എസ്കോബാറിന്റെ ജഴ്സി '58ലെ പന്ത് ലോകകപ്പ് കാഴ്ചകളേറെയാണിവിടെ
text_fieldsകതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷന്റെ 18ാം നമ്പർ ബിൽഡിങ്ങിലേക്ക് കയറുമ്പോൾ ആദ്യം സ്വാഗതം ചെയ്യുന്നത് ഗോളടിച്ചതിനുശേഷമുള്ള ലയണൽ മെസ്സിയുടെ ആഹ്ലാദപ്രകടനത്തിന്റെ വലിയൊരു ഫോട്ടോയാണ്. പിന്നാലെ ലോകഫുട്ബാളിലെ മിന്നും താരങ്ങളുടെ വമ്പൻ ഫോട്ടോകൾ. അതുകഴിഞ്ഞാൽ, കളം ഭരിച്ച താരപ്രമുഖരുടെ ജീവൻ തുടിക്കുന്ന പോർട്രെയ്റ്റ് ചിത്രങ്ങളുടെ വലിയൊരു നിര. പിന്നെ ജഴ്സികൾ, സുവനീറുകൾ, പന്തുകൾ, നാണയങ്ങൾ, സ്റ്റാമ്പുകൾ... ഖത്തറിൽ ലോകകപ്പ് മാമാങ്കം അവസാനത്തിലേക്കടുക്കുമ്പോൾ, കതാറയിൽ ലോകകപ്പിനെക്കുറിച്ചുള്ള അറിവുകളും അപൂർവ ശേഖരങ്ങളുമടങ്ങിയ പ്രദർശനം വിജയകരമായി മുന്നേറുകയാണ്.
ദോഹ സ്വദേശിയായ ഡോ. ഖാലിദ് ഖലീൽ അമീറിന്റെ വ്യക്തിപരമായ താൽപര്യങ്ങളാണ് ഈ പ്രദർശനത്തിന് ഊടും പാവും നൽകിയിരിക്കുന്നത്. ചെറുപ്പത്തിൽ ഫുട്ബാൾ ടൂർണമെന്റിൽ പങ്കെടുത്തപ്പോൾ സമ്മാനമായി കിട്ടിയ വെങ്കല മെഡൽ ഖത്തർ യൂത്ത് ടീമിന് ലഭിച്ചതായിരുന്നുവെന്ന് തിരിച്ചറിഞ്ഞ നാളുകളിലാണ് അതിനോട് ഏറെ പ്രിയം തോന്നുകയും അതുപോലുള്ള അപൂർവ വസ്തുക്കൾ ശേഖരിക്കാൻ തുടങ്ങുകയും ചെയ്തതെന്ന് ഡോ. ഖാലിദ് പറയുന്നു. ഇപ്പോൾ രണ്ടു പതിറ്റാണ്ടത്തെ ശേഖരത്തിൽ അമൂല്യമായ പലതുമുണ്ട്. ബ്രസീലിലെ സാവോപോളോ സ്വദേശി പൗളോ ഡുയെക്, ജർമൻകാരനായ കെൻ ഗിൽബർട്ട്, ഖത്തർ സ്വദേശിയായ അഹ്മദ് ഈസ അൽ മുഹമ്മദി, ഇറ്റലിക്കാരനായ മാറ്റിയോ മെലോദിയ എന്നിവരുടെയും പല അപൂർവ ശേഖരങ്ങളും പ്രദർശനത്തിലുണ്ട്.
1990 ലോകകപ്പിൽ അസാമാന്യ രക്ഷപ്പെടുത്തലുകളിലൂടെ അർജന്റീനയെ ഫൈനലിലേക്ക് നയിച്ച വേളയിൽ ഗോളി സെർജിയോ ഗൊയ്ക്കോഷ്യ അണിഞ്ഞതുമുതൽ ഖത്തറിൽ മെക്സികോയുടെ ഗോൾവല കാത്ത ഗ്വില്ലർമോ ഒച്ചോവ 2014 ബ്രസീൽ ലോകകപ്പിൽ അണിഞ്ഞതുവരെയുള്ള വിവിധ ഗോൾകീപ്പിങ് ജഴ്സികളും സന്ദർശകരെ കാത്തിരിക്കുന്നു. സെൽഫ് ഗോളിന്റെ പിഴവിന് ജീവൻ ബലികൊടുക്കേണ്ടിവന്ന കൊളംബിയൻ താരം ആന്ദ്രേ എസ്കോബാർ 1994 ലോകകപ്പിൽ അണിഞ്ഞ ജഴ്സി നൊമ്പരത്തോടെയല്ലാതെ കണ്ടുനിൽക്കാനാവില്ല.
1974ലെ ടീമിൽ റിവെലിനോയും 1994 ലോകകപ്പിൽ റൊമാരിയോയും അണിഞ്ഞ വിഖ്യാത ബ്രസീൽ ജഴ്സികളും ആരാധകരുടെ ശ്രദ്ധയാകർഷിക്കുന്നു.
1930 മുതലുള്ള മുഴുവൻ ലോകകപ്പ് സുവനീറുകളും പ്രദർശനത്തിലുണ്ട്. വിവിധ ലോകകപ്പുകളിൽ ഉപയോഗിച്ച ഔദ്യോഗിക പന്തുകൾക്കും നാണയങ്ങൾക്കും പുറമെ ലോകകപ്പിനോടനുബന്ധിച്ച് പുറത്തിറക്കുന്ന പനീനി സ്റ്റിക്കറുകളും കളിപ്പാട്ടങ്ങളും കൗതുകം പകരുന്നവയാണ്. 1958 ലോകകപ്പിൽ ഉപയോഗിച്ച പന്തും ബൂട്ടും കാഴ്ചക്കാരെ ഏറെ ആകർഷിക്കുന്നു. ലൂയി ഫിഗോ, മൈക്കൽ ഓവൻ, പാട്രിക് വിയേര, ആന്ദ്രിയാസ് ബ്രെഹ്മെ, ഹെർനാൻ ക്രെസ്പോ തുടങ്ങി ലയണൽ മെസ്സി 2018 ലോകകപ്പിലെ ഫ്രാൻസിനെതിരായ കളിയിൽ അണിഞ്ഞതടക്കമുള്ള 120ലേറെ ജഴ്സികൾ എക്സിബിഷനിലുണ്ട്. ബൾഗേറിയക്കാരിയായ നതാലിയ സന്ദർശകരുടെ സംശയങ്ങൾക്ക് മറുപടിയുമായി പ്രദർശന ഹാളിൽ സജീവമാണ്. ഖത്തർ ഫുട്ബാളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഫോട്ടോകളുമൊക്കെയായി പ്രത്യേക പ്രദർശനം തന്നെയുമുണ്ട്.
1973ൽ പെലെ അൽ അഹ്ലി ക്ലബ് സന്ദർശിക്കാനെത്തിയതിന്റെ രണ്ടു ചിത്രങ്ങൾ ഓയിൽ കാൻവാസിൽ ഹസ്സ അൽ മുറൈഖി വരച്ചിരിക്കുന്നു. ഖത്തർ ഫുട്ബാളിലെ മിന്നും താരങ്ങളും അഭിമാന മുഹൂർത്തങ്ങളുമൊക്കെ അതിനായൊരുക്കിയ മുറിയിൽ വർണങ്ങളിലും കറുപ്പിലും വെളുപ്പിലുമൊക്ക മനോഹരമായി പകർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.