കണക്കുകൾ പറയുന്നു, ഇത്തവണ ക്രിസ്റ്റ്യാനോ കപ്പടിക്കും
text_fieldsലോകകപ്പിന് ആദ്യ വിസിൽ മുഴങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പലവിധ കണക്കുകൂട്ടലുകളിലാണ് ആരാധകർ. ചരിത്രത്തിലെ ആവര്‍ത്തനങ്ങളും കണക്കിലെ കളികളുമെല്ലാം പരിശോധിച്ച് ഇത്തവണ ആര് കപ്പ് നേടുമെന്ന് പ്രവചിക്കുന്നവർ ഏറെയാണ്. ഇതിലൊന്ന് പുറത്തെടുത്ത് ഇത്തവണ പോർച്ചുഗൽ കപ്പടിക്കുമെന്ന് പ്രവചിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർ. ഇവർ പറയുന്ന കണക്കുകൾ പരിശോധിക്കുമ്പോള്‍ സംഭവം സത്യമാണ്. ചരിത്രം ആവര്‍ത്തിക്കുകയാണെങ്കില്‍ ഇത്തവണ പോര്‍ച്ചുഗല്‍ തന്നെ കപ്പടിക്കും.
ഓരോ ലോകകപ്പിനും കൃത്യം രണ്ട് വര്‍ഷം മുമ്പാണ് യൂറോ കപ്പ് നടക്കുന്നത്. 2008 മുതൽ അതിലെ ടോപ് സ്കോററുടെ ടീം ആണ് അടുത്ത തവണ ലോകകപ്പുയര്‍ത്തുന്നത്. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും അങ്ങനെ തന്നെയാണ് സംഭവിച്ചത്. കഴിഞ്ഞ യൂറോ കപ്പില്‍ ഏറ്റവുമധികം ഗോളടിച്ചവരിൽ ഒരാൾ ക്രിസ്റ്റ്യാനോയാണ് (അഞ്ച് ഗോളുകള്‍). ചെക് റിപ്പബ്ലിക്കിന്‍റെ പാട്രിക് ഷിക്കും ഇത്രയും ഗോൾ നേടിയിട്ടുണ്ടെങ്കിലും അവർ ഫേവറൈറ്റ്സുകളല്ലെന്ന വാദമാണ് പോർച്ചുഗൽ ആരാധകർ ഉയർത്തുന്നത്.
ആ ചരിത്രം ഇങ്ങനെ...
2008 യൂറോ കപ്പിലെ ടോപ് സ്കോററര്‍ സ്‍പെയിനിന്റെ ഡേവിഡ് വിയ്യയായിരുന്നു (നാല് ഗോളുകള്‍). 2010ലെ ലോകകപ്പില്‍ അദ്ദേഹത്തിന്റെ ടീം കിരീടമണിഞ്ഞു. 2012 യൂറോ കപ്പിലെ ടോപ് സ്കോററര്‍ മാരിയോ ഗോമെസ് (മൂന്ന് ഗോളുകള്‍) ആയിരുന്നു. 2014ലെ ലോകകപ്പിൽ ജേതാക്കളായത് ഗോമസിന്‍റെ ടീമായ ജര്‍മനി. 2016 യൂറോ കപ്പിലെ ടോപ് സ്കോററർ ഗ്രീസ്മാന്‍ (ആറ് ഗോളുകള്‍) ആയിരുന്നെങ്കിൽ 2018ല്‍ ലോകകിരീടമുയര്‍ത്തിയത് അദ്ദേഹം അംഗമായ ഫ്രാന്‍സ് ആയിരുന്നു. ഇത്തവണയും ചരിത്രം ആവർത്തിക്കുമെന്നും റൊണാള്‍ഡോ കപ്പടിക്കുമെന്നും പോർച്ചുഗൽ ആരാധകർ തറപ്പിച്ച് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.