ഒറ്റനാളിൽ നടുക്കടലിലായി അർജന്റീന; ടീമിന് നോക്കൗട്ടിലെത്താൻ ഇനി എത്ര പോയിന്റ് വേണം?
text_fieldsസൗദി അറേബ്യക്കെതിരെ അർജന്റീനയുടെ തോൽവി വിദൂര സ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നില്ല. ചില സൗദി താരങ്ങൾക്കു പോലും. ഗ്രൂപ് സിയിൽ പക്ഷേ, ഒറ്റ നാളിൽ തുറന്നുകിട്ടിയത് സമാനതകളില്ലാത്ത സാധ്യതകൾ. ലയണൽ സ്കലോണിയുടെ സംഘം സൗദിക്കു മുന്നിൽ അടിയറവു പറഞ്ഞ ദിനത്തിലെ രണ്ടാം ഗ്രൂപ് പോരാട്ടത്തിൽ മെക്സിക്കോയും പോളണ്ടും ഗോളില്ലാ സമനിലയിലും പിരിഞ്ഞു.
നിലവിൽ മൂന്നു പോയിന്റുമായി സൗദി ഗ്രൂപിൽ ഒന്നാമതും മെക്സിക്കോ, പോളണ്ട് ടീമുകൾ ഓരോ പോയിന്റുമായി രണ്ടാമതുമാണ്. അർജന്റീന ഏറ്റവും പിറകിൽ.
മെക്സിക്കോ, പോളണ്ട് ടീമുകൾക്കെതിരെ ജയിക്കാനായാൽ പോലും അർജന്റീനക്ക് നേടാനാകുക പരമാവധി ആറു പോയിന്റ്. ടീമിന് യോഗ്യത ഉറപ്പാക്കാൻ അതു മതിയെങ്കിലും തങ്ങളെ വീഴ്ത്തിയ സൗദി ഒരു ജയം കൂടി പിടിച്ച് യോഗ്യത ഉറപ്പാക്കിയാൽ മെസ്സിക്കൂട്ടം രണ്ടാമതാകും. അതോടെ, ഫ്രാൻസ്, ഡെന്മാർക് ടീമുകളുള്ള ഗ്രൂപ് ഡിയിലെ ഒന്നാമന്മാർക്കെതിരെയാകും അർജന്റീനക്ക് ആദ്യ നോക്കൗട്ട് പോരാട്ടം. ഇത് ടീമിന്റെ മുന്നോട്ടുള്ള പ്രയാണം കൂടുതൽ ദുഷ്കരമാക്കും. ആസ്ട്രേലിയയെ അനായാസം കടന്ന ഫ്രാൻസ് ആകും ഗ്രൂപ് ചാമ്പ്യന്മാർ എന്ന വലിയ സാധ്യതയാണ് മുന്നിലുള്ളത്. 2018ൽ റഷ്യൻ ലോകകപ്പിൽ എംബാപ്പെ മികവിൽ ലാറ്റിൻ അമേരിക്കക്കാരെ കടന്ന് കപ്പുയർത്തിയവരാണ് ഫ്രാൻസ്.
അതേ സമയം, ഗ്രൂപിൽ രണ്ടാമന്മാരായാൽ ബ്രസീൽ- അർജന്റീന ഫൈനൽ എന്ന സ്വപ്നപോരാട്ടവും സാധ്യതയായി വരാം.
അടുത്ത രണ്ടു മത്സരങ്ങളിൽ ഒന്ന് സമനിലയിലാകുകയും ഒന്ന് ജയിക്കുകയും ചെയ്താൽ ഭാഗ്യം കനിഞ്ഞാലേ ടീമിന് അടുത്ത റൗണ്ട് പ്രതീക്ഷിക്കാനാകൂ. അതിനാൽ, മെക്സിക്കോയെയും അതുകഴിഞ്ഞ് പോളണ്ടിനെയും വലിയ മാർജിനിൽ കടക്കുകയെന്നതാകും സ്കലോണിയുടെ കൂട്ടികൾക്കു മുന്നിലെ വഴി.
ലോകകപ്പ് ചരിത്രത്തിൽ ആറാം തവണയാണ് അർജന്റീന ആദ്യ പോരാട്ടം തോൽക്കുന്നത്. അവസാനമായി ഇതു സംഭവിച്ച 1990ൽ ഡീഗോ മറഡോണ നയിച്ച ടീം ഫൈനൽ കളിച്ചാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.