ഗുഡ്ബൈ ലൂക്ക
text_fieldsദോഹ: ലുസൈൽ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാത്രി നടന്ന അർജന്റീന-ക്രൊയേഷ്യ സെമി ഫൈനൽ മത്സരത്തിന്റെ 81ാം മിനിറ്റ്. ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിചിനെ പരിശീലകൻ സ്ലാറ്റ്കോ ഡാലിച് തിരികെ വിളിക്കുമ്പോൾ ഗാലറിയിലെ അർജന്റീന ആരാധകർ പോലും എഴുന്നേറ്റ് നിന്നു കൈയടിച്ചു. 16 കൊല്ലത്തെ മഹത്തായ കരിയറിന് ഏറക്കുറെ അന്ത്യമാവുകയാണെന്ന് ലൂക്കയുടെ ശരീരഭാഷയും പറഞ്ഞുകൊണ്ടിരുന്നു.
ടീം തോൽവി ഉറപ്പിച്ച ഘട്ടമായിട്ടും സങ്കടത്തിലും സ്വതസിദ്ധ പുഞ്ചിരി മായാതെ അദ്ദേഹം സഹതാരങ്ങളെ ഹസ്തദാനം ചെയ്തും ആശ്ലേഷിച്ചും ഇരിപ്പിടത്തിലേക്ക് നടന്നു. പക്ഷേ, മത്സരം അവസാനിച്ച ശേഷം ടണലിലൂടെ നടക്കുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയേയും നെയ്മറെയുംപോലെ ആ കണ്ണുകളും നിറഞ്ഞിരുന്നു.
ലോകകപ്പിൽ ക്രൊയേഷ്യക്ക് ലൂസേഴ്സ് ഫൈനൽ കൂടി ബാക്കിയുണ്ട്. 37കാരനായ മോഡ്രിചിനോട് 2024 യൂറോ കപ്പ് വരെയെങ്കിലും ക്രോട്സിനൊപ്പമുണ്ടാവണമെന്ന് പരിശീലകൻ അഭ്യർഥിക്കുന്നു. ഒരുകാര്യമുറപ്പാണ് ഇനിയൊരു ലോകകപ്പിൽ ലൂക്കയെ കളത്തിൽ കാണില്ല.
തുടക്കവും അർജന്റീനക്കും മെസ്സിക്കുമെതിരെ
2006 മാർച്ചിൽ അർജന്റീനക്കെതിരെ നടന്ന സൗഹൃദ മത്സരത്തിലൂടെയായിരുന്നു മോഡ്രിചിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. പ്രായം 21 വയസ്സ്. അന്ന് അർജന്റൈൻ സംഘത്തിൽ 19കാരനായ ലയണൽ മെസ്സിയുണ്ടായിരുന്നു. മെസ്സിയുടെ ആദ്യ അന്താരാഷ്ട്ര ഗോൾ പിറന്ന മത്സരം 2-3ന് ക്രൊയേഷ്യ ജയിച്ചു. മെസ്സിയും മോഡ്രിചും തമ്മിൽ വർഷങ്ങൾ നീണ്ട 'ഫുട്ബാൾ വൈര'ത്തിന്റെ തുടക്കമായിരുന്നു അത്. ദേശീയ ടീമിന്റെ മാത്രമല്ല ക്ലബുകളുടെ സ്പാനിഷ് ലാലിഗയിലെ 'ബദ്ധശത്രു'ക്കളായ ബാഴ്സലോണയുടെയും റയൽ മഡ്രിഡിന്റെയും ജഴ്സികളിലും ഇരുവരും കൊമ്പുകോർത്തു.
രണ്ടുപേർക്കുമിടയിൽ ഊഷ്മള സൗഹൃദം നിലനിൽക്കുന്നുണ്ടെന്ന് കളിക്ക് പുറത്തെ കൂടിക്കാഴ്ചകൾ തെളിയിച്ചിരുന്നു. 2018ലെ ലോകകപ്പിൽ ഗ്രൂപ് ഡിയിലായിരുന്നു ക്രൊയേഷ്യയും അർജന്റീനയും. തമ്മിൽ മുട്ടിയപ്പോൾ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റു. അതിന്റെ കണക്കാണ് നാല് വർഷത്തിനു ശേഷം സമാന സ്കോറിൽ മെസ്സിയും സംഘവും തീർത്തത്. ക്രൊയേഷ്യയുടെയും അർജന്റീനയുടെയും വിധിയെഴുതിയ മത്സരം.
കുത്തക തകർത്ത ലോക ഫുട്ബാളർ
സെൻട്രൽ മിഡ്ഫീൽഡറായാണ് മോഡ്രിചിനെ കളത്തിൽ സാധാരണ കാണാറെങ്കിലും പലപ്പോഴും അറ്റാക്കിങ് മിഡ്ഫീൽഡറുടെയും ഡിഫൻസീവ് മിഡ്ഫീൽഡറുടെയും വേഷങ്ങൾ എടുത്തണിഞ്ഞിട്ടുണ്ട് താരം. ക്രൊയേഷ്യയുടെ എക്കാലത്തെയും മികച്ച ഫുട്ബാളർ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. 2018ൽ ചരിത്രത്തിലാദ്യമായി ടീമിനെ ഫൈനൽ വരെ എത്തിക്കാൻ കഴിഞ്ഞു.
ഇക്കുറിയും അപരാജിത കുതിപ്പുമായി കിരീടത്തിനരികിലേക്ക് നീങ്ങവെയാണ് അർജന്റീനയോട് മുട്ടുമടക്കേണ്ടിവന്നത്. സെമിയിൽ കളത്തിലെല്ലായിടത്തും ലൂക്കയുടെ മാന്ത്രിക സാന്നിധ്യമുണ്ടായിരുന്നു. കാലും തലച്ചോറും ഒരേ വേഗത്തിൽ പ്രവർത്തിപ്പിച്ച് അദ്ദേഹം അർജന്റൈൻ പ്രതിരോധത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിച്ചു. പക്ഷേ, അതൊന്നും ഫലം കണ്ടില്ലെന്നത് സത്യം.
ഒരു ലോകകപ്പിൽ ആറ് മത്സരങ്ങൾ കളിച്ച ഏറ്റവും പ്രായം കൂടിയ ഗോൾകീപ്പറല്ലാത്ത താരമായി മോഡ്രിച്. 161 അന്താരാഷ്ട്ര മത്സരങ്ങളിൽ 23 ഗോൾ നേടിയിട്ടുണ്ട്. പതിറ്റാണ്ടിലധികം നീണ്ട റയൽ മഡ്രിഡ് കരിയറിലെ മത്സരങ്ങൾ 300ന് മീതെയാണ്. 2018 ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബാൾ നേടി. ഫിഫയുടെ ലോക ഫുട്ബാളർ പുരസ്കാരം ദശാബ്ദക്കാലം മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മാറിമാറി വാങ്ങിക്കൂട്ടിയപ്പോൾ 2018ൽ കുത്തക തകർത്തത് മോഡ്രിചാണ്.
'അനുവദിക്കരുതായിരുന്നു ആ പെനാൽറ്റി'
സെമി ഫൈനൽ ആദ്യ പകുതിയിൽ അർജന്റീനക്ക് അനുകൂലമായി റഫറി അനുവദിച്ച പെനാൽറ്റിയാണ് കാര്യങ്ങൾ മാറ്റിമറിച്ചതെന്ന് ശാന്തസ്വഭാവക്കാരനായ മോഡ്രിച് തുറന്നുപറയുന്നു. ''ആ പെനാൽറ്റി വരെ ഞങ്ങൾ നന്നായി കളിച്ചുവരുകയായിരുന്നു. എന്റെ അഭിപ്രായത്തിൽ അത് അനുവദിക്കേണ്ടിയിരുന്നില്ല. റഫറിമാരെ കുറിച്ച് പൊതുവെ ഞാനൊന്നും പറയാറില്ല. ഇന്നുപക്ഷേ, അതു പറയാതിരിക്കാനാവില്ല.
എനിക്കറിയാവുന്നവരിൽ ഏറ്റവും മോശം റഫറിമാരിലൊരാളാണയാൾ. ഇന്നു മാത്രം പറയുന്നതല്ല. എന്നാലും അർജന്റീനയെ പ്രശംസിക്കാതെ വയ്യ. അവർ അർഹിച്ച ജയം അവരിൽനിന്ന് തട്ടിയെടുക്കാനുമില്ല. ഫൈനലിലെത്താൻ അർഹതയുള്ളവരാണ് അവർ. എന്നാലും ആ പെനാൽറ്റി ഞങ്ങളെ തകർത്തുകളഞ്ഞു''-മോഡ്രിച് തുടർന്നു. സഹതാരങ്ങളായ ഇവാൻ പെരിസിച്, ദയാൻ ലോവ് റൻ, ഡൊമാഗോച് വിദ എന്നിവരുടെയും അവസാന ലോകകപ്പാവാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.