ ജപ്പാനോട് തോറ്റു. കൊസ്റ്ററീക്കയെ അവസാന മത്സരത്തിൽ 4-2ന് തോൽപിച്ചെങ്കിലും അതേ സമയത്തുനടന്ന മറ്റൊരു കളിയിൽ ജപ്പാൻ സ്‍പെയിനിനെ വീഴ്ത്തിയതോടെ എല്ലാം കൈവിട്ടുപോകുകയായിരുന്നു. സ്‍പെയിനിനതിരെ കണ്ണഞ്ചും പ്രകടനമാണ് ഏഷ്യൻ സിംഹങ്ങൾ പുറത്തെടുത്തത്. അന്ന് ജർമനിക്കെതിരെയെന്നപോലെ പ്രതിരോധത്തിലും ഒപ്പം പ്രത്യാക്രമണത്തിലും ശ്രദ്ധിച്ച ടീം അടിച്ചുകയറ്റിയ രണ്ടു ഗോളുകളും എതിരാളികൾക്ക് ഒരു പഴുതും നൽകാത്തവ. പുറത്തുപോയെന്ന പന്ത് ഓടിപ്പിടിച്ചായിരുന്നു ഒരു ഗോൾ.
എന്നും മുന്നിൽ ഗോളടിയന്ത്രങ്ങളാകാൻ ഒരു സ്ട്രൈക്കറെ നിർത്തുന്നതായിരുന്നു മുമ്പ് ജർമനിയുടെ രീതി. മുമ്പ് മിറോസ്ലാവ് ക്ലോസെയും ശേഷം മരിയോ ഗോമസുമായിരുന്നു ആ റോളിൽ നിന്നത്. നിലവിലെ സംഘത്തിൽ അങ്ങനെയൊരാളില്ല. അതിനു പകരം മുന്നിൽ മാത്രം കളിക്കാതെ താഴെയിറങ്ങാൻ കൂടി സ്വാതന്ത്ര്യമുള്ള (ഫാൾസ് 9) ഫോർവേഡാണ് കോച്ച് ഹാൻസി ഫ്ലിക്കിന്റെ ഇഷ്ടം. റഷ്യയിൽ ഇത് പരാജയമായി ടീം നോക്കൗട്ട് കാണാതെ പുറത്തായതാണ്. ഖത്തർ ലോകകപ്പിൽ മുൻനിരയിൽ പരീക്ഷിച്ച നികളാസ് ഫുവൽക്രുഗ്, യൂസുഫ മുകോകോ എന്നിവരും കാര്യമായ വിജയമായില്ല. ജപ്പാനെതിരെ അവസരം സൃഷ്ടിക്കുന്നതിൽ ജർമനിയായിരുന്നു ബഹുദൂരം മുന്നിൽ. മൈതാനം നിറഞ്ഞ്, കളി നയിച്ച് മുന്നിൽനിന്നിട്ടും അവ ഗോളാക്കുന്നതിൽ ടീം പരാജയമായി. മറുവശത്ത്, കിട്ടിയ അർധാവസരങ്ങളെ ഭ്രാന്തമായ ആവേശത്തോടെ മുതലെടുത്ത് ജപ്പാൻ സ്കോർ ചെയ്ത് ജയവുമായി മടങ്ങുകയും ചെയ്തു.
കൊസ്റ്ററീക്കക്കെതിരെ നബ്രി, മുസിയാല, മ്യൂളർ എന്നിവരെല്ലാം നിരവധി അവസരങ്ങളാണ് കളഞ്ഞുകുളിച്ചത്. മുസിയാലയൂം റൂഡിഗറും പോസ്റ്റിലടിച്ച് തുലക്കുകയും ചെയ്തു.
ടീം ലോകകപ്പിൽനിന്ന് പുറത്തായതോടെ സമൂഹ മാധ്യമങ്ങളിൽ കണ്ണീരും പരിഹാസവും പടരുകയാണ്. എൽ.ജി.ബി.ടികൾക്കായി വായ് അടച്ചുപിടിക്കുകയും മൈതാനത്ത് സ്വന്തം വല തുറന്നുവെക്കുകയും ചെയ്തതാണ് ടീമിന് തോൽവി ഉറപ്പാക്കിയതെന്നായിരുന്നു ചിലരുടെ ട്വീറ്റ്. എന്നാൽ, ജപ്പാന്റെ ഒരു നീക്കം വര കടന്ന് പുറത്തായിട്ടും ഇല്ലെന്ന് വാറിൽ തീരുമാനിച്ച് ഗോൾ സമ്മതിച്ചതാണ് ടീമിന് പുറത്തേക്ക് വഴി തുറന്നതെന്ന് പറയുന്നവരുമേറെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.