ലോകകപ്പ് ഉദ്ഘാടന രാവിന് ഗോൾഡൻ തിളക്കം
text_fieldsദോഹ: 2022 നവംബർ 20ലെ സായാഹ്നത്തിൽ അൽ ബെയ്ത് സ്റ്റേഡിയത്തിലൂടെ ഖത്തർ ലോകത്തെ അതിശയിപ്പിച്ച ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങിന് അന്താരാഷ്ട്ര പുരസ്കാര തിളക്കം. ഇറ്റലിയിൽ നടന്ന ബിയവേൾഡ് ഫെസ്റ്റിവലിൽ ഏറ്റവും മികച്ച അന്താരാഷ്ട്ര സ്പോർട്സ് ഇവൻറ് വിഭാഗത്തിൽ ഗോൾഡൻ പുരസ്കാരത്തിനാണ് ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് തിരഞ്ഞെടുക്കപ്പെട്ടത്. വേൾഡ് ഓഫ് സ്പോർട്സ് ആൻഡ് ആർട്സ് വിഭാഗത്തിൽ ഏറ്റവും മികച്ച ക്രിയേറ്റിവ് ടാലൻറായി ഉദ്ഘാടന ചടങ്ങിനെ തിരഞ്ഞെടുത്തു.
24 രാജ്യങ്ങളിൽ നിന്നായി 333 എൻട്രികളാണ് ഈ വിഭാഗത്തിൽ മത്സരത്തിനുണ്ടായിരുന്നത്. ഇറ്റലി ആസ്ഥാനമായ ബാലിച് വണ്ടർ സ്റ്റുഡിയോ ആയിരുന്നു ലോകത്തിന്റെ കൈയടി നേടിയ അൽ ബെയ്തിലെ ഉദ്ഘാടന ചടങ്ങ് തയാറാക്കിയത്.
അറബ്, മിഡിൽ ഈസ്റ്റ് ലോകത്തിലേക്ക് ആദ്യമായെത്തിയ ഫിഫ വേൾഡ് കപ്പിനെ മേഖലയുടെയും അറേബ്യയുടെയും സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും സന്ദേശം പകർത്തിയാണ് ശ്രദ്ധേയമായ സംവിധാനം നിർവഹിച്ചത്. കായികമൂല്യങ്ങൾ കൂടി ഉൾക്കൊണ്ട് പുതുമയേറിയ അവതരണമായി ചടങ്ങിനെ വിശേഷിപ്പിച്ചു. 170 രാജ്യങ്ങളിലാണ് ഉദ്ഘാടന ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്തത്. ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിൽ തന്നെ ടി.വി, ഇൻറർനെറ്റ് വഴി ഏറ്റവും കൂടുതൽ പേർ കണ്ട ഉദ്ഘാടന മുഹൂർത്തമായി അത് മാറി. 30 മിനിറ്റ് നീണ്ട ചടങ്ങിൽ മോർഗൻ ഫ്രീമാനും ഖത്തറിൽ നിന്നുള്ള ഗാനിം അൽ മുഫ്തയും പ്രത്യക്ഷപ്പെട്ട് നടത്തിയ അവതരണവും ശ്രദ്ധേയമായിരുന്നു. ബാലിച് വണ്ടർ സ്റ്റുഡിയോക്കൊപ്പം ഖത്തരി കലാകാരൻ അഹമ്മദ് അൽ ബാകിറായിരുന്നു ഷോയുടെ സഹ ആർട്ടിസ്റ്റിക് ഡയറക്ടർ.
ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം യൂറോപ്യൻ പ്രീമിയർ ക്ലബ് ബാസ്കറ്റ്ബാൾ ടൂർണമെൻറിന്റെ ഫൈനൽ ഫോർ സ്വന്തമാക്കി. ലുസൈൽ ബൊളെവാഡിൽ സജ്ജമാക്കിയ ‘വെയ്ൽ ഷാർക്- ദി ലുസൈൽ ഐകൺ’ ഇൻസ്റ്റലേഷനും പുരസ്കാരമുണ്ട്. മാർകോ ബാലിച് തയാറാക്കിയ ഈ തിമിംഗല സ്രാവിന്റെ രൂപത്തിന് മികച്ച ക്രിയേറ്റിവ് ഇൻസ്റ്റലേഷൻ അവാർഡാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.