Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightQatar World Cupchevron_rightഅയാളിന്ന് കളിക്കുന്നത്...

അയാളിന്ന് കളിക്കുന്നത് അവസാനത്തെ ലോകകപ്പ് മത്സരം

text_fields
bookmark_border
അയാളിന്ന് കളിക്കുന്നത് അവസാനത്തെ ലോകകപ്പ് മത്സരം
cancel

ദോഹ: കാത്തുകാത്തിരിക്കുന്ന അഭിമാനമുദ്ര അയാളെത്തേടിയെത്തുമെന്ന് പ്രതീക്ഷിച്ച് കാത്തിരിപ്പാണ് ലോകത്തെ കോടിക്കണക്കിന് ആരാധകർ. വെറുക്കുന്നവരിൽപോലും പലരും അയാൾ ലോകം ജയിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. കാരണം, ലയണൽ ആന്ദ്രേസ് മെസ്സി ഞായറാഴ്ച കളിക്കുന്നത് അയാളുടെ സംഭവബഹുലമായ കരിയറിലെ അവസാനത്തെ ലോകകപ്പ് മത്സരമാണ്.

കളിയുടെ കാവ്യനീതിയായി അർജന്റീനയുടെ വിഖ്യാത പ്രതിഭ കനകക്കിരീടത്തിൽ മുത്തമിടണമെന്ന മോഹങ്ങൾക്ക് കരുത്തേറെയുണ്ട്. ജയിച്ചാലുമില്ലെങ്കിലും ഇനിയൊരു ലോകകപ്പിന്റെ അങ്കത്തട്ടിലേക്കില്ലെന്നതിൽ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചുറച്ചാണ് 35കാരൻ ലുസൈലിന്റെ പുൽത്തകിടിയിലിറങ്ങുന്നത്.

അർജന്റീനൻ ഫുട്ബാളിലെ മിക്ക റെക്കോഡുകൾക്കുമൊപ്പം രാജ്യാന്തര തലത്തിലെയും പല റെക്കോഡുകളും മെസ്സി സ്വന്തമാക്കിക്കഴിഞ്ഞു. ഫൈനൽ കളിക്കുന്നതോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ (26) കളിച്ച താരമെന്ന ബഹുമതി കൂടി സ്വന്തമാകും. ലോകകപ്പിൽ 2217 മിനിറ്റ് കളിച്ച ഇറ്റലിയുടെ വിഖ്യാത ഡിഫൻഡർ പോളോ മാൽഡീനിയുടെ റെക്കോഡും ഫൈനലിൽ മെസ്സിയുടെ പേരിലേക്ക് മാറും.

ഇതുവരെ 2194 മിനിറ്റാണ് മെസ്സി ലോകകപ്പിൽ മൈതാനത്തുണ്ടായിരുന്നത്. വിശ്വമേളയിൽ മൊത്തം 11 ഗോളുകൾ നേടിയ മെസ്സി, ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ പേരിലുള്ള അർജന്റീന റെക്കോഡ് സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയിട്ടുണ്ട്. ഈ ലോകകപ്പിൽ അഞ്ചു ഗോളുകളും മൂന്ന് അസിസ്റ്റുമൊക്കെയായി നിലവിൽ ഗോൾഡൻ ബാളിനും ബൂട്ടിനുമുള്ള മത്സരത്തിൽ ഒന്നാംനിരയിൽതന്നെ മെസ്സിയുണ്ട്.

ഫ്രാൻസിനെതിരെ മെസ്സി ഗോൾ നേടുകയും അർജന്റീന ജയിക്കുകയും ചെയ്താൽ എല്ലാം മെസ്സിയും ആരാധകരും ആഗ്രഹിക്കുന്ന വഴിക്കുവരും. അവസാന ലോകകപ്പിൽ പ്രായം തോറ്റുപോകുന്ന ശൗര്യത്തോടെ 35ാം വയസ്സിലും അർജന്റീനാ നിരയിൽ നിറഞ്ഞു കളിക്കാൻ മെസ്സിയെ തുണക്കുന്ന ഘടകങ്ങളെന്തൊക്കെയാണ്?

കൂടുതൽ ഗോളുകൾ

ആറു കളികളിൽ മെസ്സി ഇതിനകം അഞ്ചു ഗോളുകൾ നേടിക്കഴിഞ്ഞു. മൂന്നു ഗോളുകൾ പെനാൽറ്റി സ്പോട്ടിൽനിന്ന്. 2014ൽ അർജന്റീന ഫൈനലിലെത്തിയപ്പോൾ മെസ്സി നേടിയത് നാലു ഗോളുകളായിരുന്നു. ആറിൽ നാലു ഗോളും ടീമിനെ ലീഡിലേക്ക് കൈപിടിച്ചുയർത്തിയവ.

ഗോളിനൊപ്പം ഫോമും

നേടിയ ഗോളുകളുടെ എണ്ണത്തിനുമപ്പുറം അർജന്റീനയുടെ കുതിപ്പിൽ നിർണായക പങ്കുവഹിക്കുകയാണ് മെസ്സി. ഈ ലോകകപ്പിൽ ഇതുവരെ ഏറ്റവുമധികം തിളങ്ങിയ താരം. ഫൈനലിലെ മികച്ച പ്രകടനത്തോടെ അതിന് അടിവരയിടാൻ കഴിഞ്ഞാൽ, നേട്ടങ്ങളേറെയാണ് കാത്തിരിക്കുന്നത്.

നേതൃഗുണം

കരിയറിൽ പക്വതയാർജിച്ചതോടെ നേതൃഗുണവും മാതൃകാപരമായി. കളത്തിലും പുറത്തും തികഞ്ഞ നായകനാണിന്ന്. കഴിഞ്ഞകാലങ്ങളിലേതിനേക്കാൾ മികച്ച ക്യാപ്റ്റൻ. നെതർലൻഡ്സിനെതിരെ നിർണായക ഘട്ടത്തിൽ കാഴ്ചവെച്ചതുപോലെ, തന്റെ സംഘത്തിനുവേണ്ടി പോരാടാൻ ഒരുങ്ങിയിറങ്ങുന്നവനായി മാറി.

കൂടുതൽ അസിസ്റ്റുകൾ

ആറു കളികളിൽ മൂന്ന് അസിസ്റ്റുകൾ. അവയോരോന്നും അത്യുജ്ജ്വലം. ക്രൊയേഷ്യക്കെതിരെ യൂലിയൻ ആൽവാരസിന് നൽകിയ അസിസ്റ്റ് ലോകോത്തരമായിരുന്നു. ലോകകപ്പുകളിൽ ഇതുവരെ എട്ട് അസിസ്റ്റുകളുമായി ഡീഗോ മറഡോണക്കൊപ്പം. ഫൈനലിൽ ഒന്നുകൂടിയായാൽ പുതിയ റെക്കോഡ്.

പക്വതയേറെ

ഓരോ മത്സരശേഷവും മെസ്സി വാർത്താലേഖകരുമായി സംസാരിക്കുന്നു. അളന്നുകുറിച്ച വാക്കുകൾ. പക്വതയാർന്ന സംസാരം. സൗദി അറേബ്യയോട് തോറ്റ മത്സരത്തിൽപോലും വളരെ ശാന്തവും ബുദ്ധിപൂർവവുമായിരുന്നു സമീപനം. സഹതാരങ്ങൾക്കും നായകനെക്കുറിച്ച് പറയാൻ നൂറു നാവ്.

പരിമിതികൾ തിരിച്ചറിയുന്നു

'പഴയതുപോലെ ശക്തമായി ഷോട്ടെടുക്കാനും ഓടാനുമൊന്നും കഴിയണമെന്നില്ല. എനിക്കിപ്പോൾ 35 വയസ്സായി. അതുകൊണ്ട് സ്മാർട്ടാവണം' -മെസ്സി ഈയിടെ പറഞ്ഞതാണിത്. ഈ പ്രായത്തിൽ ഈ പരിമിതികളെല്ലാം തിരിച്ചറിഞ്ഞ് തന്റെ കരുത്ത് പുറത്തെടുക്കാനാവുന്നുവെന്നതാണ് സവിശേഷം. വെറുതെ ഓടിക്കിതക്കാതെ കായികമായി കൂടുതൽ ബുദ്ധിപൂർവമായാണ് സമീപനം.

ആരാധകരുമായുള്ള അടുപ്പം

അർജന്റീന ആരാധകരുമായി അത്രയേറെ അടുത്തുനിൽക്കുന്ന മെസ്സിയാണ് ഖത്തറിൽ ദൃശ്യമാകുന്നത്. നേരത്തേ, കാണികൾ മെസ്സിയുടെ വലിയ ഇഷ്ടങ്ങളുടെ ഭാഗമായിരുന്നെങ്കിലും ഈ ലോകകപ്പിൽ അവർ വലിയ പ്രചോദനമായി മാറുകയാണ്. ഓരോ മത്സരം കഴിഞ്ഞും അവർക്കൊപ്പം ആട്ടവും പാട്ടുമായി സമയം ചെലവിടാൻ താൽപര്യപ്പെടുന്ന നായകൻ, വാർത്തസമ്മേളനങ്ങളിലും നിരന്തരം അവരുടെ അകമഴിഞ്ഞ പിന്തുണയെ പ്രകീർത്തിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballqatar world cupFootball Players
News Summary - He will be playing the last World Cup match
Next Story