ലോകകപ്പ്: ഇസ്രായേൽ, ഫലസ്തീൻ കാണികൾ ഒന്നിച്ച് പറക്കും
text_fieldsദോഹ: ലോകകപ്പ് വേളയിൽ ഇസ്രായേലിലെ ടെൽ അവീവിൽ നിന്നും ദോഹയിലേക്ക് നേരിട്ട് വിമാന സർവിസിന് ധാരണയായി. ലോകകപ്പ് മാച്ച് ടിക്കറ്റും ഹയ്യാ കാർഡുമുള്ള ഇസ്രായേൽ, ഫലസ്തീൻ പൗരന്മാർ ദോഹയിലേക്ക് ഒന്നിച്ച് യാത്രചെയ്യുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ അറിയിച്ചു. ഖത്തറുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിലാണ് തെൽഅവീവിലെ ബെൻ ഗറിയോൺ വിമാനത്താവളത്തിൽ നിന്നും സ്‍പെഷൽ വിമാനങ്ങൾക്ക് ദോഹയിലേക്ക് പറക്കാൻ അനുമതി നൽകിയത്.
അതേസമയം, നയതന്ത്രം, ഫലസ്തീൻ ഉൾപ്പെടെ വിഷയങ്ങളിൽ ഖത്തറിന്റെ കർശനമായ നിലപാടിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാവില്ല. ലോകകപ്പ് മാച്ച് ടിക്കറ്റുള്ള കാണികൾക്ക് ദോഹയിലെത്തി കളി കണ്ടു മടങ്ങാൻ മാത്രമാണ് വിമാനയാത്രക്ക് അവസരമൊരുക്കിയതെന്ന് ഫിഫയെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. 3,900 ഇസ്രായേൽ പൗരന്മാരും 8,000 ഫലസ്തീൻ പൗരന്മാരുമാണ് ലോകകപ്പ് മാച്ച് ടിക്കറ്റ് എടുത്ത് ഹയ്യ കാർഡിനായി അപേക്ഷിച്ചത്.
അതേസമയം, ഫലസ്തീനികൾക്ക് പ്രവേശന നിയന്ത്രണമുള്ള ബെൻ ഗ്വിറോൺ വിമാനത്താവളം വഴി അവരുടെ യാത്രാ വിവരങ്ങൾ ഫിഫ വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ മേഖലയിലുള്ള ഫലസ്തീനികൾക്ക് ഗ്വിറോൺ വിമാനത്താവളത്തിലേക്ക് പ്രവേശനാനുമതിയില്ല. വെസ്റ്റ്ബാങ്കിൽ നിന്നുള്ള ഫലസ്തീനികൾ പൊതുവെ ജോർദാനിലെത്തിയാണ് വിമാന യാത്ര ചെയ്യാറ്. ഗസ്സയിൽ നിന്നുള്ളവർക്കും ബെൻ ഗ്വിറോൺ വിമാനത്താവളം വഴി യാത്രചെയ്യാൻ കഴിയില്ല.
ലോകകപ്പ് മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുള്ള കാണികൾക്കും നിബന്ധനകൾ പൂർത്തിയാക്കികൊണ്ട് കളികാണാനായി ദോഹയിലെത്താമെന്ന് ഫിഫ വക്താവ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.