പ്രായം 76; ലോകകപ്പിൽ ഹ്യൂബെർട്ട് മെസ്സിക്കും സീനിയർ
text_fieldsദോഹ: ഖത്തർ ലോകകപ്പിെൻറ വിജയകരമായ സംഘാടനത്തിൽ വളൻറിയർമാരുടെ പങ്ക് നിഷേധിക്കാൻ കഴിയില്ല. ഖത്തറിനകത്ത് നിന്നും പുറത്ത് നിന്നുമായി 20000ലധികം വളൻറിയർമാരാണ് ഇത്തവണ ലോകകപ്പിൽ വിവിധ വകുപ്പുകളിലായി സേവന സജ്ജരായി നിലകൊള്ളുന്നത്.
ഖത്തറിന് പുറത്ത് നിന്നുള്ള വളണ്ടിയർമാരുടെ കൂട്ടത്തിൽ ജർമനിയിൽ നിന്നുള്ള 76കാരനായ ഹ്യൂബെർട്ട് ബീലറുമുണ്ട്. 2006ലെ ജർമൻ ലോകകപ്പ് മുതൽ ആരംഭിച്ച ബീലറുടെ വളണ്ടിയർ യാത്ര 2022ൽ ഖത്തറിലെത്തിയിരിക്കുകയാണ്.
തുടർച്ചയായ അഞ്ചാം ലോകകപ്പിൽ വളണ്ടിയറാകുന്ന ബീലർ, മിഡിലീസ്റ്റിലും അറബ് ലോകത്തും ആദ്യമായെത്തിയ ലോകകപ്പിൽ സേവനമർപ്പിക്കാൻ സാധിച്ചതിൽ കൃതാർത്ഥനാണെന്നും ഏറെ സന്തോഷമുണ്ടെന്നും പറയുന്നു.
ഖത്തർ ലോകകപ്പ് വേദികളിൽ ഏറെ സവിശേഷതകളുള്ള സ്റ്റേഡിയം 974ൽ മീഡിയാ ഓപറേഷൻ വിഭാഗത്തിലായിരുന്നു ബീലറുടെ സേവനം. തൻെറ വളൻറിയർ യാത്രയെ കുറിച്ച് സംസാരിക്കുന്നു.
വളൻറിയറിങ് തുടക്കം
ജർമനിയിൽ ഫ്രാൻസിനും സ്വിറ്റ്സർലാൻഡിനും തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ബ്ലാക്ക് ഫോറസ്റ്റ് മേഖലയിലെ ഡുണിംഗനിൽ നിന്നാണ് വരുന്ന്. കായിക, ഗണിത അധ്യപകനായിരിക്കുേമ്പാഴും ഫുട്ബോളിൽ ഏറെ തൽപരനുമാണ്. നേരത്തെ കളിക്കാരനായും കോച്ചായും പ്രവർത്തിച്ചിട്ടുണ്ട്. റിട്ടയർ ചെയ്തതിന് ശേഷവും ഫുട്ബോൾ എെൻറ ജീവിതത്തിെൻറ പ്രധാന ഭാഗമാണ്. 2006ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിലൂടെയാണ് വളൻറിയറിങ് രംഗത്തേക്ക് കടന്നുവരുന്നത്.
മുൻകാല അനുഭവങ്ങൾ
2006 മുതൽ 2022ലെ ഖത്തർ ലോകകപ്പ് വരെയുള്ള എല്ലാ ടൂർണമെൻറുകളിലും ഞാൻ വളൻറിയറായി പ്രവർത്തിച്ചിട്ടുണ്ട്. 2011ലെ വനിതാ ലോകകപ്പിലും ഞാൻ വളൻറിയറായിരുന്നു. ഒരു തമാശ പറയട്ടെ, മെസ്സി പങ്കെടുത്തതിനേക്കാളും കൂടുതൽ ലോകകപ്പിൽ പങ്കെടുത്തിട്ടുണ്ട്.
വളൻറിയർ ഡ്യൂട്ടി
ടൂർണമെൻറ് കവർ ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകരുടെ അനുഭവം മികവുറ്റതാക്കുന്നതിന് പിന്തുണ നൽകുകയെന്നതാണ് പ്രധാന ഉത്തരവാദിത്തം. മെക്സിക്കോ-പോളണ്ട് മത്സരം കവർ ചെയ്യാനെത്തിയ 130ലധികം ഫോട്ടോഗ്രഫർമാരെ മാനേജ് ചെയ്യാനും എനിക്ക് സാധിച്ചിട്ടുണ്ട്.
ഖത്തറിലെ അനുഭവങ്ങൾ
അറബ് ലോകത്തെ ആദ്യ അനുഭവം. ഖത്തറിെൻറ ആതിഥ്യമര്യാദയും ഉദാരതയും എന്നെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. ഇത് നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്. വളൻറിയറിംഗ് എെൻറ ജീവിതത്തെ ഏറെ സമ്പന്നമാക്കിയിരിക്കുന്നു.
ഖത്തറിലേക്ക് വരാനുള്ള പ്രചോദനം
ഒരു വളണ്ടിയറെന്ന നിലയിൽ 2018ലെ റഷ്യൻലോകകപ്പ് എെൻറ അവസാനത്തെ ടൂർണമെൻറായിരുന്നു. പക്ഷേ, ദുഖകരമെന്ന് പറയട്ടെ, എെൻറ ഭാര്യ പെട്ടെന്ന് വിടപറഞ്ഞു. അതോടെ വീണ്ടും വെല്ലുവിളികൾ ഏറ്റെടുക്കുന്നതിെൻറ ഭാഗമായി ഞാൻ ഖത്തർ ലോകകപ്പിലേക്കും അപേക്ഷ സമർപ്പിക്കുകയായിരുന്നു.
ഇതുവരെയുള്ള വളൻറിയർ അനുഭവം
ഖത്തറിൽ മാത്രം നിരവധി അവിസ്മരണീയ അനുഭവങ്ങളാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. മറ്റു ടൂർണമെൻറുകളിലൂടെ എന്നെ തിരിച്ചറിയുന്ന ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വളണ്ടിയർമാരെ ഇവിടെയും കാണാൻ സാധിച്ചുവെന്നത് അമൂല്യമായ അനുഭവമാണ്. ഈ ലോകകപ്പ് അമ്പരപ്പിക്കുന്നതാണ്. എവിടെയും സൗഹൃദാന്തരീക്ഷം മാത്രം.
വളരെ സമാധാനത്തോടെ എന്നാൽ അത്യാവേശത്തോടെ എല്ലാവരെയും പരിഗണിച്ച് കൊണ്ടും ആദരിച്ച് കൊണ്ടും ആരാധകർ ഇവിടെ ആഘോഷിക്കുകയാണ്. ഈ കാഴ്ച എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.
ഏത് ടീമിനെയാണ് പിന്തുണക്കുന്നത്
എെൻറ ടീം സ്വന്തം നാടായ ജർമനിയായിരുന്നു. നിർഭാഗ്യവശാൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്ത് പോയി. ഇനി എെൻറ ടീം ബ്രസീലാണ്. മികച്ച സ്ക്വാഡാണ് അവർക്കുള്ളത്. എെൻറ സുഹൃദ് വലയത്തിൽ നിരവധി ബ്രസീലുകാരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.