ജപ്പാന് ഹൃദയം കൊണ്ട് പന്ത് കളിക്കുന്നു
text_fieldsഗ്രൂപ് 'എഫി'ലെ കൗതുകകരമായ മത്സരങ്ങള്‍ക്കൊടുവില്‍ ഗ്രൂപ് ചാമ്പ്യന്മാരായി മൊറോക്കോയും, ക്രൊയേഷ്യയും പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത് ഉറപ്പാക്കി. ഖത്തര്‍ ലോകകപ്പ് സമ്മാനിച്ച ആ ഓളങ്ങള്‍ക്ക് തിലകക്കുറിയായിരുന്നു ഗ്രൂപ് 'ഇ'യിലെ ജര്‍മനി -കോസ്റ്റോറിക്ക മത്സരവും, സ്പെയിന് - ജപ്പാന് മത്സരവും.
ഏഷ്യന്‍ ഫുട്ബോളില്‍ മാത്രമല്ല , ലോകഫുട്ബോളില് തന്നെ ഒരു അനിഷേധ്യശക്തിയായി വളരുന്ന ജപ്പാന് ടീമിനോടുള്ള ഇഷ്ടം കാരണം കൂടുതല്‍ ശ്രദ്ധയോടെ കാണാന്‍ ശ്രമിച്ചത് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്പെയിനും ജപ്പാനും തമ്മിലുള്ള കളിയായിരുന്നു.
ജീവന്മരണപോരാട്ടവേദിയായ ഗ്രൂപിലെ അവസാനമത്സരത്തിനോട് എല്ലാ അര്‍ത്ഥത്തിലും സാധൂകരിക്കുന്ന കളിയായിരുന്നു ഇരു ടീമുകളും കാഴ്ച വെച്ചത്. ജയം അനിവാര്യമായ ജപ്പാനും സ്പെയിനും അവരവരുടെ വിജയസരണികളെയും ശക്തിദൗര്‍ബല്യങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള തന്ത്രങ്ങളുമായി തന്നെയാണ് പന്ത് തട്ടിത്തുടങ്ങിയത്.
പതിവ് പോലെ സ്പെയിന് അവരുടെ ശൈലീമുദ്രയുള്ള പാസിങ് ഗെയിമിലൂടെ കളം പിടിച്ചു. പെഡ്രിയും, ഗാവിയും, അസ്പിയും, ഓള്‍മോയും , ബുസിയും മൈതാനം നിറഞ്ഞ് കൊടുക്കല്‍വാങ്ങലുകള്‍ നടത്തി
ജപ്പാന് ഗോള്‍മുഖം തുറന്നെടുക്കാന്‍ ശ്രമിച്ച് ആദ്യമേ അവരുടെ നയം വ്യക്തമാക്കി. കളിയുടെ 11ാം മിനുറ്റില്‍ തന്നെ അസ്പിലിക്വേറ്റയുടെ മനോഹരമായ ഒരു ക്രോസ് ബോള്‍ ഡെലിവറിക്ക് മൂര്‍ച്ഛയോടെ തല വെച്ച് സ്പെയിന് കളിഗതിക്കനുകൂലമായി ഗോള്‍ നേടി.
അനിവാര്യമായ ലീഡെടുത്തെങ്കിലും പിന്‍വലിയാതെ വീണ്ടും വീണ്ടും ജപ്പാന് ഗോള്‍മുഖം സ്പാനിഷ് അര്മഡകള് നിരന്തരമായി റെയ്ഡ് ചെയ്ത് കൊണ്ടിരുന്നു. പന്തിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോഴെല്ലാം ഒരു യൂണിറ്റായി കൗണ്ടര്പ്രസ് നടത്തി പന്ത് നേടിയെടുക്കുന്ന ഒരു ഗേഗന്‍ പ്രെസിങ് ശൈലിയില്‍ ബുസിയുടെ നേതൃത്വത്തില്‍ മധ്യനിര യന്ത്രസമാനം കര്‍മ്മനിരതരായിരുന്നു.
രണ്ടാം പകുതിയില്‍ ആക്രമണനിരയില്‍ രണ്ട് മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിറങ്ങിയ ജപ്പാന് തുടക്കം മുതല്‍ തങ്ങളുടെ വേഗത ഉപയോഗിച്ച് സ്പാനിഷ് ബോക്സിലേക്ക് ഇരച്ച് കയറാന്‍ തുടങ്ങി. ടൊയോട്ടക്കാരുടെ കുറിയതും ദൈര്‍ഘ്യമേറിയതുമായ പാസുകളിലൂടെയും, അതിസമ്മര്ദ്ദതന്ത്രങ്ങളിലൂടെയും പലപ്പോഴും സ്പെയിനുകാര്‍ പന്തുകള്‍ നഷ്ടപ്പെടുത്തികൊണ്ടേയിരുന്നു.
അങ്ങനെ നഷ്ടപ്പെട്ട ഒരു പന്ത് മനോഹരമായി കാലില്‍ കോര്‍ത്ത് മുമ്പോട്ട് നീങ്ങിയ ഡൊവാന് ഒരു കിടിലന്ഷോട്ടിലൂടെ ജപ്പാന്റെ സമനിലഗോള്‍ നേടി. വീണ്ടും ആക്രമണം തുടര്‍ന്ന ജപ്പാന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ രണ്ടാം ഗോളും നേടി.
മറുപുറത്ത് ജര്‍മനി മുന്നിട്ട് നില്‍ക്കുകയും, ഇവിടെ ലീഡെടുക്കുകയും ചെയ്തതോടെ ജപ്പാന് സന്ദര്‍ഭോചിതമായ പ്രതിരോധപദ്ധതികളിലേക്ക് കളിമാറ്റി. 4-5-1 ഘടനയിലേക്ക് മാറി ഡിഫന്‍സീവ് തേഡില്‍ ആളെണ്ണം കൂട്ടി തടയിടാന്‍ തുടങ്ങിയതോടെ സ്പാനിഷ് ടീം പാര്‍ശ്വങ്ങള്‍ കൂടുതല്‍ ഉപയോഗിച്ച് ആക്രമണം മെനഞ്ഞെങ്കിലും ജപ്പാന് പ്രതിരോധം അവയോട് ക്രിയാത്മകമായി പ്രതികരിച്ച് ദൃഢതയോടെ നിലയുറപ്പിച്ചു.
ഏറ്റവും പ്രശംസയര്‍ഹിക്കുന്നത് ജപ്പാന് കാണിച്ച ഡിഫന്‍സീവ് ഡിസിപ്ലിനും ആക്രമണത്തെ അസാധുവാക്കുന്ന ടെംപോയും കളിക്കാരുടെ അത്ലിറ്റിസിസവുമാണ്.
ഒരു ഏഷ്യന്‍ രാജ്യത്തിന്റെ പ്രീക്വാര്‍ട്ടര്‍ ബെര്‍ത് എന്നതിലുപരി ഏത് രാജ്യത്തോടും കിടപിടിക്കുന്നതില് സ്ഥിരതയുള്ള ഒരു ടീമായി ജപ്പാന് വളര്‍ന്ന് കൊണ്ടേയിരിക്കുന്നു എന്ന ഘടകമാണ് ഫുട്ബോള്‍ പ്രേമിയെന്ന നിലയില്‍ വ്യക്തിപരമായ മുഖ്യ ആകര്‍ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.