സരാബിയ എങ്ങനെ കരയാതിരിക്കും
text_fieldsദോഹ: അഷ്റഫ് ഹക്കീമി കിക്കെടുക്കാൻ ഒരുങ്ങിയെത്തുമ്പോൾ ഉനായ് സിമോൺ പെനാൽറ്റി കാത്തുകിടക്കുന്ന ഗോളിയായിരുന്നു. എല്ലാം ഏറക്കുറെ കൈവിട്ടുപോയെന്ന് കരുതുമ്പോഴും ഗോൾവരയിൽ അയാൾക്ക് നേരിയ പ്രതീക്ഷകളുണ്ടായിരുന്നിരിക്കണം. എന്നാൽ, ചരിത്രത്തിലേക്ക് ആ പന്തടിച്ചു കയറ്റാൻ ഹക്കീമി പതിയെ, ശാന്തനായാണെത്തിയത്. മൂന്നു നാലു ചുവടുകൾ..
അത് പിഴക്കരുതെന്ന് ഉറപ്പുള്ളതുപോലെ, വലിയ ആർഭാടങ്ങളൊന്നുമില്ലാതെ അയാളാ പന്ത് വലയുടെ മധ്യഭാഗത്തേക്ക് തള്ളി. സിമോണപ്പോൾ കണക്കുകൂട്ടലുകൾ തെറ്റി വലതുഭാഗത്തേക്ക് വീണു കഴിഞ്ഞിരുന്നു. അതിരുകളറ്റ ആഹ്ലാദ നൃത്തത്തിലേക്ക് പൊട്ടിപ്പുറപ്പെടാൻ ധിറുതി കാട്ടാതെ ഹക്കീമി ചുമലുകൾ ഇളക്കിയാടി ചെറുചിരിയോടെ നിന്നു.ഗാലറിയപ്പോൾ ഖത്തറിൽ ഇതുവരെ കണ്ടതിന്റെ ഉച്ചസ്ഥായിയിൽ പൊട്ടിത്തെറിച്ചു തുടങ്ങിയിരുന്നു. പിന്നിൽ സഹതാരങ്ങൾ ഉന്മാദലഹരിയിലേക്ക് ഓട്ടമാരംഭിച്ചു. യാസീൻ ബൗനുവെന്ന ഹീറോ ഗ്ലൗസണിഞ്ഞ കൈകൾ വിടർത്തി ആലിംഗനങ്ങൾക്ക് കാത്തുനിന്നു.
അപ്പോൾ പാബ്ലോ സരാബിയയെന്ന സ്പാനിഷ് മിഡ്ഫീൽഡർ മൈതാനത്ത് മുഖമമർത്തിക്കിടന്ന് കൊച്ചു കുട്ടികളെപ്പോലെ കരയുകയായിരുന്നു. എങ്ങനെ അയാൾ കരയാതിരിക്കും? മൊറോക്കോക്കെതിരെ 118-ാം മിനിറ്റിൽ കളത്തിലിറക്കും മുമ്പ് കോച്ച് ലൂയി എൻറിക് ഈ ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും സരാബിയയെ പരീക്ഷിച്ചിട്ടില്ല. പെനാൽറ്റി ഷൂട്ടൗട്ടിൽ കിക്കെടുക്കാൻ മിടുക്കനായതിനാലാണ് രണ്ടു മിനിറ്റ് മാത്രം ബാക്കിയിരിക്കെ കളത്തിലേക്കിറക്കി വിട്ടത്.
ടൈബ്രേക്കറിലെ ആദ്യ കിക്ക് പോസ്റ്റിനിടിച്ച് മടങ്ങിയതിനേക്കാൾ പി.എസ്.ജി താരത്തെ അലട്ടിയത് മറ്റൊന്നായിരിക്കും. കളത്തിലിറങ്ങിയതിന് പിറകെ ഇഞ്ചുറി ടൈമിൽ ക്ലോസ് റേഞ്ചിൽ നിന്ന് സരാബിയ തൊടുത്തൊരു ആംഗുലർ ഷോട്ട് പോസ്റ്റിനെ പ്രകമ്പനം കൊള്ളിച്ച് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക് പറക്കുകയായിരുന്നു. അത് വലക്കുള്ളിലേക്കാണ് ഗതിമാറിയിരുന്നതെങ്കിൽ അയാളുടെയും ഒപ്പം മൊറോക്കോ, സ്‍പെയിൻ ടീമുകളുടെയും വിധി കീഴ്മേൽ മറിഞ്ഞേനെ. വില്ലനിൽനിന്ന് സ്പെയിനിന്റെ രക്ഷകനായി സരാബിയ വാഴ്ത്തപ്പെടുന്ന നിമിഷങ്ങളാകുമായിരുന്നു അത്.
പക്ഷേ, അങ്ങനെയൊന്നുമുണ്ടായില്ല. 1019 പാസുകൾ കോർത്തിണക്കിയ സ്പെയിനിന്റെ കളിമിടുക്കിനെ, കുറ്റിയുറപ്പുള്ള പ്രതിരോധതന്ത്രങ്ങൾ കൊണ്ട് വരിഞ്ഞുമുറുക്കി 'അറ്റ്ലസ് ലയൺസ്' വിജയഗർജനം മുഴക്കി. ആഫ്രിക്കയിൽനിന്ന് നാലാം തവണ ഒരു കളിസംഘം വിശ്വപോരാട്ടങ്ങളുടെ അവസാന എട്ടിലെത്തുകയായിരുന്നു. 1990ൽ കാമറൂൺ, 2002ൽ സെനഗൽ, 2010ൽ ഘാന. ഇവരാരും അതിനപ്പുറം പോയിട്ടില്ല. പറങ്കിപ്പടയെ വീഴ്ത്തിയാൽ മൊറോക്കോയെ കാത്തിരിക്കുന്നത് നേട്ടങ്ങളുടെ ആരും കടന്നുകയറാത്ത ഗോൾമുഖങ്ങളാണ്. ക്വാർട്ടർ ഫൈനലിലെത്തുന്ന ആദ്യ അറബ് രാജ്യമെന്ന തിരുത്താനാവാത്ത ബഹുമതിക്കൊപ്പം എണ്ണിപ്പറയാൻ മറ്റു പലതും.
മൊറോക്കോ ആഘോഷിക്കുമ്പോൾ സ്‍പെയിൻ വിമർശനങ്ങൾക്കു നടുവിലാണ്. കളിയിൽ അത്രയേറെ സ്വാധീനം ചെലുത്തിയിട്ടും ഒരുതവണ പോലും എതിർ വലക്കുള്ളിലേക്ക് പന്തടിച്ചുകയറ്റാനാവാതെപോയ സ്പാനിഷ് നിരാശയുടെ ആഴമേറെ. ശാസ്ത്രീയതയിലൂന്നിയ യൂറോപ്യൻ ഫുട്ബാളിൽ ആ വിരസപ്രക്രിയയെ അവഗണിച്ച് കുറുകിയ പാസുകളിൽ കളം നെയ്യുന്ന കോച്ച് ലൂയി എൻറിക്കിന്റെ 'പാസിങ് എക്സ്പിരിമെന്റ്' വരെ ചോദ്യം ചെയ്യപ്പെടുന്നു.
77 ശതമാനം പൊസിഷൻ, 1019 പാസുകൾ- അതിൽ 926 എണ്ണവും കിറുകൃത്യം..എന്നിട്ടും ഒരു ടീം ഇവ്വിധം പിന്നിലായിപ്പോകുന്നത് ദയനീയം തന്നെ. മൊറോക്കോയുടെ പാസുകളുടെ എണ്ണം 304 മാത്രമായിരുന്നുവെന്നോർക്കണം. പന്ത് സ്വന്തം കാലുകളിൽ കുരുക്കിയിട്ട് കളിച്ചിട്ടും ടാർഗെറ്റിലേക്ക് സ്‍പെയിൻ നിറയൊഴിച്ചത് ഒരേയൊരു തവണ.
'ഒരു സെൻട്രൽ സ്ട്രൈക്കർ ടീമിൽ ഉണ്ടായിരുന്നില്ല. ബോക്സിന് പുറത്തുനിന്ന് ഷോട്ടുകളുതിർത്തില്ല. കരുത്തുണ്ടായിരുന്നില്ല. കൃത്യമായ പദ്ധതികളുണ്ടായിരുന്നില്ല. നീക്കങ്ങൾക്ക് വേഗമില്ലായിരുന്നു. ദ്രുതഗതിയിൽ പന്ത് കൈമാറ്റം ചെയ്തില്ല...' കളിയഴകിനാൽ, പത്തു വർഷം മുമ്പ് പ്രശംസാ വചനങ്ങൾക്ക് നടുവിൽ അഭിരമിക്കുകയും വിശ്വം ജയിക്കുകയും ചെയ്തവരുടെ പിന്മുറക്കാർക്കെതിരെ സ്പെയിനിൽ കുറ്റപ്പെടുത്തലുകൾ നിറയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.