സുസ്വാഗതം, മഹാമേളയിലേക്ക്
text_fieldsദോഹ: നഗരത്തിലെ തിരക്കേറിയ വെസ്റ്റ് ബേയിലെ ദോഹ എക്സിബിഷൻ സെന്റർ ആസ്ഥാനത്ത് നാസർ അൽ ഖാതിർ നിന്നുതിരിയാനിടമില്ലാത്ത കൂടിയാലോചനകളിലാണ്. ലോകം അത്രമേൽ ആവേശത്തോടെ ഉറ്റുനോക്കുന്ന വിശ്വമേളക്ക് ഇനി മൂന്നുദിവസം മാത്രമുള്ളപ്പോൾ ഈ ലോകകപ്പിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ (സി.ഇ.ഒ) അവസാന വട്ട ഒരുക്കങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലമർന്നുകഴിഞ്ഞു. ഖത്തറിന്റെ മണ്ണിലേക്ക് പറന്നിറങ്ങുന്ന വമ്പൻ ടീമുകളെ സ്വീകരിക്കാനും അവർക്ക് സൗകര്യങ്ങളൊരുക്കാനും സഹായികൾക്ക് നിർദേശം നൽകുന്നു. അതിനൊപ്പം, കിക്കോഫിലേക്കുള്ള അന്തിമ മിനുക്കുപണികളുടെ ഓർമപ്പെടുത്തലുകൾ. ഈ തിരക്കിനിടയിലും 'മാധ്യമ'ത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ലോകകപ്പ് ഒരുക്കങ്ങളെക്കുറിച്ചും അതിലേക്ക് നടന്നടുത്ത വഴികളെക്കുറിച്ചും നാസർ അൽ ഖാതിർ വിശദീകരിക്കുന്നു.
ഖത്തറിലെ മലയാളി ആരാധകരുടെ ആവേശത്തെ പ്രകീർത്തിക്കുന്ന അദ്ദേഹം, ഖത്തറിലെ എല്ലാവരുടേതുമാണ് ഈ ലോകകപ്പെന്നും ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും സംഘാടനത്തിന്റെ കാര്യത്തിലും വലിയ പ്രതിബന്ധങ്ങളെയാണ് അതിജീവിക്കേണ്ടിയിരുന്നത്. പടിഞ്ഞാറൻ മാധ്യമങ്ങളുടെ നിരന്തര വിമർശനങ്ങൾ തീർത്ത വെല്ലുവിളികളും നേരിടേണ്ടിവന്നെന്നും അദ്ദേഹം പറയുന്നു. ഇന്ത്യൻ ജനത ഞങ്ങൾക്കൊപ്പം അടിയുറച്ചുനിൽക്കുന്നതിൽ സന്തോഷമുണ്ടെന്ന് നാസർ അൽ ഖാതിർ നന്ദിയോടെ സ്മരിക്കുന്നു. കേരള ജനത അത്രയേറെ ഫുട്ബാളിനെ സ്നേഹിക്കുന്നവരാണ്. എല്ലാ ആരാധകരെയും സർവാത്മന സ്വാഗതം ചെയ്യുകയാണെന്നും ലോകകപ്പ് മേധാവി കൂട്ടിച്ചേർത്തു.
⊿ ഒടുവിൽ ആ സ്വപ്നം യാഥാർഥ്യമാകുന്നു...ഖത്തർ ലോകകപ്പിന് അരങ്ങൊരുക്കുകയാണ്. ഇപ്പോൾ എന്തുതോന്നുന്നു?
● 13 വർഷത്തെ നിരന്തര അധ്വാനം ഒടുവിൽ സാഫല്യത്തിലെത്തിനിൽക്കുന്നു. ഞങ്ങൾ തയാറായിക്കഴിഞ്ഞു. മധ്യപൂർവേഷ്യയിലെ ആദ്യ ലോകകപ്പിലേക്ക് ലോകത്തിന്റെ മുഴുവൻ കാണികളെയും സ്വാഗതം ചെയ്യുകയാണ് ഖത്തർ. മികച്ച രീതിയിൽതന്നെ വിശ്വമേള നടത്താൻ എല്ലാംകൊണ്ടും സജ്ജമാണ് ഞങ്ങൾ.
എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഇനി കുറച്ചു ദിവസം മാത്രം. സ്റ്റേഡിയം കാണികൾക്ക് തുറന്നുകൊടുക്കുന്നതിനുള്ള അന്തിമ ഘട്ട മിനുക്കുപണികൾ കൂടി കഴിഞ്ഞാൽ എല്ലാം തയാർ. ഉന്നതമായ ആത്മവിശ്വാസത്തിലാണ് ഞങ്ങൾ. ഇൻശാ അല്ലാഹ്...ഈ ലോകകപ്പ് ഹൃദ്യമായ അനുഭവമായിരിക്കും.
⊿ ഈ ചരിത്രദൗത്യം ഏറ്റെടുക്കുമ്പോൾ എന്തായിരുന്നു മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളികൾ?
● ഇത് ലോകത്തിലെ ഏറ്റവും വലിയ അരങ്ങാണ്. ലോകകപ്പ് പോലൊരു മഹാമേളക്ക് വേദിയൊരുക്കുമ്പോൾ മുന്നിൽ ഒരുപാട് വെല്ലുവിളികളുണ്ടായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും സംഘാടനത്തിന്റെ കാര്യത്തിലും വലിയ പ്രതിബന്ധങ്ങളെയാണ് അതിജീവിക്കേണ്ടിയിരുന്നത്.
പടിഞ്ഞാറൻ മാധ്യമങ്ങളുടെ നിരന്തര വിമർശനങ്ങൾ തീർത്ത വെല്ലുവിളികൾ ഇതിനുപുറമെ. എല്ലാ ലോകകപ്പിനു നേരെയും അതിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് വിമർശനങ്ങളുണ്ടാവാറുണ്ട്. എന്നാൽ, ഇതുപോലെ ഘോരവും ആസൂത്രിതവുമായ വിമർശനങ്ങൾ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യം.
ലോകകപ്പിന് അരങ്ങൊരുക്കാൻ യോഗ്യരായ നിമിഷം മുതൽ ഖത്തറിനെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള അജണ്ടകളും വിമർശനങ്ങളും തെറ്റായ പ്രചാരണങ്ങളുമൊക്കെ പല കോണുകളിൽനിന്ന് ഉയരുന്നുണ്ട്. നിർഭാഗ്യകരമാണത്. അതിനു പിറകിൽ ആരാണെന്നും എന്താണവരുടെ ഉദ്ദേശ്യമെന്നുമൊക്കെ ചികഞ്ഞറിയാൻ ഞങ്ങൾ ആഗ്രഹിച്ചിട്ടില്ല.
ഖത്തറിനെതിരായ ദുരാരോപണങ്ങളൊന്നും ഞങ്ങളുടെ ആത്മവിശ്വാസത്തെയും അർപ്പണ മനോഭാവത്തെയും തരിമ്പുപോലും ബാധിച്ചിട്ടുമില്ല. ലോകകപ്പിന്റെ ഗംഭീരമായ സംഘാടനമാണ് നിരന്തര വിമർശനങ്ങളുമായി ഞങ്ങളെ ഉന്നമിടുന്നവർക്കുള്ള മറുപടിയെന്ന് ഞങ്ങൾ കരുതുന്നു.
രാജ്യത്തിന്റെയും ലോകകപ്പിന്റെയും മേഖലയുടെയും യശസ്സ് കാക്കുകയെന്നത് ഈ ഘട്ടത്തിൽ ഒരു വെല്ലുവിളി തന്നെയായിരുന്നു. ഇപ്പോൾ അതെല്ലാം മറികടന്ന് ഈ മഹാമേള യാഥാർഥ്യമാകുമ്പോൾ വിമർശനം ഉന്നയിച്ചവർ ഉൾപ്പെടെയുള്ളവരെ ഏറെ ഹൃദ്യമായി സ്വാഗതം ചെയ്ത് ഞങ്ങൾക്ക് പറയാനുള്ളത്...'വരൂ, ലോകകപ്പ് ആസ്വദിക്കൂ' എന്നാണ്.
⊿ ഖത്തറിലെ മലയാളി ഫുട്ബാൾ പ്രേമികൾ ലോകകപ്പ് ആവേശത്തിന്റെ മുന്നണിയിലുണ്ട്. അവരുടെ ആരവങ്ങളും ആഘോഷങ്ങളും കാണുമ്പോൾ എന്തുതോന്നുന്നു?
● ഈ ഘട്ടത്തിൽ ലോകത്തെ ഒരുപാട് സമൂഹങ്ങൾ, പ്രത്യേകിച്ച് ഇന്ത്യൻ ജനത ഞങ്ങൾക്കൊപ്പം അടിയുറച്ച് നിൽക്കുന്നതിൽ സന്തോഷമുണ്ട്. അതിൽതന്നെ കേരളത്തിലെ ജനങ്ങൾ, അത്രയേറെ ഫുട്ബാളിനെ സ്നേഹിക്കുന്നവരാണ്. പുറത്തുള്ളവർ കരുതുന്നത് ക്രിക്കറ്റാണ് അവിടുത്തെ നമ്പർ വൺ സ്പോർട്സ് എന്നാണ്.
എന്നാൽ, അങ്ങനെയല്ല, ഫുട്ബാളാണ് കേരളത്തിലെ കളിക്കമ്പക്കാർക്ക് കൂടുതൽ പ്രിയമുള്ള ഗെയിം. കേരളത്തിൽനിന്നുള്ള കായികപ്രേമികൾ ഇവിടെ വളരെ പ്രഫഷനലായ സംഘടനാ സംവിധാനത്തിൽ പ്രവർത്തിക്കുന്നവരാണ്. അവർ ടൂർണമെന്റുകൾ നടത്തുന്നുണ്ട്. സ്പോൺസർമാരുണ്ട്.
ഇന്ത്യക്കാരായ നിരവധി കളിയാരാധകരാണ് ഖത്തറിലുള്ളത്. ഇന്ത്യയിൽനിന്ന് ഇക്കുറി ഒരുപാടുപേർ ഈ ലോകകപ്പിനെത്തും. ജി.സി.സി രാജ്യങ്ങളിൽനിന്നും ഒട്ടേറെ ആരാധകരുണ്ടാവും. എല്ലാവരെയും ഞങ്ങൾ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്നു. വിമർശനങ്ങളും എതിർപ്പുകളുമൊന്നും ഞങ്ങൾ കാര്യമാക്കുന്നേയില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം ലോകം ഖത്തറിലേക്ക് വിരുന്നുവരുന്ന നാളുകളാണിനി.
ഖത്തറിലെത്തുന്ന എല്ലാ ആരാധകർക്കും, ഇവിടെ താമസിക്കുന്നവർക്കുമെല്ലാം വളരെ കരുത്തോടെ നൽകാൻ കഴിയുന്ന സന്ദേശം ഇതാണ്- 'ഇത് നിങ്ങളുടെ ലോകകപ്പാണ്. ഖത്തറിന്റെ ലോകകപ്പാണ്. ഇവിടുത്തെ പൗരന്മാരും താമസക്കാരുമെല്ലാം അതിന്റെ അവകാശികളാണ്'.
⊿ ഖത്തർ ഉൾപ്പെടെ കളിയെ അതിരറ്റ് പ്രണയിക്കുന്ന മധ്യപൂർവേഷ്യയിൽ ഫുട്ബാളിന്റെ വളർച്ചക്ക് ലോകകപ്പ് വഴിയൊരുക്കുമെന്ന് കരുതുന്നുണ്ടോ?
● മേഖലയിൽ ചെറിയ രാജ്യങ്ങളിൽ ഉൾപ്പെടെ കളിയുടെ വികാസത്തിന് ഇത് വലിയ ഊർജം പകരും. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അടക്കമുള്ള വമ്പൻ താരങ്ങൾ നിങ്ങളുടെ മൈതാനത്ത് കളിക്കുമ്പോൾ അത് അത്രമേൽ പ്രചോദനമാകുമെന്നുറപ്പ്. അതിനൊപ്പം ഭൂമിശാസ്ത്രം, കാലാവസ്ഥ, വലുപ്പം എന്നീ പരിഗണനകൾക്കെല്ലാം അതീതമായി എല്ലാ രാജ്യങ്ങൾക്കും ലോകകപ്പ് സംഘാടനമെന്ന അഭിമാനത്തിലേക്ക് വേദിയൊരുക്കാൻ ഇത് വാതിൽ തുറക്കുമെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.