മെസ്സിയുടെ പരിക്ക് ഗുരുതരമോ? മെഡിക്കൽ റിപ്പോർട്ട് പുറത്ത്
text_fieldsദോഹ: ലോകകപ്പിനൊരുങ്ങുന്ന അർജന്‍റീനയുടെ മുഴുവൻ പ്രതീക്ഷയും ക്യാപ്റ്റനും സൂപ്പർ താരവുമായ ലയണൽ മെസ്സിയിലാണ്. പി.എസ്.ജിയിൽ പരിശീലനത്തിനിടെ അദ്ദേഹത്തിന് പരിക്കേറ്റെന്ന വാർത്ത ആരാധകർ ഞെട്ടലോടെയാണ് കേട്ടത്. കാൽക്കുഴക്ക് പരിക്കേറ്റ മെസ്സിയെ ലോറിയന്‍റിനെതിരെ കളിപ്പിക്കാതിരുന്നതോടെ ആശങ്ക വർധിച്ചു. എന്നാൽ, അർജന്റീന ആരാധകർക്ക് ആശ്വാസ വാർത്ത എത്തിയിരിക്കുകയാണിപ്പോൾ.
താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളിൽ പരിശീലനം പുനരാരംഭിക്കും. മുൻകരുതൽ എന്ന നിലയിലാണ് കഴിഞ്ഞ മത്സരത്തിൽ മാറ്റിനിർത്തിയതെന്ന് പി.എസ്.ജി അധികൃതർ വ്യക്തമാക്കി. ലോകകപ്പിന് ഒരുങ്ങുന്നതിനായി അവസാന മത്സരത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് മെസ്സി പരിശീലകനോട് ആവശ്യപ്പെടുകയായിരുന്നു.
തകർപ്പൻ ഫോമിൽ കളിക്കുന്ന മെസ്സി സീസണിൽ ക്ലബിനായി 12 ഗോളും 14 അസിസ്റ്റും നേടിയിട്ടുണ്ട്. 1986ന് ശേഷം മെസ്സിയുടെ മികവിൽ ലോക കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് അർജന്റീന. 22ന് സൗദി അറേബ്യക്കെതിരെയാണ് ലോകകപ്പിൽ അവരുടെ ആദ്യ മത്സരം. അവസാന 35 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് അർജന്‍റീന ലോകകപ്പിന് എത്തുന്നത്. ഖത്തറിൽ തന്‍റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് മെസ്സി നേരത്തെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.