ബൂട്ടും പന്തും കാൻവാസാക്കിയ കാൻററോ ഖത്തർ ലോകകപ്പിന്
text_fieldsദോഹ: ഫുട്ബാൾ ഇതിഹാസങ്ങളായ റൊണാൾഡീന്യോക്കും ലയണൽ മെസ്സിക്കും വേണ്ടി ബൂട്ടുകളിൽ പെയിൻറിങ് ചെയ്ത് പ്രമുഖയായ പരാഗ്വൻ കലാകാരി ലിലി കാൻററോ ഖത്തറിലേക്ക് പറക്കാനുള്ള തയാറെടുപ്പിലാണ്. ലോകകപ്പിന് തന്റെ സൃഷ്ടികളിലൂടെ ഒരു പുതിയ വർണാഭമായ പ്രദർശനത്തിനുള്ള ഒരുക്കത്തിലാണെന്ന് ഇവർ. മിഡിലീസ്റ്റിലെ ആദ്യ ലോകകപ്പ് വേദിയായ ദോഹയിൽനിന്നും പ്രചോദനമുൾക്കൊണ്ട് രണ്ട് ഡസൻ ബൂട്ടുകളും കാൻവാസുകളും പന്തുകളുമാണ് അസുൻസിയോണിൽ ജനിച്ച കാൻററോ പെയിൻറിങ്ങിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
അർജൻറീനിയൻ ഇതിഹാസമായ മെസ്സി ബാഴ്സലോണയിൽ കളിക്കുമ്പോൾ ഇവർ അയച്ചുകൊടുത്ത ഒരു ജോഡി ബൂട്ടുകൾ വാർത്തകളിലിടം നേടിയിരുന്നു. മെസ്സിയുടെയും കുടുംബത്തിെൻറയും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് കാൻററോയുടെ കൈകളാൽ ബൂട്ടുകളിൽ പതിഞ്ഞത്. അയച്ചുകൊടുത്ത ബൂട്ട് താരം സ്വീകരിക്കുമോ എന്ന് കാൻററോക്ക് അറിയുമായിരുന്നില്ല. എന്നാൽ അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് പെയിൻറ് ചെയ്ത ബൂട്ടുകൾ പിടിച്ചുനിൽക്കുന്ന മെസ്സിയുടെ ഫോട്ടോ അവളെ തേടിയെത്തി. ഏറെ വ്യത്യസ്തമായ ഈ പെയിൻറിങ് ജോലി ഉപേക്ഷിക്കാൻ ആലോചിക്കുന്ന സമയത്തായിരുന്നു ലയണൽ മെസ്സിയുടെ ചിത്രമെത്തിയത്. അതോടെ, തന്റെ പെയിന്റിങ് പരീക്ഷണം സീരിയസായി മാറിയെന്ന് കാന്ററോ പറയുന്നു.
സ്വന്തം പേരിൽ സ്പോർട്സ് വെയർ ബ്രാൻഡ് സൃഷ്ടിക്കാനും പരാഗ്വൻ കലയെ ആഗോള മുഖ്യധാരയിലേക്കെത്തിക്കുന്നതിന് പരിശ്രമിക്കുകയും ചെയ്യുകയാണ് ഇവർ. 'ഇതൊരു നല്ല നിമിഷമായിരുന്നു. കാരണം, നിരവധി വാതിലുകളാണ് എനിക്കു മുന്നിൽ തുറക്കപ്പെട്ടത്. മെസ്സിയുടെ പെയിന്റിങ്ങിനു ലഭിച്ച അംഗീകാരം എന്റെ കരിയറിന്റെ വഴിത്തിരിവായി മാറുകയായിരുന്നു' -അവർ പറയുന്നു.
കാൻററോയുടെ വർണാഭമായ ഡിസൈനുകൾ മറ്റു കളിക്കാരുടെ ശ്രദ്ധ ആകർഷിച്ചു. രണ്ടു വർഷം മുമ്പ് ബ്രസീൽ മുൻ ഇതിഹാസതാരം റൊണാൾഡീന്യോയെ കണ്ടു മുട്ടിയപ്പോൾ, 2005ൽ ബാളൺഡോർ നേടിയതിനുശേഷം അമ്മക്ക് ചുംബനം നൽകുന്ന ചിത്രം പെയിൻറ് ചെയ്ത ബൂട്ടുകളും പന്തും കൈമാറുകയും ചെയ്തു. ബ്രസീൽ, ജർമനി, ഇറ്റലി, അർജൻറീന, ഉറുഗ്വായ്, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങൾക്ക് ആദരസൂചകമായി പെയിൻറിങ് ചെയ്ത എട്ട് പന്തുകൾ ഖത്തറിൽ പ്രദർശിപ്പിക്കാനാണ് കാൻററോ പദ്ധതിയിടുന്നത്.
ലോകകപ്പിനായി ഖത്തർ നിർമിച്ച എട്ട് സ്റ്റേഡിയങ്ങൾ പുനരാവിഷ്കരിക്കുന്ന ത്രിമാന ബൂട്ടുകളും അവർ അവതരിപ്പിക്കും. ശേഷിക്കുന്ന പരമ്പരയിൽ ഖത്തരി, പരാഗ്വേ സംസ്കാരങ്ങളുടെ സമന്വയവുമാണ് ആവിഷ്കരിക്കുക. മൂന്നു വർഷമായി ഇതിന്റെ പിറകെയാണെന്നും ഈ ലോകകപ്പിൽ എന്റെ രാജ്യത്തെ പ്രതിനിധാനംചെയ്യാൻ സാധിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും കാൻററോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.