ഇറാനെതിരായ ക്ലിൻസ്മാന്റെ പരാമർശം ഫുട്‌ബാളിന് നാണക്കേട്; ഫിഫയിൽനിന്ന് രാജിവെക്കണം -ക്വിറോസ്
text_fieldsദോഹ: ഇറാൻ ടീമിനെ കുറിച്ചുള്ള മുൻ ജർമൻ ടീം ക്യാപ്റ്റൻ യുർഗൻ ക്ലിൻസ്മാന്റെ പരാമർശം ഫുട്‌ബാളിന് നാണക്കേടാണെന്നും ഫിഫയുടെ ടെക്‌നിക്കൽ സ്റ്റഡി ഗ്രൂപ്പിലെ തന്റെ പദവിയിൽനിന്ന് രാജിവെക്കാൻ അദ്ദേഹം തയാറാകണമെന്നും ഇറാൻ പരിശീലകൻ കാർലോസ് ക്വിറോസ്. ലോകകപ്പിൽ വെള്ളിയാഴ്ച ഇറാൻ വെയ്ൽസിനെതിരെ വിജയിച്ച ശേഷം ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് ഇറാനിയൻ കളിക്കാർക്ക് റഫറിമാരെ അപമാനിക്കുന്ന പ്രവണതയുണ്ടെന്നും ആ തന്ത്രം പയറ്റാൻ മാനേജർ എന്ന നിലയിൽ ക്വിറോസ് അനുയോജ്യനാണെന്നും അഭിപ്രായപ്പെട്ടത്.
"അതാണ് അവരുടെ സംസ്കാരം, അതാണ് അവരുടെ രീതി. അതുകൊണ്ടാണ് കാർലോസ് ക്വിറോസ് ഇറാനിയൻ ദേശീയ ടീമുമായി നന്നായി യോജിക്കുന്നത്. തെക്കേ അമേരിക്കയിൽ കൊളംബിയക്കും തുടർന്ന് ഈജിപ്തിനും യോഗ്യത നേടിക്കൊടുക്കുന്നതിലും അദ്ദേഹം പരാജയപ്പെട്ടു. ലോകകപ്പിന് തൊട്ടുമുമ്പ് അദ്ദേഹം തിരിച്ച് താൻ ദീർഘകാലം പ്രവർത്തിച്ച ഇറാനിലെത്തുകയായിരുന്നു. ഇത് യാദൃശ്ചികമല്ല, എല്ലാം മനഃപൂർവമാണ്. ഇത് അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അത് റഫറിക്കെതിരെ നടപ്പാക്കി. ബെഞ്ച് എപ്പോഴും ചാടിയെഴുന്നേറ്റു, ലൈൻമാനും മറ്റുമെതിരെ തിരിഞ്ഞു. അവർ നിങ്ങളുടെ ശ്രദ്ധയും ഏകാഗ്രതയും നഷ്‌ടപ്പെടുത്തുന്നു, അവർക്ക് ശരിക്കും എന്താണ് പ്രധാനം'', എന്നിങ്ങനെയായിരുന്നു ക്ലിൻസ്മാന്റെ വിമർശനങ്ങൾ.
എന്നാൽ, ട്വിറ്ററിലൂടെ ക്വിറോസ് ക്ലിൻസ്മാനെതിരെ തിരിച്ചടിച്ചു. ''ഇറാൻ സംസ്കാരത്തെയും ദേശീയ ടീമിനെയും എന്റെ കളിക്കാരെയും കുറിച്ചുള്ള ആ പരാമർശങ്ങൾ ഫുട്ബാളിന് നാണക്കേടാണ്. അങ്ങനെയാണെങ്കിലും ഞങ്ങളുടെ ദേശീയ ടീം ക്യാമ്പിലേക്ക് വരാനും ഇറാൻ കളിക്കാരുമായി ഇടപഴകാനും അവരിൽനിന്ന് രാജ്യത്തെയും ജനങ്ങളെയും കവികളെയും കലയെയും ബീജഗണിതത്തെയും കുറിച്ച് പഠിക്കാനും ഞങ്ങളുടെ അതിഥിയായി നിങ്ങളെ ക്ഷണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ കളിക്കാർ ഫുട്ബാളിനെ എത്രമാത്രം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും അവരിൽനിന്ന് ശ്രദ്ധിക്കുക. നിങ്ങളുടെ പിന്തുണയില്ലെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഒരു പ്രശ്നവുമില്ല. നിങ്ങളുടെ പരാമർശങ്ങൾക്കിടയിലും നിങ്ങളുടെ സംസ്കാരം, വേരുകൾ, പശ്ചാത്തലം എന്നിവയെക്കുറിച്ച് ഞങ്ങൾ ഒരു വിധിയും പുറപ്പെടുവിക്കില്ലെന്നും ഞങ്ങളുടെ കുടുംബത്തിലേക്ക് നിങ്ങളെ എപ്പോഴും സ്വാഗതം ചെയ്യുമെന്നും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. അതേസമയം, ലോകകപ്പ് ടെക്‌നിക്കൽ സ്റ്റഡി ഗ്രൂപ്പിലെ അംഗമെന്ന നിലയിൽ നിങ്ങളുടെ സ്ഥാനം സംബന്ധിച്ച് ഫിഫയുടെ തീരുമാനം എന്തായിരിക്കുമെന്ന് പൂർണ ശ്രദ്ധയോടെ പിന്തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കാരണം, ഞങ്ങളുടെ ക്യാമ്പ് സന്ദർശിക്കുന്നതിന് മുമ്പ് നിങ്ങൾ രാജിവെക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു'', അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.