സി.പി.എമ്മിൽ 'സോക്കർ വിഭാഗീയത'; മഞ്ഞയും നീലയുമായി തിരിഞ്ഞ് നേതാക്കൾ
text_fieldsതിരുവനന്തപുരം: കാൽപന്തുകളിയുടെ ലോകസിംഹാസനത്തിനായുള്ള പോരാട്ടം അടുക്കവെ സി.പി.എമ്മിൽ 'വിഭാഗീയത' ശക്തം. 'ഇത്തവണ ബ്രസീല്‍ പിടിക്കുമെന്ന' വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് പാർട്ടിയിലെ സോക്കർ പോര് മറനീക്കി പുറത്തുകൊണ്ടുവന്നത്.
മുന്‍ മന്ത്രിമാരായ എം.എം. മണിയെയും കടകംപള്ളി സുരേന്ദ്രനെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു ശിവന്‍കുട്ടിയുടെ പരാമർശം. ഇതോടെ മന്ത്രിയുടെ കമന്‍റ് ബോക്സിലേക്ക് അർജന്‍റീന പക്ഷക്കാരായ സി.പി.എം നേതാക്കളുടെ കടന്നാക്രമണമുണ്ടായി. ബ്രസീൽ തിരിച്ചുള്ള ആദ്യ ഫ്ലൈറ്റ് പിടിക്കാതിരിക്കട്ടെ, സെമിവരെയെങ്കിലും എത്തണേ എന്ന് കടുത്ത അര്‍ജന്‍റീനിയൻ ആരാധകനായ എം.എം. മണി തിരിച്ചടിച്ചു. ഈ കപ്പ് കണ്ട് പനിക്കണ്ട സഖാവേ, ഇത് ഞാനും മണിയാശാനും കൂടി ഇങ്ങ് എടുത്തെന്നാണ് വി.കെ. പ്രശാന്ത് എം.എൽ.എ പ്രതികരിച്ചത്.
മണിക്ക് പിന്തുണയുമായി തിരുവമ്പാടി എം.എൽ.എ ലിന്‍റോ ജോസഫും എം. വിജിനും രംഗത്തെത്തിയതോടെ കളത്തിൽ ശിവൻകുട്ടി ഒറ്റപ്പെട്ടു. ഇതിനിടെ യുവ എം.എൽ.എ സച്ചിൻദേവ് മന്ത്രിയുടെ രക്ഷക്കെത്തി. കുന്നത്തുനാട് എം.എൽ.എ വി.പി. ശ്രീനിജന്‍റെ നിലപാട് ഇരുപക്ഷത്തെയും കുഴപ്പിച്ചു. 'കപ്പ് മഞ്ഞക്കുമില്ല, നീലക്കുമില്ല. ഇംഗ്ലണ്ടിനുതന്നെ' ശ്രീനിജൻ വ്യക്തമാക്കി. 'നടന്നതുതന്നെ' എന്നായിരുന്നു ശിവൻകുട്ടിയുടെ മറുപടി.നേതാക്കൾ തമ്മിലെ പോരുവിളി ശക്തമായതോടെ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ വിഷയത്തിൽ ഇടപെട്ടു.
കോപ്പ അമേരിക്ക കീഴടക്കി, ഫൈനലിസിമയും നേടി, അര്‍ജന്‍റീനതന്നെ ലോകകപ്പിലും മുത്തമിടും, വാമോസ് അര്‍ജന്‍റീന' -ജയരാജൻ നയം വ്യക്തമാക്കി. എന്നാൽ, പരസ്യമായി ജയരാജനെ തള്ളി ശിവൻകുട്ടി രംഗത്തെത്തി. 'ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ല സഖാവേ' എന്ന് മന്ത്രി തീർത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.