ഖത്തറിലേത് എക്കാലത്തെയും മികച്ച ലോകകപ്പ് -ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്‍റിനോ
text_fieldsഫുട്ബാളിന്‍റെ വിശ്വവേദിയിൽ ജേതാവിനെ തീരുമാനിക്കാനുള്ള അന്തിമ മത്സരത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, മികച്ച സംഘാടനത്തിന് ഖത്തറിനെ ആവോളം പ്രശംസിച്ച് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്‍റിനോ. എക്കാലത്തെയും മികച്ച ലോകകപ്പാണ് ഖത്തറിൽ അരങ്ങേറിയതെന്ന് പറഞ്ഞ അദ്ദേഹം ഏറ്റവും മികച്ച വളണ്ടിയർമാരെയാണ് ഖത്തറിൽ കാണാനായതെന്നും വ്യക്തമാക്കി.
ലോകകപ്പിന്‍റെ ഹൃദയവും ആത്മാവും എന്നാണ് വളണ്ടിയർമാരെ അദ്ദേഹം വിശേഷിപ്പിച്ചത്. വ്യത്യസ്ത മേഖലയിൽ വൈദഗ്ധ്യമുള്ള 20,000ഓളം വളണ്ടിയർമാരാണ് ലോകകപ്പിനായി അഹോരാത്രം പ്രവർത്തിച്ചത്.
'എക്കാലത്തെയും മികച്ച ലോകകപ്പിലെ ഏറ്റവും മികച്ച വളണ്ടിയർമാരാണ് നിങ്ങൾ. എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്നുള്ള നന്ദി അറിയിക്കുന്നു. ഫുട്ബാളിനെ സ്നേഹിക്കുന്ന എല്ലാവരുടെയും നന്ദി നിങ്ങളെ അറിയിക്കുന്നു' -ദോഹ കോർണിഷിൽ നടന്ന വളണ്ടിയർ സെലബ്രേഷൻ ചടങ്ങിൽ ഫിഫ പ്രസിഡന്‍റ് പറഞ്ഞു.
നാല് ലക്ഷം പേരാണ് വളണ്ടിയർമാരാകാൻ സന്നദ്ധത പ്രകടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ നിന്നാണ് 20,000 പേരെ തിരഞ്ഞെടുത്തത്. ലോകകപ്പിന്‍റെ മുഖവും ചിരിയുമായിരുന്നു ഈ വളന്‍റിയർമാർ. ഒരാൾ ലോകകപ്പിനെത്തുമ്പോൾ കാണുന്ന ആദ്യത്തെയാളും, തിരികെ മടങ്ങുമ്പോൾ കാണുന്ന അവസാനത്തെയാളും നിങ്ങളാണ്. നിങ്ങളുടെ ചിരിയാണ് ഈ ലോകകപ്പിനെ എക്കാലത്തെയും മികച്ച ലോകകപ്പാക്കി മാറ്റുന്നത്' -അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച രാത്രി 8.30ന് അർജന്‍റീന-ഫ്രാൻസ് ഫൈനൽ മത്സരത്തോടെ ലോകകപ്പിന് തിരശീല വീഴും. ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള മത്സരത്തിൽ ഇന്ന് രാത്രി 8.30ന് മൊറോക്കോ ക്രോയേഷ്യയെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.