ഉദിക്കുമോ രാജസൂര്യൻ?
text_fieldsഉദയസൂര്യന്റെ നാടെന്ന വിശേഷണത്തെ മുറുകെപിടിച്ച് ഒരിക്കൽകൂടി യോഗ്യതമത്സരം ജയിച്ചുകയറിയ ജപ്പാൻ ലോക ഫുട്ബാൾ മാമാങ്കം നടക്കുന്ന ഖത്തറിലേക്കെത്തുന്നത് എതിരാളികളുടെ ശക്തിയോളം പോരാടണമെന്ന് മനസ്സിലുറപ്പിച്ചാണ്. എ.എഫ്.സി ഏഷ്യൻ യോഗ്യതമത്സരത്തിൽ ആസ്ട്രേലിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയതിലുള്ള ആത്മവിശ്വാസത്തിന്റെ മതിപ്പും ഖത്തറിലേക്കുള്ള യാത്രയിൽ കൂടെപ്പോരും. 2011ൽ ഖത്തറിന്റെ മണ്ണിൽനിന്ന് എ.എഫ്.സി ഏഷ്യൻ കിരീടമുയർത്തിയ ടീമിന് ഖത്തറിലെ ലോകകപ്പ് നേടാനാവുമെന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്.
1980കളുടെ അവസാനം വരെ ജപ്പാന് ഫുട്ബാൾ രംഗത്ത് വലിയ ആധിപത്യമൊന്നും നേടാനായിരുന്നില്ല. ജാപ്പനീസ് ഫുട്ബാളിനെ കൂടുതൽ പ്രഫഷനലാക്കി മാറ്റിയതോടെയാണ് 1990കൾക്കുശേഷം ഏഷ്യയിലെ മികച്ച ഫുട്ബാൾ രാജ്യമായി വളർന്നുപന്തലിച്ചത്. വലിയ വിജയങ്ങൾ നേടേണ്ടിയിരുന്ന മൈതാനങ്ങളിൽനിന്നെല്ലാം പരാജയം ഏറ്റുവാങ്ങി മടങ്ങേണ്ടിയും വന്നിട്ടുണ്ട്. 1998ലാണ് ആദ്യമായി ലോകകപ്പ് കളിക്കാൻ യോഗ്യത നേടിയത്. പിന്നീടൊരിക്കലും ആരാധകരെ മനംമടുപ്പിച്ചിട്ടില്ല. ഏഴു തവണ ലോകകപ്പ് മൈതാനത്ത് പന്തുതട്ടി. ഏഷ്യൻ കപ്പിൽ നാലു തവണ കിരീടം നേടിയ താരരാജാക്കന്മാരാണ് ഖത്തറിൽ പോരിനിറങ്ങുന്നത്.
കുന്തമുന
നാഗസാക്കിയിൽനിന്നുള്ള മായ യോശിദയാണ് ടീമിന്റെ നായകസ്ഥാനം വഹിക്കുന്നത്. അമ്മ യോശിദ ഗർഭം ധരിച്ച സമയത്ത് ജനിക്കുന്ന പെൺകുട്ടിക്ക് ഇടാൻ കരുതിവെച്ചതായിരുന്നു മായയെന്ന പേര്. ജനിച്ചത് ആൺകുട്ടിയാണെങ്കിലും പേര് മാറ്റിയില്ല. സഹോദരങ്ങളുമൊത്തുള്ള ഇടപഴകലിൽ മായയുടെ ഫുട്ബാളിലെ മികവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെ വൈകാതെ പ്രഫഷനൽ ഫുട്ബാൾ രംഗത്തെത്തി. സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന ഇദ്ദേഹത്തിന് ടീമിന്റെ ശക്തിയും ദൗർബല്യവും നന്നായി അറിയാം.
ഒരേ സമയം മൈതാനത്ത് വിവിധ പൊസിഷനിലുള്ളവർക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിൽ മികവുണ്ട്.
നിലവിൽ സ്കാൽകെ ക്ലബിൽ കളിക്കുന്ന ഇദ്ദേഹം അണ്ടർ 23 ജപ്പാൻ ടീമിലും കളിച്ചിട്ടുണ്ട്.
ആശാൻ
ജപ്പാൻ പ്രഫഷനൽ ഫുട്ബാൾ രംഗത്തേക്കു കടന്ന തൊണ്ണൂറുകളിൽ ടീമിലുണ്ടായിരുന്ന മിഡ്ഫീൽഡർ ഹാജിം മൊറിയാസുവാണ് ആശാൻ. ടീം നേരിട്ടിരുന്ന പ്രതിസന്ധികളെയും മറ്റും തരണംചെയ്തവരിൽ ഇദ്ദേഹത്തിന്റെ പേര് പ്രധാനപ്പെട്ടതാണ്. ഹൈസ്കൂൾ കാലം തൊട്ടേ ഫുട്ബാൾ രംഗത്തുള്ള ഇദ്ദേഹം 1987ലാണ് സാൻഫ്രസ് ഹിരോഷിമ ക്ലബിൽ പന്തുതട്ടിത്തുടങ്ങിയത്. ഹിരോഷിമക്കുവേണ്ടി നിരവധി മത്സരങ്ങൾ കളിക്കുകയും 34 ഗോളുകൾ നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. 1992ലാണ് ജപ്പാൻ ദേശീയ ടീമിലേക്കു കടന്നുവന്നത്. 1996 വരെ ദേശീയ ടീമിലും പന്തുതട്ടി. താൻ പന്തുതട്ടി തുടങ്ങിയ ഹിരോഷിമക്കുവേണ്ടിതന്നെ 2012ൽ ആദ്യമായി പരിശീലന ചുമതലയും ഏറ്റെടുത്തു. റഷ്യയിൽ നടന്ന ലോകകപ്പ് തൊട്ട് ജപ്പാൻ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.