നിരാശപ്പെടുത്തി ജപ്പാൻ; വിജയം പിടിച്ചെടുത്ത് കോസ്റ്റാറിക്ക
text_fieldsദോഹ: ഖത്തറിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ കോസ്റ്റാറിക്കക്ക് വിജയം. കളിയുടെ 81ാം മിനിറ്റിൽ കെയ്ഷർ ഫുള്ളർ ആണ് കോസ്റ്റാറിക്കക്കായി ഗോൾ നേടിയത്. കളിയുടെ ഗതിക്ക് വിപരീതമായിട്ടായിരുന്നു ഗോൾ പിറന്നത്. ജപ്പാൻ നടത്തിയ നിരന്തര ആക്രമണങ്ങൾക്കിടെ കോസ്റ്ററിക്ക നടത്തിയ കൗണ്ടർ അറ്റാക്ക് വിജയം കാണുകയായിരുന്നു.
'ലാ സെലെ'എന്നറിയപ്പെടുന്ന കോസ്റ്റാറിക്കൻ ടീം മത്സരത്തിൽ നടത്തിയ ഒരേയൊരു ഓൺ ടാർഗറ്റ് ഷോട്ട് ഗോളിൽ കലാശിക്കുന്ന അപൂർവ്വ കാഴ്ച്ചക്കാണ് ബിൻ അലി സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. ടെജേഡയുടെ പാസിൽ നിന്ന് ഫുള്ളർ ഉയർത്തിവിട്ട പന്താണ് കളിയുടെ ഗതിനിർണയിച്ചത്. ജാപ്പനീസ് ഗോളി സൂഷി ഗോണ്ടയുടെ വിരലുകളിൽ സ്പർശിച്ചുകൊണ്ട് പന്ത് ഗോൾപോസ്റ്റിന്റെ വലതുമൂലയിൽ പതിക്കുകയായിരുന്നു. ഈ സമയം നാല് ജാപ്പനീസ് ഡിഫൻഡർമാർ പെനാൽറ്റി ബോക്സിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും ഫുള്ളറേയും അയാൾ നിന്നനിൽപ്പിൽ ഉയർത്തിവിട്ട പന്തിനേയും തടുക്കാനായില്ല.
പ്രതിരോധിച്ച് കോസ്റ്റാറിക്ക
അടുത്ത റൗണ്ട് പ്രതീക്ഷ നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന കോസ്റ്ററിക്ക പ്രതിരോധത്തിന് പ്രാധാന്യം നൽകിയാണ് കളി ആരംഭിച്ചത്. വ്യക്തമായ പ്ലാനിങ്ങുമായാണ് ഇരു ടീമുകകളും കളത്തിലിറങ്ങിയതെന്ന് തുടക്കംമുതൽതന്നെ വ്യക്തമായിരുന്നു. മികച്ച ആക്രമണ മുഹൂർത്തങ്ങൾ മത്സരത്തിൽ വിരളമായിരുന്നു. ആദ്യ പകുതിയിൽ പന്ത് കൂടുതലും കൈവശംവച്ചത് കോസ്റ്ററിക്കയാണ്. പതിയെ തുടങ്ങി ആക്രമണം കടുപ്പിക്കുക എന്നതായിരുന്നു ജപ്പാന്റെ തന്ത്രം. പൂർണമായും പ്രതിരോധിക്കാനും കിട്ടുന്ന അവസരം മുതലാക്കാനുമായിരുന്നു കോസ്റ്റാറിക്കയുടെ ശ്രമം. ഇരു ടീമുകളും തന്ത്രങ്ങൾ കൃത്യമായി മൈതാനത്ത് നടപ്പാക്കിയെങ്കിലും ഭാഗ്യം തുണച്ചത് കോസ്റ്റാറിക്കയെ ആയിരുന്നു.
അലകളുയർത്തി ജപ്പാൻ
രണ്ടാം പകുതിയിൽ ജപ്പാൻ ഇറങ്ങിയത് മികച്ച സബ്സ്റ്റിട്യൂഷനുകളുമായാണ്. വെറ്ററൻ ഡിഫൻഡർ നഗാറ്റോമോക്ക് പകരം ഇറ്റോ കളത്തിലിറങ്ങി. ആക്രമണത്തിൽ ഉയേഡക്ക് എകരം അസാനോയും വന്നു. ഇതോടെ ജപ്പാന്റെ ആക്രമണങ്ങൾക്ക് മൂർച്ച കൂടി. കോസ്റ്റാറിക്കൻ പകുതിയിലേക്ക് അലകളായി പടർന്നുകയറിയ ബ്ലൂ സമുറായീസ് ഏത് നേരവും ഗോൾ നേടുമെന്ന് തോന്നിപ്പിക്കുന്നുണ്ടായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽതെന്ന ജപ്പാന്റെ മോറിറ്റയുടെ ബുള്ളറ്റ് ഷോട്ട് കോസ്റ്ററിക്കൻ ക്യാപ്ടനും ഗോളിയുമായ കെയ്‍ലർ നവാസ് കുത്തിയകറ്റി. ജപ്പാന്റെ എൻഡോയെ വീഴ്ത്തിയതിന് പെനാൽറ്റി ബോക്സിന് തൊട്ടുപുറത്ത് ലഭിച്ച ഫ്രീ കിക്ക് ജപ്പാൻ പാഴാക്കി. ഈ ഫൗളിന് കോസ്റ്റാറിക്കയുടെ ബോർജെസിന് മഞ്ഞക്കാർഡും ലഭിച്ചു.
ജപ്പാന് ലഭിച്ച മറ്റൊരു അവസരവും ഫ്രീകിക്കിൽ നിന്നായിരുന്നു. ഗോളെന്ന് ഉറപ്പിച്ച് പന്തുമായി മുന്നേറിയ അസാനോയെ കോസ്റ്റാറിക്കൻ പ്രതിരോധക്കാരൻ കാൽവോ പുറകിൽ നിന്ന് വലിച്ച് വീഴ്ത്തിയതിനാണ് ഫ്രീ കിക്ക് ലഭിച്ചത്. എന്നാൽ കമാഡ എടുത്ത ഫ്രീ കിക്ക് കോസ്റ്റാറിക്കൻ പ്രതിരോധത്തിൽ തട്ടി തെറിക്കുകയായിരുന്നു. അവസാന നിമിഷങ്ങളിൽ ലഭിച്ച തുറന്ന അവസരംകൂടി പാഴാക്കിയതോടെ ഏഷ്യൻ കരുത്തന്മാർ നിരാശയോടെ മടങ്ങുകയായിരുന്നു.
കണക്കുകളിൽ മുന്നിൽ ജപ്പാൻ
കളിയിലെ കണക്കുകൾ പരിശോധിച്ചാൽ ജപ്പാനാണ് മുന്നിൽ. 57 ശതമാനം പൊസിഷനും 13 ഷോട്ടുകളും അഞ്ച് കോർണറുകളും അവർക്ക് ലഭിച്ചു. മറുവശത്ത് കോസ്റ്റാറിക്കക്ക് ഒരു കോർണർ പോലും നേടിയെടുക്കാനായില്ല. പാസ് ആക്യുറസിയിലും മൊത്തം പാസിലും ജപ്പാൻ തന്നെയാണ് മുന്നിൽ.
ജർമനിയോട് മത്സരിച്ച ടീമിൽനിന്ന് അഞ്ച് മാറ്റങ്ങളുമായാണ് ജപ്പാൻ കളത്തിലിറങ്ങിയത്. സകായ്, ടോമിയാസു എന്നിവർ പരിക്കുമൂലം പുറത്തിരുന്നു. കോസ്റ്ററിക്കയാകട്ടെ രണ്ട് മാറ്റങ്ങൾ മാത്രമാണ് വരുത്തിയത്. മാർട്ടിനസിന് പകരം വാട്സൻ പ്രതിരോധത്തിൽ കളിച്ചു. ആക്രമണത്തിന് പ്രാധാന്യം നൽകുന്ന 4-2-3-1 ഫോർമേഷനിലാണ് ജപ്പാൻ കളിച്ചത്. കോസ്റ്ററിക്കയാകട്ടെ 4-4-2 എന്ന പ്രതിരോധ പാറ്റേനാണ് സ്വീകരിച്ചിരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.